ന്യൂജെഴ്‌സിയില്‍ വെടിവെയ്പ്; പോലീസ് ഓഫീസറടക്കം ആറു പേര്‍ കൊല്ലപ്പെട്ടു; ആയുധധാരികളായ രണ്ടു പേരും പോലീസും തമ്മില്‍ നടന്നത് മണിക്കൂറുകറോളം നീണ്ട ഏറ്റുമുട്ടലും വെടിവെപ്പും

ന്യൂജെഴ്‌സിയില്‍ വെടിവെയ്പ്; പോലീസ് ഓഫീസറടക്കം ആറു പേര്‍ കൊല്ലപ്പെട്ടു; ആയുധധാരികളായ രണ്ടു പേരും പോലീസും തമ്മില്‍ നടന്നത് മണിക്കൂറുകറോളം നീണ്ട ഏറ്റുമുട്ടലും വെടിവെപ്പും

ന്യൂജെഴ്‌സി: ജെഴ്‌സി സിറ്റിയില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് നടന്ന വെടിവെയ്പില്‍ ഒരു ഡിറ്റക്റ്റീവ് അടക്കം ആറു പേര്‍ കൊല്ലപ്പെട്ടു. ആയുധധാരികളായ രണ്ടു പേരും പോലീസും തമ്മില്‍ മണിക്കൂറുകറോളം നടന്ന ഏറ്റുമുട്ടലിലും വെടിവെയ്പിലുമാണ് മൂന്നു സിവിലിയന്മാരും പോലീസ് ഓഫീസറുമടക്കം നാലു പേരും അക്രമികളായ രണ്ടു പേരും കൊല്ലപ്പെട്ടതെന്ന് ജെഴ്‌സി സിറ്റി പോലീസ് മേധാവി മൈക്കല്‍ കെല്ലി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.


ജെഴ്‌സി സിറ്റി പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഡിറ്റക്റ്റീവ് ജോസഫ് സീല്‍സ് ആണ് കൊല്ലപ്പെട്ട ഉദ്യോഗസ്ഥന്‍. 15 വര്‍ഷമായി ജെഴ്‌സി സിറ്റി പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ സേവനം ചെയ്യുന്നു. അക്രമ വിരുദ്ധ സ്‌ക്വാഡിലെ അംഗമായിരുന്ന സീല്‍സ് ന്യൂജെഴ്‌സി സംസ്ഥാനത്തെ തെരുവുകളില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുക്കാന്‍ വിദഗ്ധനായിരുന്നു എന്ന് പോലീസ് മേധാവി പറഞ്ഞു.

തെരുവുകളില്‍ ഭീതി പരത്തിയ അക്രമികളെ കീഴ്‌പ്പെടുത്തുന്നതിനിടയിലാണ് സീല്‍സിന് വെടിയേറ്റത്. അദ്ദേഹത്തെ പതിയിരുന്ന് ആക്രമിച്ചതാകാമെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നതെന്ന് കെല്ലി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. അന്വേഷണം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

വെടിവയ്പില്‍ പരിക്കേറ്റ രണ്ട് പോലീസ് ഉദ്യോഗസ്ഥരും ഒരു സിവിലിയനും അപകടനില തരണം ചെയ്തുവെന്ന് ഹഡ്‌സണ്‍ കൗണ്ടി പ്രൊസിക്യൂട്ടര്‍ എസ്ഥര്‍ സുവാരസ് ട്വിറ്ററിലൂടെ അറിയിച്ചു. കെല്ലി റേ സാഞ്ചസ്, മരിയേല ഫെര്‍ണാണ്ടസ് എന്നിവരാണ് പരിക്കേറ്റ ഉദ്യോഗസ്ഥര്‍.

ആദ്യത്തെ വെടിവയ്പ് കഴിഞ്ഞ് മണിക്കൂറുകള്‍ക്ക് ശേഷം വീണ്ടും വെടിവെയ്പിലേക്ക് നയിച്ചത് എങ്ങനെയാണെന്ന് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് അധികൃതര്‍ പറഞ്ഞു.

ചൊവ്വാഴ്ച ഉച്ചയ്ക്ക് 12: 30 നാണ് വെടിവയ്പ്പ് തുടങ്ങിയത്. ഉടന്‍ ജെഴ്‌സി സിറ്റിയോടടുത്ത സ്ഥലങ്ങളില്‍ നിന്നുള്ള പോലീസ് ഫോഴ്‌സിനെ സംഭവ സ്ഥലത്ത് വിന്യസിക്കുകയും, കടകള്‍ അടപ്പിക്കുകയും ചെയ്തു. സ്‌കൂളുകള്‍ ലോക്ക് ഡൗണ്‍ ചെയ്യിച്ചു.

