ഏറ്റവും മികച്ച സാമ്പത്തികശാസ്ത്രജ്ഞന്‍. വാസ്തവം തന്നെയോ?' പണപ്പെരുപ്പത്തെ കുറിച്ചുള്ള വാര്‍ത്ത ചൂണ്ടി മോദിയെ ട്രോളി ശശി തരൂര്‍

ഏറ്റവും മികച്ച സാമ്പത്തികശാസ്ത്രജ്ഞന്‍. വാസ്തവം തന്നെയോ?' പണപ്പെരുപ്പത്തെ കുറിച്ചുള്ള വാര്‍ത്ത ചൂണ്ടി മോദിയെ ട്രോളി ശശി തരൂര്‍
രാജ്യത്തെ ചില്ലറ വില്പന വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് കുത്തനെ ഉയരുന്നതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ട്രോളി ശശി തരൂര്‍ എം.പി രംഗത്ത്. 'ഏറ്റവും മികച്ച സാമ്പത്തികശാസ്ത്രജ്ഞന്‍. വാസ്തവം തന്നെയോ?' പണപ്പെരുപ്പത്തെ കുറിച്ച് ദേശീയ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ പങ്കുവെച്ചുകൊണ്ട് തരൂര്‍ ട്വീറ്റ് ചെയ്തു.

രാജ്യം കണ്ട ഏറ്റവും മികച്ച സാമ്പത്തിക ശാസ്ത്രജ്ഞന്‍ എന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഒരിക്കല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീര്‍ത്തിച്ചിരുന്നു. സ്മൃതി ഇറാനിയുടെ മോദി സ്തുതിയുടെ വാര്‍ത്തയും തരൂര്‍ ട്വീറ്റിനൊപ്പം ചേര്‍ത്തു.

2019 ഡിസംബറിലെ കണക്കുകള്‍ അനുസരിച്ച് പണപ്പെരുപ്പ നിരക്ക് 7.35 ശതമാനമായാണ് കുതിച്ചുയര്‍ന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനും അഞ്ചു മാസത്തിനുമിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇത്. ഇതിനു മുന്‍പ് മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടന്‍, 2014 ജൂലൈയിലാണ് ഉയര്‍ന്ന നിരക്കായ 7.39 ശതമാനം രേഖപ്പെടുത്തിയത്.

2016 മെയില്‍ പണപ്പെരുപ്പ നിരക്ക് രണ്ടു ശതമാനത്തിനും ആറ് ശതമാനത്തിനുമിടയില്‍ ക്രമീകരിക്കണമെന്ന് റിസര്‍വ് ബാങ്ക് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. നാല് ശതമാനം എന്നതായിരിക്കും സ്വാഗതാര്‍ഹമായ നിരക്കെന്നും ആര്‍ ബി ഐ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത് ഏഴു ശതമാനത്തിന് മുകളില്‍ എത്തിയിരിക്കുകയാണ്.

കഴിഞ്ഞ നവംബറില്‍ 5 .54 ശതമാനമായിരുന്നു നിരക്ക്. സവാള ഉള്‍പ്പടെയുള്ള പച്ചക്കറികളുടെയും പയര്‍ , പരിപ്പ് വര്ഗങ്ങളുടെയും വിലയിലുണ്ടായ വന്‍ വര്‍ധനയാണ് പണപ്പെരുപ്പ നിരക്ക് ഉയരാന്‍ കാരണമായത്. പച്ചക്കറികളുടെ വിലയില്‍ 60 .5 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. പയര്‍ വര്‍ഗങ്ങളുടെ വില 15.44 ശതമാനവും ഇറച്ചി, മല്‍സ്യം തുടങ്ങിയ ഇനങ്ങളുടെ വില 9.54 ശതമാനവും കൂടിയതായാണ് കണക്കുകള്‍.

Other News in this category4malayalees Recommends