വീണ്ടും ദുരഭിമാനകൊല ; അന്യജാതിയിലുള്ള യുവാവിനെ വിവാഹം ചെയ്ത യുവതിയെ മാതാപിതാക്കള്‍ കൊലപ്പെടുത്തി

വീണ്ടും ദുരഭിമാനകൊല ; അന്യജാതിയിലുള്ള യുവാവിനെ വിവാഹം ചെയ്ത യുവതിയെ മാതാപിതാക്കള്‍ കൊലപ്പെടുത്തി
അന്യജാതിയിലുള്ള യുവാവിനെ വിവാഹം ചെയ്ത യുവതിയെ മാതാപിതാക്കള്‍ കൊലപ്പെടുത്തി. കിഴക്കന്‍ ഡല്‍ഹിയിലെ അശോക് വിഹാറിലാണ് ക്രൂരത നടന്നത്. 23 വയസുകാരിയായ ഷീതല്‍ ചൗധരിയാണ് കൊല ചെയ്യപ്പെട്ടത്. പെണ്‍കുട്ടിയുടെ ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച പോലീസ് ആറ് പേരെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു. കഴിഞ്ഞ ജനുവരി 30ന് നടന്ന കൊലപാതകത്തില്‍ കഴിഞ്ഞ ദിവസമാണ് പ്രതികള്‍ പിടിയിലായത്.

സമീപവാസിയായ യുവാവുമായി ഷീതല്‍ പ്രണയത്തിലായിരുന്നു. ബന്ധം അവസാനിപ്പിക്കാന്‍ വീട്ടുകാര്‍ നിര്‍ബന്ധിച്ചെങ്കിലും ഇരുവരും അടുപ്പം തുടര്‍ന്നു. ഇതിനിടെ ഇരുവരും 2019 ഒക്‌ടോബറില്‍ വിവാഹം ചെയ്തതോടെയാണ് മകളെ കൊലപ്പെടുത്താന്‍ മാതാപിതാക്കള്‍ അടക്കമുള്ളവര്‍ തീരുമാനിച്ചത്.

വിവാഹശേഷവും ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ മകളെ മാതാപിതാക്കള്‍ നിര്‍ബന്ധിച്ചു. ഇതിന് വഴങ്ങാതിരുന്ന ഷീതലിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തട്ടിക്കൊണ്ടു പോയാണ് മകളെ കൊലപ്പെടുത്തിയതെന്നാണ് സൂചന.

കൊലക്ക് ശേഷം മകളുടെ മൃതദേഹം 80 കിലോമീറ്റര്‍ അകലെയുള്ള അലിഗഢില്‍ എത്തിച്ച് ആളൊഴിഞ്ഞ പ്രദേശത്തെ കനാലില്‍ ഉപേക്ഷിക്കുകയായിരുന്നു. ഷീതലിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയതോടെ ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കി. പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ മകള്‍ അമ്മാവന്റെ വീട്ടില്‍ പോയെന്നാണ് മാതാപിതാക്കള്‍ മൊഴി നല്‍കിയത്. എന്നാല്‍ വിശദമായ ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിച്ചു.

മൃതദേഹം ഉപേക്ഷിക്കാന്‍ കൊണ്ടു പോയ കാര്‍ അന്വേഷണ സംഘം കണ്ടെത്തി. കൊലപാതകത്തിന് മാതാപിതാക്കളെ സഹായിച്ചവരെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇവര്‍ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആണെന്നാണ് റിപ്പോര്‍ട്ട്.

Other News in this category4malayalees Recommends