അമേരിക്കന്‍ ബഹുരാഷ്ട്ര കമ്പനിയായ ആമസോണ്‍ മേധാവി ജെഫ് ബസോസിന്റെ മൊബൈല്‍ ഫോണ്‍ സൗദിരാജകുമാരന്‍ ഹാക്ക് ചെയ്തു; ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടത് മുഹമ്മദ് ബിന്‍സല്‍മാന്റെ വാട്‌സ് ആപ്പില്‍ നിന്നയച്ച ഒരു സന്ദേശത്തോടെ

അമേരിക്കന്‍ ബഹുരാഷ്ട്ര കമ്പനിയായ ആമസോണ്‍ മേധാവി ജെഫ് ബസോസിന്റെ മൊബൈല്‍ ഫോണ്‍ സൗദിരാജകുമാരന്‍ ഹാക്ക് ചെയ്തു;  ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടത് മുഹമ്മദ് ബിന്‍സല്‍മാന്റെ വാട്‌സ് ആപ്പില്‍ നിന്നയച്ച ഒരു സന്ദേശത്തോടെ

ആമസോണ്‍ മേധാവി ജെഫ് ബസോസിന്റെ മൊബൈല്‍ ഫോണ്‍ 2018ല്‍ സൗദിരാജകുമാരന്‍ ഹാക്ക് ചെയ്തതായി വെളിപ്പെടുത്തല്‍. സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍സല്‍മാന്റെ വാട്‌സ് ആപ്പില്‍ നിന്നയച്ച ഒരു സന്ദേശത്തോടെയാണ് ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടത്.


സല്‍മാന്‍ രാജകുമാരന്‍ അയച്ച സന്ദേശത്തില്‍ എന്തോ വൈറസ് ഉണ്ടായിരുന്നതായും ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയുടെ ഫോണിലേക്ക് ഇത് നുഴഞ്ഞു കയറി വിവരങ്ങള്‍ ചോര്‍ത്തിയെന്നുമാണ് ഫോറന്‍സിക് പരിശോധനയിലൂടെ വ്യക്തമായിരിക്കുന്നത്. സൗദി രാജകുമാരന്‍ അയച്ച വീഡിയോ ഫയലിലൂടെയാകാം ഈ വൈറസ് വാഷിങ്ടണ്‍പോസ്റ്റിനെ ഉടമകൂടിയായ ബെസോസിന്റെ ഫോണില്‍ കടന്നുകൂടിയതെന്നാണ് കരുതുന്നത്.

2018 മെയ് ഒന്നിനാണ് ഈ വീഡിയോ സന്ദേശം അയച്ചിരിക്കുന്നത്. മണിക്കൂറുകള്‍ക്കകം നിരവധി വിവരങ്ങള്‍ ബെസോസിന്റെ ഫോണില്‍ നിന്ന് ചോര്‍ത്തപ്പെട്ടു. എന്നാല്‍ എന്തൊക്കെ വിവരങ്ങളാണ് ചോര്‍ത്തപ്പെട്ടതെന്നോ ഇവ എങ്ങനെയാണ് ഉപയോഗിച്ചതെന്നോ വെളിപ്പെടുത്തിയിട്ടില്ല.

പാശ്ചാത്യ രാജ്യങ്ങളിലെ നിക്ഷേപകരെ സൗദി അറേബ്യയിലേക്ക് എത്തിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നോ ഇതെന്ന അഭ്യൂഹം ഉയര്‍ന്നിട്ടുണ്ട്.

ഒന്‍പത് മാസങ്ങള്‍ക്ക് ശേഷം ബെസോസിന്റെ സ്വകാര്യജീവിതത്തെക്കുറിച്ച്, അദ്ദേഹം അയച്ച സന്ദേശങ്ങള്‍ അടക്കം ഉള്‍പ്പെടുത്തി നാഷണല്‍ എന്‍ക്വയറര്‍ എന്ന അമേരിക്കന്‍ ടാബ്ലോയ്ഡ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതും ഇതുപയോഗിച്ചാണെന്ന സന്ദേഹമുണ്ട്.

വാഷിങ്ടണ്‍ പോസ്റ്റിലെ മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ മരണത്തിന് മാസങ്ങള്‍ക്ക് മുമ്പായിരുന്നു ഇത്തരത്തില്‍ വിവരങ്ങള്‍ ചോര്‍ത്തിയത് എന്നത് കൊണ്ട് തന്നെ അതുമായും ഇതിന് ബന്ധമുണ്ടോയെന്ന് ആശങ്ക ഉയര്‍ന്നിട്ടുണ്ട്. 2018 ഒക്ടോബറിലാണ് ഖഷോഗി കൊല്ലപ്പെട്ടത്.

ബെസോസിന്റെ ഫോണ്‍ ചോര്‍ത്തിയെന്നുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ സൗദി അറേബ്യ നിഷേധിച്ചിരുന്നു. ഖഷോഗിയുടെ കൊലപാതകം ഒരു വഞ്ചനയുടെ ഫലമാണെന്നും സൗദി വിശദീകരിച്ചിരുന്നു. ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് എട്ടുപേരെ ഡിസംബറില്‍ സൗദി കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. രഹസ്യ വിചാരണക്കൊടുവിലാണ് ഇവരെ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ഇതിനെതിരെ ധാരാളം മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രംഗത്ത് എത്തിയിരുന്നു.

ജനുവരിയില്‍ നാഷണല്‍ എന്‍ക്വയററുടെ റിപ്പോര്‍ട്ട് പുറത്ത് വന്നതോടെയാണ് ഫോറന്‍സിക് വിദഗ്ദ്ധര്‍ ബെസോസിന്റെ ഫോണ്‍ പരിശോധന തുടങ്ങിയത്.

Other News in this category



4malayalees Recommends