അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബെര്‍നി സാന്റേഴ്സ് ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥിയാകാനുള്ള സാധ്യതയേറി; സ്ഥാനാര്‍ത്ഥി ആരാകുമെന്ന് തീരുമാനിക്കാനുള്ള മത്സരത്തില്‍ ഐഓവയ്ക്കും ന്യൂഹാപ്ഷെയറിനും പിന്നാലെ നെവാദയിലും വിജയം

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബെര്‍നി സാന്റേഴ്സ് ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥിയാകാനുള്ള സാധ്യതയേറി; സ്ഥാനാര്‍ത്ഥി ആരാകുമെന്ന് തീരുമാനിക്കാനുള്ള മത്സരത്തില്‍ ഐഓവയ്ക്കും ന്യൂഹാപ്ഷെയറിനും പിന്നാലെ നെവാദയിലും വിജയം
ഈ വര്‍ഷം നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ആരാകുമെന്ന് തീരുമാനിക്കാനുള്ള മല്‍സരത്തില്‍ ബെര്‍നി സാന്റേഴ്സിന് വീണ്ടും വിജയം. നെവാദയില്‍ നടന്ന മല്‍സരത്തില്‍ ബെര്‍നി സാന്റേഴ്സ് വന്‍ വിജയം നേടി. നേരത്തെ ഐഓവയിലും ന്യൂഹാപ്ഷെയറിലും സാന്റേഴ്സ് വിജയിച്ചിരുന്നു. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ സാന്റേഴ്സിന് 47 ശതമാനം വോട്ടും ബിദന് 23 ശതമാനം വോട്ടും ലഭിച്ചു. മൂന്ന് സംസ്ഥാനങ്ങളിലെ വോട്ടെടുപ്പാണ് ഇതുവരെ നടന്നത്. ഇതില്‍ എല്ലായിടത്തും വിജയം സാന്റേഴ്സിനായിരുന്നു. അടിസ്ഥാന മാറ്റത്തിന് സമയമായെന്ന് അമേരിക്കന്‍ ജനത തിരിച്ചറിയുന്നതിന്റെ സൂചനയാണ് ഇതെന്ന് ബെര്‍നി സാന്റേഴ്‌സ് പ്രതികരിച്ചു. ഇനിയും ഒരു നുണയനെ പ്രസിഡന്റായി തുടരാന്‍ അനുവദിക്കാന്‍ പാടില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രചാരണത്തിലൊക്കെ ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ തന്റെ എതിരാളികളെ ഒഴിവാക്കി, ട്രംപിനെതിരെയായിരുന്നു സാന്റെഴ്‌സിന്റെ വിമര്‍ശനം.

ട്രംപിനെ തോല്‍പ്പിക്കാന്‍ ശേഷിയുള്ള ഡെമോക്രാറ്റ് നേതാവാണ് താനെന്ന് അവതരിപ്പിക്കാനായിരുന്നു സാന്റേഴ്‌സ് ശ്രമിച്ചത്. വെര്‍മോന്‍് സംസ്ഥാനത്തില്‍നിന്നുള്ള സെനറ്റര്‍ കൂടിയാണ് ബെര്‍നി സാന്റേഴ്‌സ്. കഴിഞ്ഞ തെരഞ്ഞെടുപ്പിലും ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥിത്വത്തിന് വേണ്ടി മല്‍സരിച്ചപ്പോള്‍ നെവാദയില്‍ ഹിലരി ക്ലിന്റണായിരുന്നു വിജയം. സ്ഥാനാര്‍ത്ഥിത്വം തീരുമാനിക്കപ്പെടാന്‍ ഇനിയും കടമ്പകള് ഏറെയുണ്ടെങ്കിലും സാന്റേഴ്സ് വ്യക്തമായ മുന്നേറ്റം തുടക്കത്തില്‍ നടത്തി കഴിഞ്ഞുവെന്ന കാര്യം വ്യക്തമാക്കുന്നതാണ് ഇതുവരെ ഫലം വന്ന മൂന്ന് സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പുകള്‍ സൂചിപ്പിക്കുന്നത്.അടുത്ത മല്‍സരം നടക്കുക സൗത്ത് കരോലിനയില്‍ ആണ്.

ഇതുവരെ മല്‍സരം നടന്നതില്‍ ഏറ്റവും വലിയ സംസ്ഥാനം ആണ് കരോലിന. ആഫ്രിക്കന്‍ അമേരിക്കന്‍ വംശജര്‍ കൂടുതലായുള്ള ഇവിടെ ബിദന് മുന്‍തൂക്കം കിട്ടുമെന്നാണ് സര്‍വെകള്‍ സൂചിപ്പിക്കുന്നത്. മാര്‍ച്ച് മൂന്നിനാണ് നിര്‍ണായകമായ സുപ്പര്‍ ട്യൂസ്ഡേ. അന്ന് പതിനാല് സംസ്ഥാനങ്ങളാണ് ഡെമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി വോട്ടുചെയ്യുക. ഇതില്‍ ഏറ്റവും കൂടുതല്‍ പ്രതിനിധികളെ തെരഞ്ഞെടുക്കുന്ന കാലിഫോര്‍ണിയയും ടെക്സാസും ഉള്‍പ്പെടുന്നു. അന്നത്തെ തെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ ആരാവും ഡൊണാള്‍ഡ് ട്രംപിനെ നേരിടുന്ന ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി എന്ന കാര്യത്തില്‍ വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആറ് സ്ഥാനാര്‍ത്ഥികളാണ് ഇപ്പോള്‍ മല്‍സര രംഗത്തുള്ളത്.
Other News in this category



4malayalees Recommends