അമേരിക്കന്‍ പ്രസിഡന്റിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയങ്ങള്‍ സെനറ്റ് തള്ളി; ഡൊണാള്‍ഡ് ട്രംപ് കുറ്റവിമുക്തന്‍; പ്രമേയങ്ങള്‍ തള്ളിയാലും ട്രംപ് അമേരിക്കന്‍ ജനാധിപത്യത്തിന് ഭീഷണി തന്നെയെന്ന് ജനപ്രതിനിധി സഭ സ്പീക്കര്‍ നാന്‍സി പെലോസി

അമേരിക്കന്‍ പ്രസിഡന്റിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയങ്ങള്‍ സെനറ്റ് തള്ളി; ഡൊണാള്‍ഡ് ട്രംപ് കുറ്റവിമുക്തന്‍; പ്രമേയങ്ങള്‍ തള്ളിയാലും ട്രംപ് അമേരിക്കന്‍ ജനാധിപത്യത്തിന് ഭീഷണി തന്നെയെന്ന് ജനപ്രതിനിധി സഭ സ്പീക്കര്‍ നാന്‍സി പെലോസി

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയങ്ങള്‍ സെനറ്റ് തള്ളി. അധികാര ദുര്‍വിനിയോഗം, കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തി എന്നീ കുറ്റങ്ങളാണ് സെനറ്റ് വോട്ടിനിട്ട് തള്ളിയത്... ഇതോടെ നാല് മാസം നീണ്ട ഇംപീച്ച്‌മെന്റ് നടപടിക്രമങ്ങള്‍ക്ക് അവസാനമായി. ട്രംപിന്റെ കക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കു ഭൂരിപക്ഷമുള്ള സെനറ്റ് 52 നെതിരെ 48 , 47 നെതിരെ 53 വോട്ടുകള്‍ക്കാണു പ്രതിപക്ഷ നീക്കം തടഞ്ഞത്. അധികാര ദുര്‍വിനിയോഗം നടത്തിയെന്നതായിരുന്നു ആദ്യ കുറ്റം. കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തിയെന്നത് രണ്ടാമത്തെ കുറ്റം.രണ്ടും വെവ്വേറെ വോട്ടിനിട്ട് ട്രംപ് കുറ്റവിമുക്തനാണെന്ന് പ്രഖ്യാപിച്ചു.


ഇംപീച്ച്‌മെന്റിനെ അതിജീവിക്കുന്ന മൂന്നാമത്തെ അമേരിക്കന്‍ പ്രസിഡന്റാണ് ട്രംപ്. കുറ്റവിമുക്തനായതോടെ ഒരിക്കല്‍ കൂടി പ്രസിഡന്റ് സ്ഥാനത്തെത്താനുള്ള ട്രംപിന്റെ ശ്രമം കൂടുതല്‍ എളുപ്പമാകും. മുന്‍വൈസ് പ്രസിഡന്റും ഡെമോക്രാറ്റ് നേതാവുമായ ജോ ബൈഡന്റെ മകനെതിരെ അന്വേഷണം നടത്താന്‍ യുക്രെയ്ന്‍ പ്രസിഡന്റിന്റെ മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും ഇതിനായി യുക്രെയ്‌നുള്ള സൈനിക സഹായം പിടിച്ചുവച്ചുമെന്നുമാണ് ട്രംപിനെതിരായ ആരോപണം. തനിക്കെതിരായ ആരോപണങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള കോണ്‍ഗ്രസിന്റെ നീക്കം തടസ്സപ്പെടുത്തിയെന്നാണ് രണ്ടാം പ്രമേയം.

റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ് മിറ്റ്‌റോംനി വോട്ടിങ്ങില്‍ ട്രംപിനെതിരെ നിലപാട് സ്വീകരിച്ചു. ഡെമോക്രാറ്റുകള്‍ക്കു ഭൂരിപക്ഷമുള്ള യുഎസ് ജനപ്രതിനിധി സഭയില്‍ നാലുമാസം മുന്‍പ് ട്രംപ് ഇംപീച്‌മെന്റിനു വിധേയനായിരുന്നു. ഇതേത്തുടര്‍ന്നു ട്രംപിനെ അധികാരത്തില്‍നിന്നു പുറത്താക്കാനുള്ള വിചാരണ നടപടികളാണു സെനറ്റില്‍ ഇന്നലെ നടന്നത്.നാളെ രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നായിരുന്നു ഇംപീച്ച്‌മെന്റ് പ്രമേയങ്ങള്‍ സെനറ്റ് തള്ളിയതിന് പിന്നാലെ ട്രംപ് പ്രതികരിച്ചത്. എന്നാല്‍ പ്രമേയങ്ങള്‍ തള്ളിയാലും ട്രംപ് ഇപ്പോഴും അമേരിക്കന്‍ ജനാധിപത്യത്തിന് ഭീഷണി തന്നെയാണെന്നായിരുന്നു ജനപ്രതിനിധി സഭ സ്പീക്കര്‍ നാന്‍സി പെലോസി വിമര്‍ശിച്ചത്.

Other News in this category



4malayalees Recommends