പൗരത്വ നിയമഭേദഗതി ബില്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കും; ശക്തമായി ചെറുക്കുമെന്ന് കോണ്‍ഗ്രസും ഇടതുപക്ഷവും; ബില്ലിനെതിരെ മുസ്ലിം ലീഗിന്റെയും പ്രതിഷേധം

പൗരത്വ നിയമഭേദഗതി ബില്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കും; ശക്തമായി ചെറുക്കുമെന്ന് കോണ്‍ഗ്രസും ഇടതുപക്ഷവും; ബില്ലിനെതിരെ മുസ്ലിം ലീഗിന്റെയും പ്രതിഷേധം

പൗരത്വ നിയമഭേദഗതി ബില്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കും. ബില്ലിനെ ശക്തമായി ചെറുക്കുമെന്ന് കോണ്‍ഗ്രസും ഇടതുപക്ഷവും വ്യക്തമാക്കി. ബില്ലിനെതിരെ മുസ്ലിം ലീഗ് ഇന്ന് ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധിക്കും.


ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്കാകും പൗരത്വ നിയമഭേദഗതി ബില്‍ അമിത് ഷാ സഭയില്‍ അവതരിപ്പിക്കുക. രണ്ടായിരത്തി പതിനാലിന് മുമ്പ് പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് വന്ന അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കും, മുസ്ലീങ്ങള്‍ ഒഴികെയുള്ള അഭയാര്‍ത്ഥികള്‍ക്കാവും പൗരത്വം, ഇന്ത്യയിലെത്തുന്ന അഭയാര്‍ത്ഥികള്‍ പൗരത്വം നേടാന്‍ കുറഞ്ഞത് 11 കൊല്ലം ഇവിടെ താമസിച്ചിരിക്കണം എന്നത് അഞ്ച് വര്‍ഷമായി കുറയ്ക്കും എന്നിവയാണ് ബില്ലിലെ പ്രധാന വ്യവസ്ഥകള്‍.

അസമിലെയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും പ്രത്യേക അവകാശമുള്ള മേഖലകളില്‍ നിയമം ബാധകമാവില്ല. പ്രവാസികളുടെ ഒസിഐ കാര്‍ഡ് ചട്ടലംഘനമുണ്ടായാല്‍ റദ്ദാക്കാം എന്ന വ്യവസ്ഥയും ബില്ലിലുണ്ട്. മതത്തിന്റെ പേരില്‍ ജനങ്ങളെ തരംതിരിക്കുന്ന ബില്ലെന്ന് സോണിയാ ഗാന്ധിയുടെ വസതിയില്‍ ഇന്നലെ നടന്ന യോഗം വിലിയിരുത്തി. ഇടതുപക്ഷവും ബില്ലിനെ എതിര്‍ക്കും.ബില്ലിനെതിരെ മുസ്ലിം ലീഗിന്റെ നാല് എംപിമാര്‍ ഗാന്ധിപ്രതിമയ്ക്ക് മുന്നില്‍ രാവിലെ പ്രതിഷേധിക്കും. ഹൈദരാബാദിലും അസമിലും ബില്ലിനെതിരെ ഇന്നലെ പ്രതിഷേധം നടന്നു. ബില്ല് ലോക്‌സഭയില്‍ പാസ്സാകും. രാജ്യസഭയില്‍ 102 പേരുടെ പിന്തുണ എന്‍ഡിഎക്കുണ്ട്. അണ്ണാ ഡിഎംകെ, ബിജു ജനതാദള്‍ എന്നിവരുടെ നിലപാട് പ്രധാനമാകും

Other News in this category4malayalees Recommends