'ജീവിക്കുന്നത് സമ്മര്‍ദ്ദത്തിന്റേയും ഒറ്റപ്പെടലിന്റേയും നടുവില്‍; മാനസികപ്രശ്നമുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമം; മൊഴി മാറ്റാന്‍ സമ്മര്‍ദം ചെലുത്തുന്നു'; വെളിപ്പെടുത്തലുമായി ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരായ ബലാത്സംഗക്കേസിലെ മുഖ്യസാക്ഷി ലിസി വടക്കേല്‍

'ജീവിക്കുന്നത് സമ്മര്‍ദ്ദത്തിന്റേയും ഒറ്റപ്പെടലിന്റേയും നടുവില്‍; മാനസികപ്രശ്നമുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമം; മൊഴി മാറ്റാന്‍ സമ്മര്‍ദം ചെലുത്തുന്നു'; വെളിപ്പെടുത്തലുമായി ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരായ ബലാത്സംഗക്കേസിലെ മുഖ്യസാക്ഷി ലിസി വടക്കേല്‍

ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരായ ബലാത്സംഗക്കേസില്‍ മൊഴിമാറ്റാന്‍ സമ്മര്‍ദ്ദമുണ്ടന്ന് മുഖ്യസാക്ഷി ലിസി വടക്കേല്‍. ഫോണിലൂടേയും നേരിട്ടും മൊഴി മാറ്റാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നു. താന്‍ ജീവിക്കുന്നത് സമ്മര്‍ദ്ദത്തിന്റേയും ഒറ്റപ്പെടലിന്റേയും നടുവിലാണ്. തനിക്ക് മാനസികപ്രശ്നമുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമമുണ്ടായി. ബിഷപ്പിനെതിരെ മൊഴി കൊടുത്തത് ഉറച്ച ബോധ്യത്തോടെയാണ്. അത് പൂര്‍ണ സത്യമാണ്. ആ മൊഴിയില്‍ ഉറച്ചുനില്‍ക്കുന്നു. ബിഷപ്പ് തെറ്റ് ചെയ്തത് തന്നെയാണ്. ബിഷപ്പിന് ശിക്ഷ കിട്ടണം. സിസ്റ്ററിന് നീതി കിട്ടണം. പത്ത് മാസമായി അനുഭവിക്കുന്ന അവഗണനയും ഒറ്റപ്പെടുത്തലുകളും സഹിക്കുന്നതിലും അപ്പുറത്തായി. വിചാരണ എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നും സന്ന്യാസിനി ആവശ്യപ്പെട്ടു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു ലിസി വടക്കേലിന്റെ പ്രതികരണം.


ബിഷപ്പ് ഫ്രാങ്കോയ്ക്ക് എതിരായ കേസില്‍ പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീ കഴിഞ്ഞാല്‍ ഒന്നാമത്തെ സാക്ഷിയാണ് ലിസി വടക്കേല്‍. ബലാത്സംഗം ചെയ്യപ്പെട്ട കന്യാസ്ത്രീ ഫ്രാങ്കോയില്‍ നിന്നുണ്ടായ അതിക്രമത്തേക്കുറിച്ച് സിസ്റ്റര്‍ ലിസിയോട് വെളിപ്പെടുത്തിയിരുന്നു. വിവരം ലിസി വടക്കേല്‍ പൊലീസിനെ അറിയിക്കുകയും ചെയ്തു.

ബലാത്സംഗ പരാതി നല്‍കിയ കന്യാസ്ത്രീയ്ക്കൊപ്പം നിലയുറപ്പച്ചതിന്റെ പേരില്‍ സിസ്റ്റര്‍ ലിസി വടക്കേലിന് പല തരത്തിലുള്ള പീഡനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. മരുന്നും ഭക്ഷണവും നിഷേധിക്കാനും മഠത്തില്‍ നിന്ന് ഇറക്കിവിടാനും ശ്രമങ്ങളുണ്ടായി. സന്ന്യാസ സമൂഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തുന്നത് മൂലമുള്ള ഒറ്റപ്പെടലും ലിസി വടക്കേല്‍ നേരിടുന്നുണ്ട്. കേസിന്റെ വിചാരണഘട്ടങ്ങള്‍ ആരംഭിച്ചിരിക്കേയാണ് മൊഴിമാറ്റാനുള്ള സമ്മര്‍ദ്ദത്തേക്കുറിച്ച് മുഖ്യസാക്ഷിയുടെ വെളിപ്പെടുത്തല്‍. കുറ്റപത്രം വായിച്ചുകേള്‍പ്പിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ വിചാരണക്കോടതിയില്‍ തുടങ്ങിയിട്ടുണ്ട്.

Other News in this category4malayalees Recommends