മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് 27 തവണ ഒരേ ഉത്തരം ; മുംബൈയിലെ സ്‌കൂളില്‍ പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ചു കൊണ്ടുള്ള പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ബി.ജെ.പി എംപിയെ പരിഹസിച്ച് സോഷ്യല്‍മീഡിയ

മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് 27 തവണ ഒരേ ഉത്തരം ; മുംബൈയിലെ സ്‌കൂളില്‍ പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ചു കൊണ്ടുള്ള പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ബി.ജെ.പി എംപിയെ പരിഹസിച്ച് സോഷ്യല്‍മീഡിയ
മുംബൈയിലെ സ്‌കൂളില്‍ പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ചു കൊണ്ടുള്ള പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ബി.ജെ.പി എം.പിയെ ഉത്തരം മുട്ടിച്ച് മാധ്യമപ്രവര്‍ത്തകന്‍.മുംബൈയിലെ മതുംഗയിലുള്ള ദയാനന്ദ് ബാലക് ബാലിക വിദ്യാലയത്തിലാണ് ബി.ജെ.പിയുടെ നേതൃത്വത്തില്‍ പരിപാടി സംഘടിപ്പിച്ചത്. പരിപാടിയില്‍ നിര്‍ബന്ധമായും പങ്കെടുക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

പാര്‍ലമെന്റ് പാസ്സാക്കിയ ഒരു നിയമത്തെ കുറിച്ച് കുട്ടികള്‍ക്ക് അവബോധം നല്‍കാനാണ് പരിപാടിയെന്നായിരുന്നു പങ്കെടുക്കാനെത്തിയ മുന്‍ എം.പി മുന്‍ ബി.ജെ.പി എം.പി കിരിത് സോമയ്യയുടെ വിശദീകരണം. എന്നാല്‍ സി.എ.എയുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരുടെ ഒരു ചോദ്യത്തിനും മറുപടി നല്‍കാന്‍ എം.പിക്കായില്ല.

രാജ്യമെങ്ങും പൗരത്വ നിയമത്തിനെതിരെ പ്രതിഷേധമുയരുമ്പോള്‍ വിദ്യാര്‍ത്ഥികളെ ഇത്തരമൊരു രാഷ്ട്രീയത്തിലേക്ക് വലിച്ചിഴച്ചതു ശരിയാണോ എന്ന എന്‍ഡിടിവിയുടെ മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് നിങ്ങളുടെ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം നല്‍കിക്കഴിഞ്ഞതാണെന്ന ഒറ്റ മറുപടി മാത്രമാണ് എം.പി നല്‍കിയത്.

എന്‍ഡിടിവി റിപ്പോര്‍ട്ടര്‍ നിരവധി ചോദ്യങ്ങള്‍ അദ്ദേഹത്തോട് ചോദിച്ചെങ്കിലും 27 തവണയാണ് എം.പി ഒരേ ഉത്തരം ആവര്‍ത്തിച്ചു.

സിഎഎയെക്കുറിച്ച് ചെറിയ കുട്ടികളോട് പറയുകയും സര്‍ക്കാരിനു പോസ്റ്റ്കാര്‍ഡുകള്‍ എഴുതാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നത് ശരിയാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? എന്നു ചോദിച്ചപ്പോഴും മറുപടി നല്‍കിയില്ല. ഒടുവില്‍ ഇത് ഒരു മെഷീനോട് ചോദിക്കുന്നതിന് തുല്യമാണെന്ന് പറഞ്ഞ് മാധ്യമപ്രപ്രവര്‍ത്തകന്‍ പിന്‍മാറുകയായിരുന്നു.സംഭവത്തെ കളിയാക്കി നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തു.

അതേ സമയം ഇത് ഒരു ബി.ജെ.പി പരിപാടി മാത്രമായിരുന്നെന്നാണ് സ്‌കൂള്‍ അഡ്മിനിസ്‌ട്രേഷന്‍ ട്രസ്റ്റ് അംഗത്തിന്റെ വിശദീകരണം. സ്‌കൂളിന് പരിപാടിയുമായി ഒരു ബന്ധവുമില്ല എന്നും, സിഎഎയെക്കുറിച്ച് കൂടുതല്‍ അറിയാനുള്ള വിദ്യാര്‍ത്ഥികളുടെ താല്‍പര്യ പ്രകാരമാണ് പരിപാടി സംഘടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Other News in this category4malayalees Recommends