യുകെയിലെ ഇന്ത്യന്‍ വോട്ടര്‍മാരെ ചാക്കിട്ട് പിടിക്കാന്‍ സിഖ് തലപ്പാവണിഞ്ഞ് ഗുരുദ്വാരയിലെത്തി ബോറിസ്; പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത് ചപ്പാത്തിയും ദാലും കഴിച്ചു; പാക്കിസ്ഥാനികള്‍ ലേബറിനൊപ്പം അണിനിരന്നപ്പോള്‍ ഇന്ത്യക്കാരെ സോപ്പിടാന്‍ പ്രധാനമന്ത്രി

യുകെയിലെ ഇന്ത്യന്‍ വോട്ടര്‍മാരെ ചാക്കിട്ട് പിടിക്കാന്‍ സിഖ് തലപ്പാവണിഞ്ഞ് ഗുരുദ്വാരയിലെത്തി ബോറിസ്; പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത് ചപ്പാത്തിയും ദാലും കഴിച്ചു; പാക്കിസ്ഥാനികള്‍ ലേബറിനൊപ്പം അണിനിരന്നപ്പോള്‍ ഇന്ത്യക്കാരെ സോപ്പിടാന്‍ പ്രധാനമന്ത്രി
ഡിസംബര്‍ 12ന് നടക്കാനിരിക്കുന്ന യുകെയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടേറിയപ്പോള്‍ യുകെയിലെ ഇന്ത്യന്‍ വോട്ടര്‍മാരെ ചാക്കിട്ട് പിടിക്കാന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ ലണ്ടനിലെ സിഖ് ഗുരുദ്വാരയില്‍ സര്‍ദാര്‍ജി വേഷമണിഞ്ഞെത്തി...!!.ലണ്ടനിലെ സൗത്ത്ഹാളിലുളള ശ്രീ ഗുരു സഭ സിഖ് ഗുരുദ്വാരയിലെത്തിയ ബോറിസ് സിഖുകാരുടെ തലപ്പാവണിഞ്ഞ് പ്രാര്‍ത്ഥനയില്‍ പങ്കാളിയാവുകയും സിഖുകാര്‍ക്കൊപ്പമിരുന്ന് ചപ്പാത്തിയും ദാലും കഴിക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.

യുകെയിലെ പാക്കിസ്ഥാന്‍ കാരുടെ വോട്ടുകളെല്ലാം ലേബര്‍ പാര്‍ട്ടിക്ക് ലഭിക്കുമെന്നുറപ്പായ സാഹചര്യത്തില്‍ സിഖുകാരടക്കമുള്ള യുകെയിലെ ഇന്ത്യക്കാരുടെ വോട്ടുകള്‍ നേടാനാണ് പ്രധാനമന്ത്രി ഈ വേഷപ്പകര്‍ച്ച നടത്തിയിരിക്കുന്നതെന്ന് സൂചനയുണ്ട്.പഞ്ചാബി സിഖുകാരുടെ സാമ്പ്രദായിക ആഹാരം കഴിച്ചതിന് പുറമെ ഭക്തര്‍ സമ്മാനിച്ച സമ്മാനങ്ങള്‍ സ്വീകരിക്കാനും പ്രധാനമന്ത്രി സന്മനസ് കാട്ടിയിരുന്നു.സിഖ് യുവാക്കളുടെ ഇഷ്ട തലപ്പാവായ ഓറഞ്ച് പട്കയാണ് ബോറിസ് ഈ ദേവാലയ സന്ദര്‍ശനത്തിനിടെ ധരിച്ചത്.

കാശ്മീര്‍ വിഷയത്തില്‍ പാക്ക് അനുകൂല നിലപാട് സ്വീകരിച്ചതിനെ തുടര്‍ന്നാണ് യുകെയിലെ പാക്ക് വോട്ടര്‍മാര്‍ ലേബര്‍ പാര്‍ട്ടിയോയും നേതാവ് ജെറമി കോര്‍ബിനോടും അനുകൂല നിലപാട് പുലര്‍ത്താന്‍ തുടങ്ങിയിരിക്കുന്നത്. എന്നാല്‍ കാശ്മീര്‍ ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും അഭ്യന്തര കാര്യമായതിനാല്‍ അതില്‍ ഇടപെടില്ലെന്ന ശക്തമായ നിലപാടാണ് ടോറികള്‍ പുലര്‍ത്തിയിരിക്കുന്നത്. അതിനാല്‍ പാക്ക് വോട്ടുകള്‍ തങ്ങള്‍ക്ക് ലഭിക്കില്ലെന്ന ഭയം ബോറിസിനെ അലട്ടുന്നതിനാല്‍ ആ നഷ്ടം ഇന്ത്യന്‍ വോട്ടുകള്‍ പരമാവധി നേടി നികത്താനാണ് ബോറിസ് ശ്രമിക്കുന്നത്.

അതിന്റെ ഭാഗമായിട്ടാണ് അദ്ദേഹം ഇപ്പോള്‍ ഗുരുദ്വാര സന്ദര്‍ശനം പോലുള്ള പരിപാടികള്‍ പ്രചാരണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.കണ്‍സര്‍വേറ്റീവുകള്‍ക്ക് 2017ന് ശേഷം ഏറ്റവും കൂടുതല്‍ ജനപിന്തുണ അടുത്ത തെരഞ്ഞെടുപ്പില്‍ ലഭിക്കുമെന്നാണ് കഴിഞ്ഞ രാത്രി പുറത്ത് വന്ന ഒപ്പീനിയന്‍ പോള്‍ പ്രവചിച്ചിരിക്കുന്നത്. ഇപ്പോള്‍ ബ്രെക്സിറ്റിന്റെ പേരിലുള്ള സ്തംഭനാവസ്ഥ അവസാനിപ്പിക്കാനുള്ളതെരഞ്ഞെടുപ്പായിട്ടാണ് ഡിസംബറിലെ തെരഞ്ഞെടുപ്പിനെ കണക്കാക്കുന്നത്.

യുകെ യൂറോപ്യന്‍ യൂണിയനോട് ഗുഡ് ബൈ പറയുന്നതിനെ അനുകൂലിച്ച് രാജ്യത്തെ ഭൂരിഭാഗം പേരും 2016ലെ റഫറണ്ടത്തില്‍ വോട്ട് കുത്തിയതിന് ശേഷം ആദ്യമായി നടക്കുന്ന തെരഞ്ഞെടുപ്പുമാണിത്. ഇതില്‍ ഇന്ത്യക്കാരും പാക്കിസ്ഥാനികളുമടക്കമുള്ള കുടിയേറ്റക്കാരുടെ വോട്ടുകള്‍ ഏറെ നിര്‍ണായകമാണെന്നും വിലയിരുത്തപ്പെടുന്നുണ്ട്. അതിനാല്‍ ഇവരുടെ വോട്ടുകള്‍ നേടാന്‍ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളെല്ലാം കടുത്ത തന്ത്രങ്ങളാണ് മത്സരാത്മകമായി മെനഞ്ഞ് കൊണ്ടിരിക്കുന്നത്.

Other News in this category4malayalees Recommends