എന്‍എച്ച്എസില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ കുട്ടികളുടെ ട്രീറ്റ്‌മെന്റില്‍ അമിതമായി മരുന്നുപയോഗിക്കുന്നു; ജെന്‍ഡര്‍ ഡൈസ്‌ഫോറിയക്ക് ചികിത്സ തേടുന്ന കുട്ടികള്‍ അപകടത്തിലെന്ന് സൈക്കോളജിസ്റ്റുകള്‍; ജിഐഡിഎസ് ജീവനക്കാരും കടുത്ത സമ്മര്‍ദത്തില്‍; രാജി പെരുകുന്നു

എന്‍എച്ച്എസില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ കുട്ടികളുടെ ട്രീറ്റ്‌മെന്റില്‍ അമിതമായി മരുന്നുപയോഗിക്കുന്നു; ജെന്‍ഡര്‍ ഡൈസ്‌ഫോറിയക്ക് ചികിത്സ തേടുന്ന കുട്ടികള്‍ അപകടത്തിലെന്ന് സൈക്കോളജിസ്റ്റുകള്‍; ജിഐഡിഎസ് ജീവനക്കാരും കടുത്ത സമ്മര്‍ദത്തില്‍; രാജി പെരുകുന്നു
എന്‍എച്ച്എസില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ കുട്ടികളുടെ ട്രീറ്റ്‌മെന്റില്‍ അമിതമായ മരുന്നുകള്‍ ഉപയോഗിക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ജെന്‍ഡര്‍ ഡൈസ്‌ഫോറിയ ബാധിച്ച കുട്ടികളെയാണ് ഇത്തരത്തില്‍ അമിത മരുന്ന് നല്‍കി ചികിത്സിക്കുന്നത്. ഇതിനോട് പൊരുത്തപ്പെടാന്‍ സാധിക്കാത്തതിനാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ക്കിടെ ലണ്ടനിലെ ജെന്‍ഡര്‍ ഐഡന്റിറ്റി സര്‍വീസില്‍ നിന്നും 35 സൈക്കോളജിസ്റ്റുകള്‍ രാജി വച്ചുവെന്നും വെളിപ്പെട്ടിട്ടുണ്ട്.

ജെന്‍ഡര്‍ ഡൈസ്‌ഫോറിയ ബാധിച്ച കുട്ടികള്‍ക്ക് ഹോര്‍മോണ്‍ ട്രീറ്റ്‌മെന്റ് നല്‍കി വരുന്നതിലെ അപകടങ്ങളെക്കുറിച്ച് ഇവരില്‍ ആറ് സൈക്കോളജിസ്റ്റുകള്‍ ഇപ്പോള്‍ കടുത്ത ആശങ്ക രേഖപ്പെടുത്തിയിട്ടുമുണ്ട്. ഇത്തരം കുട്ടികള്‍ക്ക് അമിത മരുന്നുകളും ചികിത്സകളും നല്‍കുന്നതില്‍ തങ്ങള്‍ക്ക് കടുത്ത ആശങ്കകളുണ്ടെന്നാണ് ഇക്കൂട്ടത്തില്‍ പെട്ട പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു സൈക്കോളജിസ്റ്റ് പ്രതികരിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട മെഡിക്കല്‍ തട്ടിപ്പിന് കൂട്ട് നില്‍ക്കേണ്ടി വന്നതോര്‍ത്ത് പശ്ചാത്തപിക്കുന്നുവെന്നും ഇതിനെ തുടര്‍ന്നാണ് സര്‍വീസില്‍ നിന്നും വിട്ട് പോന്നതെന്നും ആ സൈക്കോളജിസ്റ്റ് വിശദീകരിക്കുന്നു.

ടാവിസ്‌റ്റോക്ക് ആന്‍ഡ് പോര്‍ട്ട്മാന്‍ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റിലാണ് എന്‍എച്ച്എസിലെ ദി ജെന്‍ഡര്‍ ഐഡന്റിറ്റി ഡെവലപ്‌മെന്റ് സര്‍വീസ് പ്രവര്‍ത്തിക്കുന്നത്. ഇത് ജിഐഡിഎസ് എന്നാണറിയപ്പെടുന്നത്. ഇവിടുത്തെ ചികിത്സയെ ചൊല്ലിയാണിപ്പോള്‍ കടുത്ത ആശങ്കയുയര്‍ന്നിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ചികിത്സക്കായി 2590 കുട്ടികളെയാണ് ജിഐഡിഎസിനായി റഫര്‍ ചെയ്യപ്പെട്ടിരുന്നത്. എന്നാല്‍ ഒരു ദശാബ്ദം മുമ്പ് വെറും 77 കുട്ടികളെയാണ് ഇത്തരത്തില്‍ റഫര്‍ ചെയ്യപ്പെട്ടതെന്നറിയുമ്പോഴാണ് ഇതിന്റെ വര്‍ധനവ് മനസിലാകുന്നത്.

തങ്ങളുടെ ചികിത്സ കാത്ത് നിലവില്‍ ഏതാണ്ട് 3000ത്തോളം കുട്ടികള്‍ വെയ്റ്റിംഗ് ലിസ്റ്റിലുണ്ടെന്നാണ് ടാവിസ്‌റ്റോക്ക് ആന്‍ഡ് പോര്‍ട്ട്മാന്‍ എന്‍എച്ച്എസ് ട്രസ്റ്റ് വെളിപ്പെടുത്തുന്നത്. ഇതിനായുള്ള അപ്പോയിന്റ്‌മെന്റിന് ഏതാണ്ട് രണ്ട് വര്‍ഷത്തോളം കാത്തിരിക്കേണ്ടി വരുന്നുമുണ്ട്. ഇത്തരം സര്‍വീസിലെ ജീവനക്കാരുടെ മേല്‍ അമിതമായ സമ്മര്‍ദമുണ്ടാകുന്നുണ്ടെന്നും ഇതിന് പുറമെ അവര്‍ക്ക് ഓരോ കുട്ടിയെയും പരിശോധിക്കുന്നതിനും വിലയിരുത്തുന്നതിനും വളരെ കുറച്ച് സമയം മാത്രമേ ലഭിക്കുന്നുള്ളുവെന്നും അത് കുട്ടികളുടെ ചികിത്സയെ ബാധിക്കുന്നതിന് പുറമെ സമ്മര്‍ദം സഹിക്ക വയ്യാതെ നിരവധി ജീവനക്കാര്‍ രാജി വച്ച് പോകുന്നതിനും വഴിയൊരുക്കുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്.

Other News in this category4malayalees Recommends