ചരിത്ര നഗരമായ ആഗ്രയുടെ പേര് മാറ്റാന്‍ ഒരുങ്ങി ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍; അഗ്രവാന്‍ എന്നാക്കാന്‍ ആലോചന; തീരുമാനം അലഹാബാദിന്റെ പേര് പ്രയാഗ് രാജ് എന്നു മാറ്റിയതിനു പിന്നാലെ

ചരിത്ര നഗരമായ ആഗ്രയുടെ പേര് മാറ്റാന്‍ ഒരുങ്ങി ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍; അഗ്രവാന്‍ എന്നാക്കാന്‍ ആലോചന; തീരുമാനം അലഹാബാദിന്റെ പേര് പ്രയാഗ് രാജ് എന്നു മാറ്റിയതിനു പിന്നാലെ

താജ് മഹല്‍ സ്ഥിതി ചെയ്യുന്ന ചരിത്ര നഗരമായ ആഗ്രയുടെ പേര് മാറ്റാന്‍ ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ നീക്കം തുടങ്ങി. ആഗ്രയുടെ പേര് അഗ്രവാന്‍ എന്നു മാറ്റാനാണ് ആലോചന. ഇക്കാര്യത്തില്‍ പരിശോധന നടത്താന്‍ ചരിത്ര ഗവേഷകര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ആഗ്രയിലെ അംബേദ്കര്‍ സര്‍വകലാശാലയ്ക്ക് ഇക്കാര്യം ആവശ്യപ്പെട്ട് സര്‍ക്കാര്‍ കത്തയച്ചു. ആഗ്ര മറ്റേതെങ്കിലും പേരുകളില്‍ അറിയപ്പെട്ടിരുന്നോ എന്നു പരിശോധിക്കാനാണ് നിര്‍ദേശം. സര്‍ക്കാര്‍ നിര്‍ദേശം ലഭിച്ചിട്ടുണ്ടെന്നും ഇതില്‍ പരിശോധന തുടങ്ങിയതായും സര്‍വകലാശാലയിലെ ചരിത്ര വിഭാഗം മേധാവി പ്രഫ. സുഗമം ആനന്ദ് പറഞ്ഞു.


ആഗ്രയുടെ പേര് അഗ്രവാന്‍ എന്നായിരുന്നെന്ന് ചില ചരിത്ര ഗവേഷകര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഈ പേര് എങ്ങനെ ആഗ്ര എന്നായി മാറിയെന്നു പരിശോധിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. അഗ്രവാന്‍ എന്ന് ആഗ്രയുടെ പേരു മാറ്റണമന്ന് അടുത്തിടെ അന്തരിച്ച ബിജെപി എംഎല്‍എ ജഗന്‍ പ്രസാദ് ഗാര്‍ഗ് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ഉന്നയിച്ച യോഗി സര്‍ക്കാരിന് ഗാര്‍ഗ് കത്തെഴുതിയിരുന്നു. അലഹാബാദിന്റെ പേര് പ്രയാഗ് രാജ് എന്നും മുഗള്‍സരായിയുടേത് ദീന്‍ ദയാല്‍ ഉപാധ്യായ നഗര്‍ എന്നും മാറ്റിയതിനു പിന്നാലെയാണ് ആഗ്രയുടെ പേരു മാറ്റാനുള്ള യോഗി സര്‍ക്കാരിന്റെ നീക്കം.

Other News in this category4malayalees Recommends