ജെഴ്‌സി സിറ്റിയിലെ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ഡ്രൈവ് പ്രദേശത്താണ് വെടിവയ്പ്പ് നടന്നതെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തെരുവുകളില്‍ ആയുധധാരികളായ പോലീസ് വാഹനങ്ങള്‍ തലങ്ങും വിലങ്ങും പായുന്നതും, ആയുധ ധാരികളായ പോലീസുകാരുടെ സാന്നിധ്യവും, വെടിവെയ്പിന്റെ ശബ്ദവും, സൈറണ്‍ മുഴങ്ങുന്നതുമൊക്കെ ജനങ്ങളെ പരിഭ്രാന്തരാക്കിയെന്ന് സോഷ്യല്‍ മീഡിയയിലൂടെ ഇതിനോടകം പ്രചരിച്ചിരുന്നു.

ജെഴ്‌സി സിറ്റിയുടെ മറ്റൊരു ഭാഗത്ത് വെച്ച് പോലീസുമായുള്ള ഏറ്റുമുട്ടലിനിടെയാണ് അക്രമികള്‍ കൊല്ലപ്പെട്ടതെന്ന് അധികൃതര്‍ അറിയിക്കുന്നതിന് മുമ്പായി മണിക്കൂറുകളോളം വെടിവയ്പ്പ് തുടര്‍ന്നതായി സ്ഥലവാസികള്‍ പറയുന്നു. ഒരു കടയ്ക്കുള്ളില്‍ കയറിയ അക്രമികളെ നിരീക്ഷിക്കാന്‍ പോലീസ് റോബോട്ടിനെ അയക്കുകയും, റോബോട്ടില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കടയ്ക്കുള്ളില്‍ വെച്ച് അക്രമികളെ വെടിവെച്ചത്.

കുറ്റകൃത്യം നടന്ന സ്ഥലം വളരെ വിപുലമാണ്, അതുകൊണ്ടുതന്നെ അന്വേഷണം ആഴ്ചകളും മാസങ്ങളും നീണ്ടുനില്‍ക്കുമെന്നും കെല്ലി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി അക്രമികള്‍ മോഷ്ടിച്ച യുഹോള്‍ ട്രക്ക് ഉള്‍പ്പെടുന്നു. അതില്‍ എക്‌സ്‌പ്ലോസീവ്‌സ് അടങ്ങിയിട്ടുണ്ടോ എന്ന് ബോംബ് സ്‌ക്വാഡ് പരിശോധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഈ വെടിവെപ്പില്‍ തീവ്രവാദ ഗ്രൂപ്പുകളുടെ സാന്നിധ്യം ഉണ്ടെന്ന സൂചനകളൊന്നുമില്ലെന്ന് ജേഴ്‌സി സിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പബ്ലിക് സേഫ്റ്റി ഡയറക്ടര്‍ ജെയിംസ് ഷിയ പറഞ്ഞു. വെടിവെപ്പ് നടക്കുന്നുവെന്ന വിവരം ലഭിച്ചയുടനെ ഏജന്റുമാര്‍ പ്രതികരിച്ചതായി നെവാര്‍ക്കിലെ എടിഎഫ് ഓഫീസ് ചൊവ്വാഴ്ച ട്വീറ്റ് ചെയ്തു.

ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ എമര്‍ജന്‍സി സര്‍വീസ് യൂണിറ്റും പ്രതികരിച്ചതായി സംഭവത്തെക്കുറിച്ച് പരിചയമുള്ള ഒരു നിയമപാലകന്‍ പറഞ്ഞു. വെടിവയ്പുമായി ബന്ധപ്പെട്ട് ആരേയും കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച വെകുന്നേരം നടന്ന ഒരു ഹ്രസ്വ വാര്‍ത്താ സമ്മേളനത്തില്‍, ന്യൂജേഴ്‌സി ഗവര്‍ണര്‍ ഫില്‍ മര്‍ഫി പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിനെ പ്രശംസിച്ചു.

കൊല്ലപ്പെട്ടവരുടെ കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നതായും നിലവിലെ സാഹര്യം നിരീക്ഷിക്കുകയാണെന്നും പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തു.

Other News in this category



4malayalees Recommends