യുഎസില്‍ കൊവിഡ് 19 ബാധ രൂക്ഷമാകുന്നു. ബുധനാഴ്ച എട്ട് പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 38 ആയി. പുതുതായി 328 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 1322 ആയി. യുഎസില്‍ 30 സംസ്ഥാനങ്ങളിലാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. സ്ഥിതി രൂക്ഷമായ 11 സംസ്ഥാനങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ന്യൂയോര്‍ക്ക്, കാലിഫോര്‍ണിയ, വാഷിങ്ടണ്‍, ഫ്‌ലോറിഡ. ഒറിഗോണ്‍, യൂട്ടാ, മേരിലാന്‍ഡ്, കെന്റക്കി, മസാച്യുസെറ്റ്‌സ്, ന്യൂജഴ്‌സി, കൊളറാഡോ എന്നീ സസംസ്ഥാനങ്ങളിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
രോഗബാധയുടെ പശ്ചാത്തലത്തില്‍ 2019-2020 സീസണ്‍ സസ്‌പെന്‍ഡ് ചെയ്യാന്‍ അമേരിക്കന്‍ ബാസ്‌കറ്റ്‌ബോള്‍ ലീഗായ എന്‍ബിഎ തീരുമാനിച്ചു. ഉട്ടാ ജാസ് ടീമിലെ ഒരു കളിക്കാരന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് മത്സരങ്ങള്‍ ഒഴിവാക്കാന്‍ തീരുമാനിച്ചത്. ബുധനാഴ്ച മുതലുള്ള മത്സരങ്ങളാണ് ഒഴിവാക്കിയത്.
വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ രാജ്യത്ത് കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയത്. ഓഫീസുകളും സ്‌കൂളുകളും അടച്ചു. ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ മത്സരിക്കുന്ന ബേണി സാന്‍ഡേഴ്‌സും ജോ ബൈഡനും റാലികള്‍ റദ്ദാക്കി. വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചതാണ് വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
ഫെയ്‌സ്ബുക്, ഗൂഗിള്‍, ആമസോണ്‍, ആപ്പിള്‍, മൈക്രോസോഫ്റ്റ്, ട്വിറ്റര്‍ എന്നിവയുടെ പ്രതിനിധികള്‍ ഇന്ന് വൈറ്റ്ഹൗസില്‍ ഒത്തുചേര്‍ന്ന് വൈറസ് ബാധയെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ അധികൃതരുമായി ചര്‍ച്ച ചെയ്യും.
യൂറോപ്പില്‍ നിന്നുള്ള എല്ലാ യാത്രാസര്‍വീസുകളും 30 ദിവസത്തേക്ക് നിര്‍ത്തിവെക്കുന്നതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. യൂറോപ്പിലെ എല്ലാ രാജ്യങ്ങളിലും വൈറസ് പടരുന്ന സാഹചര്യത്തിലാണ് നിയന്ത്രണം. എന്നാല്‍ യുകെയെ നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.യൂറോപ്പില്‍ നിന്ന് വരുന്നവര്‍ യുഎസില്‍ പുതിയ കേസുകള്‍ ഉണ്ടാക്കാതിരിക്കാനാണ് യാത്രാനിരോധനം ഏര്‍പ്പെടുത്തുന്നത്. അടുത്ത 30 ദിവസത്തേക്ക് യൂറോപ്പില്‍ നിന്ന് അമേരിക്കയിലേക്കുള്ള എല്ലാ യാത്രകളും നിര്‍ത്തിവെക്കും. വെള്ളിയാഴ്ച അര്‍ധരാത്രി മുതലാണ് നിയന്ത്രണം പ്രാബല്യത്തില്‍ വരിക.- ട്രംപ് പറഞ്ഞു.