'ഒരിക്കല്‍ ഒരു സ്ത്രീ എന്നോട് കുഞ്ഞുങ്ങളില്ലാത്ത സങ്കടം പറഞ്ഞു;ഞാന്‍ കുറേ പഴങ്ങള്‍ ആശീര്‍വദിച്ച് നല്‍കി; അതില്‍ പൈനാപ്പിളും ഉണ്ടായിരുന്നു; പൈനാപ്പിള്‍ കഴിച്ചതോടെ അവര്‍ക്ക് ഗര്‍ഭം ഉണ്ടായി'; വിചിത്രവാദങ്ങളുമായി വിവാദ ആള്‍ദൈവം നിത്യാനന്ദ

'ഒരിക്കല്‍ ഒരു സ്ത്രീ എന്നോട് കുഞ്ഞുങ്ങളില്ലാത്ത സങ്കടം പറഞ്ഞു;ഞാന്‍ കുറേ പഴങ്ങള്‍ ആശീര്‍വദിച്ച് നല്‍കി; അതില്‍ പൈനാപ്പിളും ഉണ്ടായിരുന്നു; പൈനാപ്പിള്‍ കഴിച്ചതോടെ അവര്‍ക്ക് ഗര്‍ഭം ഉണ്ടായി'; വിചിത്രവാദങ്ങളുമായി വിവാദ ആള്‍ദൈവം നിത്യാനന്ദ

വിവാദ ആള്‍ ദൈവം നിത്യാനന്ദയുടെ കുമ്പസാര വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. പീഡന കേസുകള്‍ക്കും വിവാദങ്ങള്‍ക്കും പിന്നാലെ രാജ്യം വിട്ട നിത്യാനന്ദ കണ്ണീരോടെ തന്റെ ജീവിതം പറയുന്നതാണ് വീഡിയോയിലുള്ളത്. കൈലാസ രാജ്യത്തെ കുറിച്ചും രാജശേഖരന്‍ എന്ന യുവാവ് നിത്യാനന്ദയായി എങ്ങനെ മാറി എന്നതിനെ കുറിച്ചും ഇയാള്‍ പറയുന്നു.


എല്ലാ കാര്യങ്ങള്‍ക്കും പിന്നില്‍ മധുര മീനാക്ഷി ദേവിയാണെന്ന് ഇയാള്‍ പറയുന്നു.ദേവിയുടെ അനുഗ്രഹം കൊണ്ടാണ് പാസ്‌പോര്‍ട്ട് പുതുക്കി കിട്ടിയതും തനിക്ക് കൈലാസം ലഭിച്ചതെന്നും ഇയാള്‍ പറയുന്നു. ജീവിതത്തില്‍ തന്നെ ഒട്ടേറെ പേര്‍ തല്ലി ഓടിച്ചതാണെന്നും അങ്ങനെ സംഭവിച്ചപ്പോഴെല്ലാം തനിക്ക് വളര്‍ച്ച മാത്രമേ സംഭവിച്ചിട്ടുള്ളൂവെന്ന് ഇയാള്‍ വ്യക്തമാക്കുന്നു.

പട്ടിണി കൂടിയപ്പോള്‍ ഭക്തി മാര്‍ഗം സ്വീകരിച്ചു. തിരുവണ്ണാമലൈയിലെ ഒരു ക്ഷേത്രത്തില്‍ ഇരുന്ന് ധ്യാനിക്കും. അവിടെ നിന്ന് ലഭിക്കുന്ന തൈര്‍സാദമായിരുന്നു ഭക്ഷണം. അവിടെ നാമം ജപിച്ചു കൂടിയ എന്നെ ചിലര്‍ പൊതിരെ തല്ലി. ആ നാട്ടില്‍ നിന്ന് ഓടിച്ചു. ജീവനൊടുക്കാന്‍ തീരുമാനിച്ചു. ആത്മഹത്യ പാപമായത് കൊണ്ട് അതില്‍ നിന്ന് പിന്‍മാറി. നാട്ടില്‍ നിന്ന് ഓടിയെത്തിയത് ബംഗളൂരുവില്‍. അവിടെ ധനികനായ ഒരു ചെട്ടിയാരെ പരിചയപ്പെട്ടു. അദ്ദേഹത്തിന്റെ ബന്ധുവിന്റെ രോഗം ഭേദപ്പെടുത്തി കൊടുത്തു. അവിടെ നിന്നാണ് ജീവിതത്തിന്റെ വഴിത്തിരിവ്. രോഗം സുഖമാക്കിയ വിവരം അറിഞ്ഞ് ഭക്തരുടെ എണ്ണം കൂടി.

