ഷര്‍ജീലിന്റെ പ്രസ്താവന കുറ്റമല്ല ; എഫ് ഐ ആര്‍ പിന്‍വലിക്കണം ; രാജ്യദ്രോഹകുറ്റം ചുമത്തപ്പെട്ട മുന്‍ ജെ എന്‍യു വിദ്യാര്‍ത്ഥിയെ പിന്തുണച്ച് കട്ജു

ഷര്‍ജീലിന്റെ പ്രസ്താവന കുറ്റമല്ല ; എഫ് ഐ ആര്‍ പിന്‍വലിക്കണം ; രാജ്യദ്രോഹകുറ്റം ചുമത്തപ്പെട്ട മുന്‍ ജെ എന്‍യു വിദ്യാര്‍ത്ഥിയെ പിന്തുണച്ച് കട്ജു
മതമൈത്രി തകര്‍ക്കുന്ന തരത്തിലുള്ള പ്രസ്താവന നടത്തിയെന്ന് ആരോപിച്ചുകൊണ്ട് രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട മുന്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥിയും ആക്ടിവിസ്റ്റുമായ ഷര്‍ജീല്‍ മുഹമ്മദിനെ അനുകൂലിച്ചുകൊണ്ട് സുപ്രീം കോടതി ജഡ്ജിയായിരുന്ന മാര്‍ക്കണ്ഡേയ കട്ജു. ഷര്‍ജീല്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും അതിനാല്‍തന്നെ ചെറുപ്പക്കാരനെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എഫ്.ഐ.ആര്‍ പിന്‍വലിക്കണമെന്നുമാണ് കട്ജു അഭിപ്രായപ്പെടുന്നത്.

തന്റെ വാദത്തെ ഉറപ്പിക്കുന്നതിനായി ഇന്ത്യന്‍ സുപ്രീം കോടതിയുടെ രണ്ട് വിധിപ്രസ്താവനയും അമേരിക്കന്‍ സുപ്രീം കോടതിയുടെ ഒരു വിധിപ്രസ്താവനയും മുന്‍ സുപ്രീം കോടതി ജഡ്ജി ഉദാഹരിക്കുന്നുണ്ട്. ഭരണഘടന ഉറപ്പാക്കുന്ന സംസാര/ അഭിപ്രായ സ്വാതന്ത്ര്യം അനുസരിച്ചും അയാളുടെ അഭിപ്രായങ്ങള്‍ 'ആസന്നമായ' അക്രമസംഭവങ്ങള്‍ക്ക് വഴിതെളിക്കാന്‍ ഇടയില്ലാത്ത സാഹചര്യത്തിലും ഷര്‍ജീലിനെതിരെ കുറ്റം ചുമത്താന്‍ സാധിക്കില്ലെന്നാണ് ഭരണഘടനയിലെ അനുച്ഛേദം 19(1)(a) ചൂണ്ടിക്കാണിച്ചുകൊണ്ട്(മൗലികാവകാശം സംബന്ധിച്ചുള്ള) കട്ജു ചൂണ്ടിക്കാണിക്കുന്നത്.

ജനുവരി 16ന് പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിനിടെ അസമിലേക്കും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുമുള്ള ബന്ധം 'വിച്ഛേദിക്കണമെന്ന്' ഷര്‍ജീല്‍ പറഞ്ഞിരുന്നു. ഇതിന്റെ വീഡിയോയും വ്യാപകമായി പുറത്തുവന്നിരുന്നു. ശേഷമാണ് ഡല്‍ഹി, ഉത്തര്‍ പ്രദേശ്, അസം എന്നിവിടങ്ങളിലെ പൊലീസ് ഇയാള്‍ക്കെതിരെ രാജ്യദ്രോഹത്തിന് കേസ് രജിസ്റ്റര്‍ ചെയ്തത്. ഷര്‍ജീലിന്റെ പ്രസ്താവനകളോടും അസമിനെ ഒറ്റപ്പെടുത്തികൊണ്ടുള്ള സമരരീതികളോടും താന്‍ യോജിക്കുന്നില്ലെങ്കിലും അയാള്‍ക്കെതിരെ കേസ് എടുത്ത നടപടിയോട് താന്‍ യോജിക്കുന്നില്ലെന്ന് മാര്‍ക്കണ്ഡേയ കട്ജു തന്റെ ലേഖനത്തില്‍ പറയുന്നുണ്ട്.

Other News in this category



4malayalees Recommends