ഉക്രൈന്‍ വിമാനം തകര്‍ന്നു വീണത് ഇറാന്റെ മിസൈല്‍ പതിച്ചാണെന്ന ആരോപണവുമായി കാനഡയും രംഗത്ത്; അപകടം ഹൃദയം തകര്‍ക്കുന്ന സംഭവമെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ; വ്യക്തമായ ഉത്തരം നല്‍കണമെന്ന് ഇറാനോട് ആവശ്യപ്പെട്ട് ട്രൂഡോ

ഉക്രൈന്‍ വിമാനം തകര്‍ന്നു വീണത് ഇറാന്റെ മിസൈല്‍ പതിച്ചാണെന്ന ആരോപണവുമായി കാനഡയും രംഗത്ത്; അപകടം ഹൃദയം തകര്‍ക്കുന്ന സംഭവമെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ; വ്യക്തമായ ഉത്തരം നല്‍കണമെന്ന് ഇറാനോട് ആവശ്യപ്പെട്ട് ട്രൂഡോ

ഉക്രൈയിന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് വിമാനം പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം കത്തിയമര്‍ന്ന സംഭവത്തില്‍ ഇറാനോട് ഉത്തരം തേടി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. വിമാനാപകടത്തില്‍ 176 പേരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ 65 പേര്‍ കാനഡക്കാരാണ്. ഈ സാഹചര്യത്തിലാണ് ജസ്റ്റിന്‍ ട്രൂഡോ ഇറാനോട് വിശദീകരണം തേടിയത്.


വിമാനാപകടത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് പ്രധാനമന്ത്രി ട്രൂഡോ അനുശോചനം അറിയിച്ചു. സംഭവത്തില്‍ സഖ്യ കക്ഷികള്‍ക്കൊപ്പം ചേര്‍ന്ന് അന്വേഷണം നടത്തുമെന്നും കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് അദ്ദേഹം ഉറപ്പ് നല്‍കി. അപകടത്തെ 'ഹൃദയം തകര്‍ക്കുന്ന സംഭവമാണെന്നാണ് ജസ്റ്റിന്‍ ട്രൂഡോ വിശേഷിപ്പിച്ചത്. അപകടത്തെ സംബന്ധിച്ച് കാനഡക്കാര്‍ക്ക് നിരവധി ചോദ്യങ്ങള്‍ ഉണ്ടെന്നും വ്യക്തമായ ഉത്തരം ആവശ്യമാണെന്നും ട്രൂഡോ വ്യക്തമാക്കി.

ഇറാനാണ് ഉക്രൈന്‍ വിമാനത്തിന് മേല്‍ മിസൈല്‍ പതിച്ചതെന്ന് സാധൂകരിക്കുന്ന നിരവധി രഹസ്യ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു. വിമാനത്തില്‍ 63 കനേഡിയന്‍ സ്വദേശികളാണ് ഉണ്ടായിരുന്നത്. ഇത് മനഃപൂര്‍വ്വമായിരിക്കില്ലെന്ന് ഞങ്ങള്‍ക്കറിയാം. എന്നിരുന്നാലും മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കും കനേഡിയന്‍ ജനതക്കും തനിക്കും ഇക്കാര്യത്തില്‍ ഉത്തരം ലഭിക്കേണ്ടതുണ്ടെന്നും ട്രൂഡോ പറഞ്ഞു. വിമാനം ഇറാന്‍ മിസൈല്‍ പതിച്ച് തകര്‍ന്ന് വീണതാണെന്ന രീതിയില്‍ സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോയും ചിത്രങ്ങളും പ്രചരിക്കുന്നതിന് പിന്നാലെയാണ് കനേഡിയന്‍ പ്രധാനമന്ത്രിയുടെ ഈ പ്രതികരണം.

ട്രൂഡോയുടെ പ്രസ്താവനക്ക് പിന്തുണയുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും രംഗത്തെത്തിയിട്ടുണ്ട്. അപകടത്തില്‍ അസ്വാഭാവികതയുണ്ടെന്നും അതേ സമയം മനഃപുര്‍വ്വമായിരിക്കാന്‍ സാധ്യതിയില്ലെന്നും ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.വിമാനം ഇറാന്‍ തെറ്റിദ്ധരിച്ച് വീഴ്ത്തിയതാണെന്ന് നേരത്തെതന്നെ യുഎസ് വൃത്തങ്ങള്‍ അഭിപ്രായപ്പെട്ടിരുന്നു. രണ്ട് മിസൈലുകള്‍ ഉപയോഗിച്ചാണ് വിമാനം തകര്‍ത്തതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്നാല്‍ ഈ ആരോപണങ്ങളെല്ലാം ഇറാന്‍ നിഷേധിച്ചിരിക്കുകയാണ്. അപകടം അന്വേഷിക്കാന്‍ വിവിധ രാജ്യങ്ങളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി ഒരു കമ്മിറ്റി രൂപീകരിച്ചതായും ഇറാന്‍ അറിയിച്ചിട്ടുണ്ട്.

Other News in this category



4malayalees Recommends