ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗര്‍ അടക്കമുള്ള പ്രതികള്‍; ഉന്നാവ് പീഡനക്കേസില്‍ ഡല്‍ഹി പ്രത്യേക വിചാരണാക്കോടതി ഇന്ന് വിധി പറയും

ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗര്‍ അടക്കമുള്ള പ്രതികള്‍; ഉന്നാവ് പീഡനക്കേസില്‍ ഡല്‍ഹി പ്രത്യേക വിചാരണാക്കോടതി ഇന്ന് വിധി പറയും

ഉന്നാവ് പീഡനക്കേസില്‍ ഡല്‍ഹി പ്രത്യേക വിചാരണാക്കോടതി ഇന്ന് വിധി പറയും. ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗര്‍ അടക്കമുള്ളവരാണ് പ്രതികള്‍. സുപ്രിംകോടതി ഇടപെടലിനെ തുടര്‍ന്നാണ് അതിവേഗ വിചാരണയ്ക്ക് കളമൊരുങ്ങിയതും വിധി പറയാന്‍ തീരുമാനിച്ചതും.


2018 ഏപ്രിലില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഔദ്യോഗിക വസതിക്ക് മുന്നില്‍ ഉന്നാവ് പെണ്‍കുട്ടി പെട്രോളൊഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതോടെയാണ് കൂട്ടബലാല്‍സംഗം രാജ്യമറിഞ്ഞത്. ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗറിനും കൂട്ടുപ്രതികള്‍ക്കുമെതിരെ 2017 ഓഗസ്റ്റില്‍ നല്‍കിയെങ്കിലും പൊലീസ് കേസെടുക്കാതെ ആട്ടിയോടിക്കുന്നുവെന്ന് പെണ്‍കുട്ടി പറഞ്ഞത് രാജ്യം ഞെട്ടലോടെയാണ് കേട്ടത്. വന്‍ രാഷ്ട്രീയ കോളിളക്കമുണ്ടായതോടെ കേസ് സിബിഐ ഏറ്റെടുത്തു. ബിജെപി എംഎല്‍എയും കൂട്ടുപ്രതികളും അറസ്റ്റിലായി. ഇതിനിടെ, പെണ്‍കുട്ടിയെ ട്രക്കിടിപ്പിച്ച് കൊല്ലാന്‍ ശ്രമം നടന്നു.

മാസങ്ങള്‍ നീണ്ട വിദഗ്ധ ചികിത്സക്കൊടുവിലാണ് പെണ്‍കുട്ടി സാധാരണ നിലയിലേക്കെത്തിയത്. സുരക്ഷ വേണമെന്ന പെണ്‍കുട്ടിയുടെ കത്ത് കണക്കിലെടുത്ത സുപ്രിംകോടതി, വിചാരണ ഉത്തര്‍പ്രദേശില്‍ നിന്ന് ഡല്‍ഹിക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിന് തുടങ്ങിയ വിചാരണ ഡിസംബര്‍ രണ്ടിനാണ് അവസാനിച്ചത്. ഇതിനിടെ, ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ഒരുക്കിയ താല്‍ക്കാലിക കോടതിയില്‍ ഇരയുടെ മൊഴി രേഖപ്പെടുത്തി. സിബിഐയുടെയും പ്രതികളുടെയും വാദമുഖങ്ങളും പൂര്‍ത്തിയായ ശേഷമാണ് വിധി പറയാന്‍ മാറ്റിയത്.

ഡല്‍ഹിയില്‍ നിര്‍ഭയ ഓടുന്ന ബസിനുള്ളില്‍ ബലാല്‍സംഗത്തിന് ഇരയായ അതേദിവസം തന്നെയാണ് കേസില്‍ വിധി പറയാന്‍ തീരുമാനിച്ചതെന്നത് ശ്രദ്ധേയമാണ്.

Other News in this category4malayalees Recommends