മാപ്പ് 2020 പ്രവര്‍ത്തനോദ്ഘാടനം ഫാദര്‍ ജോണ്‍ ശങ്കരത്തില്‍ നിര്‍വ്വഹിച്ചു

മാപ്പ് 2020  പ്രവര്‍ത്തനോദ്ഘാടനം  ഫാദര്‍ ജോണ്‍ ശങ്കരത്തില്‍ നിര്‍വ്വഹിച്ചു
ഫിലാഡല്‍ഫിയാ, വ്യത്യസ്തതയാര്‍ന്ന പ്രവര്‍ത്തന മികവുകൊണ്ട് അമേരിക്കന്‍ മലയാളികളുടെ ഇഷ്ട സംഘടനയായി എന്നും നിലകൊള്ളുന്ന ഫിലാഡല്‍ഫിയായിലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ മലയാളി അസ്സോസ്സിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഫിലാഡല്‍ഫിയായുടെ (മാപ്പ്) 2020 ലെ പ്രവര്‍ത്തനോദ്ഘാടനവും പുതുവത്സര ആഘോഷവും ജനുവരി 5 ന് ഞായറാഴ്ച വൈകിട്ട് ആറ് മണിക്ക് മാപ്പ് പ്രസിഡന്റ് ശാലു പുന്നൂസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ വിശുദ്ധനാട് ടൂറിസം കോര്‍ഡിനേറ്ററും, യിസ്രായേല്‍ ഗവര്‍മെന്റ് ടൂറിസം ഓഫ് അംബാസിഡറും, സഭാ മാനേജിംഗ് കമ്മറ്റി അംഗവുമായ ഫാദര്‍ ജോണ്‍ ശങ്കരത്തില്‍ നിലവിളക്കു കൊളുത്തി ഉദ്ഘാടനം നിര്‍വ്വഹിച്ചു.


ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങളില്‍ കൂടി മാത്രമേ ഏതൊരു സംഘടനയ്ക്കും ജനഹൃദയങ്ങളില്‍ സ്ഥാനവും അംഗീകാരവും ലഭിക്കുകയുള്ളൂവെന്നും, അങ്ങനെ സ്ഥാനവും അംഗീകാരവും നേടി ജനഹൃദയങ്ങളില്‍ കുടിയേറിയ മികച്ച ഒരു സംഘടനയാണ് മാപ്പ് എന്ന ഈ അസ്സോസിയേഷനെന്നും, അതിനുള്ള ഉത്തമ ഉദാഹരണമാണ് കേരളത്തിലെ പ്രളയക്കെടുതിയില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്കായി മാപ്പ് ചെയ്ത സേവനങ്ങളോടൊപ്പം റാന്നിയില്‍ നിര്‍മ്മിച്ച് നല്‍കിയ അതിമനോഹരങ്ങളായ രണ്ടു ഭവനങ്ങള്‍ എന്നും ശങ്കരത്തില്‍ അച്ചന്‍ ചൂണ്ടിക്കാട്ടി. ശാലു പുന്നൂസ്, ബിനു ജോസഫ്, ശ്രീജിത്ത് കോമാത്ത് എന്നിവരുടെ നേതൃത്വത്തില്‍ രൂപം കൊണ്ട ശക്തവും വിപുലമായ കമ്മറ്റിയോടൊപ്പം ചേര്‍ന്ന് ഈ വര്‍ഷവും ധാരാളം നന്മ പ്രവര്‍ത്തനങ്ങള്‍ ചെയ്യുവാന്‍ സാധിക്കട്ടെയെന്നും, പൂര്‍വ്വികര്‍ കാട്ടിത്തന്ന നല്ല മാതൃകകളെ പിന്‍തുടര്‍ന്നുകൊണ്ട് കാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ലോകത്തിന്റെ നന്മമരങ്ങളായി തീരുവാനും പ്രകാശം ചൊരിയുവാനും ഏവര്‍ക്കും കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു.