ഒരിക്കല്‍ ഒരു സ്ത്രീ എന്നോട് കുഞ്ഞുങ്ങളില്ലാത്ത സങ്കടം പറഞ്ഞു. ഞാന്‍ കുറേ പഴങ്ങള്‍ ആശീര്‍വദിച്ച് നല്‍കി. അതില്‍ പൈനാപ്പിളും ഉണ്ടായിരുന്നു. ആ പൈനാപ്പിള്‍ കഴിച്ചതോടെ അവര്‍ക്ക് ഗര്‍ഭം ഉണ്ടായി. ഇതു വലിയ വാര്‍ത്തയായി. പത്രവാര്‍ത്തെയാക്കെ വന്നു. ഒരു പൈനാപ്പിള്‍ കൊണ്ട് സന്താന സൗഭാഗ്യമേകിയ ദിവ്യനായ എന്നെ തേടി എല്ലാവരും വരാന്‍ തുടങ്ങി. അനുഗ്രഹിച്ച് കൈതച്ചക്ക നല്‍കിയ പലര്‍ക്കും കുഞ്ഞുങ്ങളുണ്ടായി. അങ്ങനെ മുത്തയ്യാ ചെട്ടിയാരുടെ മാളികയില്‍ കൂലിവേല ചെയ്തിരുന്ന പയ്യന്‍ പ്രശസ്തനായി.

പിന്നീട് ഭൂമി പലരും ദാനം ചെയ്തു. ആശ്രമം തുടങ്ങി. ഭക്തരുടെ എണ്ണം കൂടി. പക്ഷേ അവിടെ നിന്ന് എന്നെ ഓടിച്ചു. പിന്നീട് മധുരയിലാണ് എത്തിയത്. അവിടെ മീനാക്ഷി അമ്മയെ ധ്യാനിച്ച് ജീവിക്കാന്‍ തീരുമാനിച്ചു. ഞാന്‍ മീനാച്ചീ.. മീനാച്ചീ.. എന്ന് കരഞ്ഞു വിളിച്ചപ്പോള്‍ എന്നാച്ച്... എന്നാച്ച്.. എന്ന് ചോദിച്ചുകൊണ്ട് തന്റെ പ്രശ്‌നങ്ങളൊക്കെ പരിഹരിച്ചത് മീനാക്ഷി അമ്മ തന്നെയാണ്. അമ്പലത്തില്‍ കയറരുത് എന്ന് വിലക്കിയപ്പോള്‍ മീനാക്ഷിയുടെ അനുഗ്രഹം കൊണ്ട് സ്വന്തമായി അമ്പലം തന്നെ പണിതു കിട്ടി. ആശ്രമത്തിലേക്ക് പ്രവേശിക്കരുത് എന്ന് വിലക്കി. മീനാക്ഷിയുടെ അനുഗ്രഹത്തില്‍ ആശ്രമവും വലുതൊന്ന് കെട്ടിക്കിട്ടി. ഒടുവില്‍ പാസ്‌പോര്‍ട്ട് പുതുക്കിക്കിട്ടാതെ വന്നപ്പോഴും കൈലാസം എന്ന രാജ്യം തന്നെ കിട്ടി. ഇതൊക്കെ നിങ്ങളോട് പറയാന്‍ എന്നെ ഏല്‍പ്പിച്ചതും മീനാക്ഷി ദേവി തന്നെയാണ്- നിത്യാനന്ദ വീഡിയോയില്‍ പറയുന്നു. വിചിത്ര വാദങ്ങളാണ് വീഡിയോയില്‍ നിറയെ

Other News in this category4malayalees Recommends