സുലൈമാനി കൊല്ലപ്പെട്ട ദിവസം മറ്റൊരു ഇറാനിയന്‍ നേതാവിനെയും യുഎസ് ലക്ഷ്യമിട്ടു; കൊല്ലാന്‍ ശ്രമിച്ചത് ട്രംപിന്റെ കണ്ണിലെ കരട്

സുലൈമാനി കൊല്ലപ്പെട്ട ദിവസം മറ്റൊരു ഇറാനിയന്‍ നേതാവിനെയും യുഎസ് ലക്ഷ്യമിട്ടു; കൊല്ലാന്‍ ശ്രമിച്ചത് ട്രംപിന്റെ കണ്ണിലെ കരട്
ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്‌സ് കമാന്‍ഡര്‍ ഖാസിം സുലൈമാനി കൊല്ലപ്പെട്ട ദിവസം തന്നെ മറ്റൊരു ഉന്നത ഇറാനിയന്‍ നേതാവിനെയും യുഎസ് ലക്ഷ്യമിട്ടിരുന്നതായി വെളിപ്പെടുത്തല്‍. ബാഗ്ദാദ് വിമാനത്തവള റോഡില്‍ വെച്ചാണ് യുഎസ് വ്യോമാക്രമണത്തില്‍ സുലൈമാനിയും ഇറാഖ് ഷിയാ സേനാ കമാന്‍ഡര്‍ അബു അല്‍ മുഹന്ദിസും ഉള്‍പ്പെടെ എട്ടുപേര്‍ കൊല്ലപ്പെട്ടത്.

ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിലെ ഉന്നത കമാന്‍ഡറായ അബ്ദുള്‍ റെസ ഷഹ്‌ലായിയെയും യുഎസ് സൈന്യം കൊലപ്പെടുത്താന്‍ തീരുമാനിച്ചിരുന്നതായാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. യുഎസ് ഔദ്യോഗിക വൃത്തങ്ങളാണ് ഈ വിവരം പുറത്തുവിട്ടത്. എന്നാല്‍ ഷെഹ്‌ലായിയെ കൊലപ്പെടുത്താനുള്ള ശ്രമം പരാജയപ്പെടുകയായിരുന്നുവെന്നും യുഎസ് ഉദ്യോഗസ്ഥര്‍ പറയുന്നു.

സുലൈമാനിയെ കൊലപ്പെടുത്തിയ ദിവസം യെമനില്‍ വെച്ചാണ് ഷെഹ്‌ലായിയെ വധിക്കാന്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ സൈനിക നടപടി പരാജയപ്പെടുകയായിരുന്നു.ജനറല്‍ ഖാസിം സുലൈമാനിയെയും അബ്ദുള്‍ റെസ ഷഹ്ലായിയെയും കൊലപ്പെടുത്താന്‍ യുഎസ് പ്രസിഡന്റ് അനുമതി നല്‍കിയിരുന്നു. ഇറാന്റെ ഖുദ്‌സ് ഫോഴ്‌സിന്റെ ശക്തി ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ടാണ് രണ്ട് പ്രമുഖ കമാന്‍ഡര്‍മാരെ വധിക്കാന്‍ യുഎസ് തീരുമാനിച്ചത്. ഖുദ്‌സ് ഫോഴ്‌സിനെ ഭീകരസംഘടനായായാണ് യുഎസ് കണക്കാക്കിയിരുന്നത്.

ജനുവരി മൂന്നിന് സുലൈമാനി കൊല്ലപ്പെട്ടതിന് പിന്നാലെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉത്തരവനുസരിച്ചാണ് ആക്രമണം നടന്നതെന്ന് യുഎസ് പ്രതിരോധ വകുപ്പ് വ്യക്തമാക്കിയിരുന്നു. സ്വയം പ്രതിരോധത്തിന്റെ ഭാഗമായാണ് സുലൈമാനിയെ കൊലപ്പെടുത്തിയതെന്നും സുലൈമാനി നിരവധി ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്നുമായിരുന്നു അമേരിക്ക പറഞ്ഞത്.

ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്‌സിന്റെ സാമ്പത്തികശേഷി തകര്‍ക്കുന്നതിനുള്ള വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 15 മില്യണ്‍ ഡോളര്‍ നല്‍കുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രഖ്യാപിച്ചിരുന്നു. ഗാര്‍ഡ്‌സിന്റെ പ്രധാന സാമ്പത്തികസഹായം നല്‍കുന്നതില്‍ പ്രധാനിയാണ് ഷെഹ്‌ലായി. ഷെഹ്ലായി ഏറെ നാളായി അമേരിക്കയെയും സഖ്യരാജ്യങ്ങളെയും ലക്ഷ്യമിടുന്നതായാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പറയുന്നത്.

ഇറാഖിലെ യുഎസ് സൈന്യത്തെ ആക്രമിക്കാന്‍ ഷെഹ്‌ലായി നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ഇറാഖിലെ ഷിയാ സംഘടനകള്‍ക്ക് ആയുധങ്ങള്‍ നല്‍കുന്നതും റവല്യൂഷണറി ഗാര്‍ഡ്‌സാണ്. 2011ല്‍ യുഎസിലെ സൗദി അമ്പാസഡറെ കൊലപ്പെടുത്താനും ഷെഹ്‌ലായി പദ്ധതിയിട്ടുരുന്നതായി യുഎസ് ആരോപിക്കുന്നു.Other News in this category4malayalees Recommends