'ദിവസവും സംസ്‌കൃതം സംസാരിക്കുന്നവരുടെ നാഡീവ്യവസ്ഥ ഉത്തേജിക്കപ്പെടും; സംസ്‌കൃതം സംസാരിച്ചാല്‍ കൊളസ്ട്രോളും പ്രമേഹവും മാറും'; വിവാദ പരാമര്‍ശങ്ങളുമായി ബിജെപി എംപി

'ദിവസവും സംസ്‌കൃതം സംസാരിക്കുന്നവരുടെ നാഡീവ്യവസ്ഥ ഉത്തേജിക്കപ്പെടും; സംസ്‌കൃതം സംസാരിച്ചാല്‍ കൊളസ്ട്രോളും പ്രമേഹവും മാറും';  വിവാദ പരാമര്‍ശങ്ങളുമായി ബിജെപി എംപി

സംസ്‌കൃതം സംസാരിച്ചാല്‍ കൊളസ്ട്രോളും പ്രമേഹവും മാറുമെന്ന് ബിജെപി എംപി ഗണേഷ് സിങ്. സംസ്‌കൃത ഭാഷ സംസാരിക്കുന്നത് നാഡീ സംവിധാനത്തെ ഉത്തേജിപ്പിക്കുകയും പ്രമേഹവും കൊളസ്ട്രോളും മാറ്റുമെന്നും യുഎസ് അടിസ്ഥാനമായ ഗവേഷക സ്ഥാപനത്തിന്റെ പഠനത്തില്‍ പറയുന്നതായി അദ്ദേഹം പറഞ്ഞു.സംസ്‌കൃത സര്‍വകലാശാല ബില്‍ സംബന്ധിച്ച സംവാദത്തില്‍ സംസാരിക്കവെയായിരുന്നു എം.പിയുടെ പ്രസ്താവന.


ദിവസവും സംസ്‌കൃതം സംസാരിക്കുന്നവരുടെ നാഡീവ്യവസ്ഥ ഉത്തേജിക്കപ്പെടുമെന്നും പ്രമേഹവും കൊളസ്ട്രോളും തടയുമെന്നും കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏതാനും ഇസ്ലാമിക് ഭാഷകള്‍ ഉള്‍പ്പെടെ ലോകത്തെ 97 ഭാഷകള്‍ സംസ്‌കൃതത്തില്‍ നിന്നാണ് ഉണ്ടായിട്ടുള്ളത്. കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ്ങിന് ഏറ്റവും അനുയോജ്യമായ ഭാഷ സംസ്‌കൃതമാണ്.സംസ്‌കൃതത്തില്‍ കമ്പ്യൂട്ടര്‍ പ്രാേഗാമിങ് ചെയ്താല്‍ അത് ഇതുവരെയുള്ളതില്‍ ഏറ്റവും മികച്ചതും കുറ്റമറ്റതുമാകുമെന്ന് നാസ അവകാശപ്പെട്ടിട്ടുണ്ടെന്നും ഗണേഷ് സിങ് പറഞ്ഞു.

സംസ്‌കൃത ഭാഷ പോലെ വഴക്കമുള്ള മറ്റൊരു ഭാഷയില്ലെന്നും ഒരേ വാചകം പലരീതിയില്‍ പറയാമെന്ന പ്രത്യേകത ഇതിനുണ്ടെന്നും സംവാദത്തില്‍ പങ്കെടുത്ത കേന്ദ്രമന്ത്രി പ്രതാപ് ചന്ദ്ര സാരംഗി പറഞ്ഞു. ഇംഗ്ലീഷിലെ 'ബ്രദര്‍', 'കൗ' എന്നി വാക്കുകള്‍ സംസ്‌കൃതത്തില്‍ നിന്നുണ്ടായവയാണ്. പരമ്പരാഗത ഭാഷയായ സംസ്‌കൃതത്തെ പ്രചരിപ്പിക്കണമെന്നും പ്രതാപ് ചന്ദ്ര സാരംഗി ആവശ്യപ്പെട്ടു.

Other News in this category4malayalees Recommends