സൗദിയില്‍ മഴ തുടരുന്നു; ജനജീവിതം തടസ്സപ്പെട്ടു; നാളെയും ശക്തമായ മഴയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്.

സൗദിയില്‍ മഴ തുടരുന്നു; ജനജീവിതം തടസ്സപ്പെട്ടു;  നാളെയും ശക്തമായ മഴയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്.

റിയാദ് : സൗദിയില്‍ രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയില്‍ ജനജീവിതം തടസ്സപ്പെട്ടു. സൗദിയുടെ കിഴക്കന്‍ പ്രവിശ്യയിലാണ് മഴ തുടരുന്നത്. നിര്‍ത്താതെ പെയ്യുന്ന മഴയില്‍ റോഡുകളും താഴ്ന്ന പ്രദേശങ്ങളും വെള്ളകെട്ടിലായതോടെ ഗതാഗതം താറുമാറാക്കി. മോശം കാലാവസ്ഥയെ തുടര്‍ന്ന് സ്‌കൂളുകള്‍ക്ക് ഇന്ന് അവധി നല്‍കി.

ഒരാഴ്ചയായി പെയ്തുവന്ന മഴ ഇന്നലയോടെ ശക്തമായി. ദമ്മാം അല്‍ഖോബാര്‍, ജുബൈല്‍, അല്‍ഹസ്സ, ഹഫര്‍ ബാത്തിന്‍, തുടങ്ങിയ ഭാഗങ്ങളിലാണ് ശക്തമായ മഴ പെയ്തത്. ഇവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളകെട്ടുകള്‍ കൊണ്ടു നിറഞ്ഞു. പ്രവിശ്യയിലെ പ്രധാന റോഡുകളിലും വെള്ളം നിറഞ്ഞതോടെ മണിക്കൂറുകളോളം ഗതാഗത തടസ്സം നേരിട്ടു. ഇന്നലെ മുതല്‍ മഴ ശക്തമായി തുടരുന്നതിനാല്‍ പ്രവിശ്യയിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി നല്‍കി. തുടര്‍ച്ചയായി പെയ്ത ശക്തമായ മഴയില്‍ ട്രാഫിക് സിഗനലുകള്‍ പ്രവര്‍ത്തിക്കാതായതോടെ മിക്കയിടങ്ങളിലും ഗതാഗത തടസ്സം നേരിട്ടു.

ദീര്‍ഘദൂര യാത്ര ചെയ്യുന്നവരും രാത്രികാല യാത്ര ചെയ്യുന്നവരും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ സിവില്‍ ഡിഫന്‍സ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. രാജ്യത്തിന്റെ മധ്യ പ്രവിശ്യയിലും മഴ തുടരുകയാണ്. ശക്തമായ മഴ നാളെ കൂടി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
Other News in this category4malayalees Recommends