ഫാദര്‍ ജോണ്‍ ശങ്കരത്തിലും മറ്റ് വിശിഷ്ടാതിഥികളും ചേര്‍ന്ന് കൊളുത്തിയ നിലവിളക്കിലെ ദീപത്തില്‍ നിന്നും പകര്‍ന്ന മെഴുകുതിരി നാളങ്ങളും കൈയിലേന്തി വന്നു ചേര്‍ന്ന ഏവരും പ്രവര്‍ത്തനോദ്ഘാടന ചടങ്ങില്‍ സാക്ഷ്യം വഹിച്ചപ്പോള്‍ ഓഡിറ്റോറിയം തിങ്ങി നിറഞ്ഞ സദസ്സിനു അതൊരു വേറിട്ട അനുഭവമായി മാറി. ഒപ്പം ശ്രീദേവി അജിത്കുമാറിന്റെ ഇമ്പമാര്‍ന്ന ശബ്ദ സൗകുമാര്യത്തില്‍ ഒഴുകിയെത്തിയ 'ലോകം മുഴുവന്‍ സുഖം പകരാനായ് സ്‌നേഹദീപമേ മിഴി തുറക്കൂ ..' എന്ന മികച്ച ഭക്തിഗാനം ഉദ്ഘാടന ചടങ്ങിലെ ഈശ്വര ചൈതന്യത്തിന്റെ മാറ്റ് കൂട്ടി. മാപ്പ് പി.ആര്‍. ഓ യും, ഫോമാ മിഡ് അറ്റ്‌ലാന്റിക് റീജിയന്‍ പി ആര്‍ ഓ യും, ഫോമാ ന്യൂസ് ടീം അംഗവുമായ രാജു ശങ്കരത്തില്‍ എം സി ആയി പ്രവര്‍ത്തിച്ചുകൊണ്ട് പബ്ലിക്ക് പ്രോഗ്രാമിന്റെ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.


പെന്‍സില്‍വാനിയാ സ്‌റ്റേറ്റ് റെപ്രസെന്റ്‌ററ്റീവ് മാര്‍ട്ടിനാ വൈറ്റ് മുഖ്യാഥിതിയായി പങ്കെടുത്ത് ആശംസാ സന്ദേശം നല്‍കി, മാപ്പിന്റെ രണ്ടായിരത്തി ഇരുപത്തിലെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് ഭാവുകങ്ങള്‍ അരുളുകയും വിജയാശംസകള്‍ നേരുകയും ചെയ്തു. ഫോമാ ജനറല്‍ സെക്രട്ടറി ജോസ് ഏബ്രാഹാം, ഫോമാ അഡ്‌വൈസറി കൗണ്‍സില്‍ ചെയര്‍പേഴ്‌സണ്‍ തോമസ് ടി. ഉമ്മന്‍, സൗത്ത് ജേഴ്‌സി അസോസിയേഷന്‍ പ്രസിഡന്റ് പോള്‍ സി. മത്തായി, കാഞ്ച് ജനറല്‍ സെക്രട്ടറി ബൈജു വര്‍ഗീസ്, മാപ്പ് മുന്‍ പ്രസിഡന്റുമാരായിരുന്ന സാബു സ്‌കറിയാ, അനു സ്‌കറിയാ, ഫ്‌ളവേഴ്‌സ് ടിവി ഫിലഡല്‍ഫിയ റീജണ്‍ മാനേജര്‍ ജീമോന്‍ ജോര്‍ജ്ജ്, റിയല്‍എസ്‌റ്റേറ്റ് ബ്രോക്കര്‍ സജീവ് ശങ്കരത്തില്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചുകൊണ്ട് സംസാരിച്ചു.


ആര്‍ട്ട്‌സ് ചെയര്‍മാന്‍ തോമസുകുട്ടി വര്‍ഗീസിന്റെ നേതൃത്വത്തില്‍ അരങ്ങേറിയ കള്‍ച്ചറല്‍ പ്രോഗ്രാമില്‍ ശ്രീദേവീ അജിത്ത് കുമാര്‍, സൂസന്‍ വിനി, റേച്ചല്‍ ഉമ്മന്‍, മറിയം സൂസന്‍ പുന്നൂസ്, ബിനു ജോസഫ്, തോമസുകുട്ടി വര്‍ഗീസ്, അനു കോശി എന്നിവരുടെ ഗാനങ്ങള്‍ ശ്രവണ സുന്ദരമായിരുന്നു. അമേരിക്കന്‍ നാഷണലാന്തം ഐഷാനി ശ്രീജിത്തും, ഇന്ത്യന്‍ നാഷണലാന്തം ശ്രീദേവി അജിത്ത് കുമാറും ആലപിച്ചു . മാപ്പ് ജനറല്‍ സെക്രട്ടറി ബിനു ജോസഫ് സ്വാഗതവും, ട്രഷറാര്‍ ശ്രീജിത്ത് കോമാത്ത് കൃതജ്ഞതയും പറഞ്ഞു. സ്‌പൈസ് വേള്‍ഡ് തയ്യാറാക്കിയ വിഭവസമൃദ്ധമായ ഡിന്നറോടുകൂടി പരിപാടികള്‍ക്ക് തിരശീല വീണു.


രാജു ശങ്കരത്തില്‍, മാപ്പ് പി.ആര്‍.ഓ. അറിയിച്ചതാണിത്.

Other News in this category



4malayalees Recommends