ലോകവും ഇന്ത്യയും കേരളവും കൊറോണയെന്ന മഹാവിപത്തിനെ പിടിച്ച് കെട്ടുന്നതില്‍ മാത്രം എല്ലാം മറന്ന് രാപ്പകല്‍ യത്‌നിക്കുമ്പോള്‍ യുകെയില്‍ നിന്നും ഇക്കഴിഞ്ഞ ദിവസം ആലപ്പുഴയിലെത്തിയ ഒരു മലയാളിയുടെ തീരെ സാമൂഹിക പ്രതിബദ്ധതയില്ലായ്മയും ഇന്ത്യയോടുള്ള പുച്ഛവും കടുത്ത വിമര്‍ശനത്തിന് വഴിയൊരുക്കി.കൊറോണ ബോധവല്‍ക്കരണത്തിന് ഇറങ്ങിയ ഒരു ഹെല്‍ത്ത് ഇന്‍സ്‌പെക്ടറാണ് തന്റെ അനുഭവം തുറന്നെഴുതിയതിലൂടെ ഈ യുകെ മലയാളിയുടെ തനിനിറം വെളിപ്പെടുത്തിയിരിക്കുന്നത്.
യുകെയില്‍ നിന്ന് കഴിഞ്ഞ ദിവസം ഇയാള്‍ ആലപ്പുഴയിലെത്തിയതറിഞ്ഞ് താനും സഹപ്രവര്‍ത്തകരും കൂടി ഇയാളെ വീട്ടില്‍ പോയി കാണുകയും കൊറോണ ടെസ്റ്റിന് വിധേയനാവണമെന്ന് ആവശ്യപ്പെടുകയും ചെയ്തപ്പോള്‍ ഇയാള്‍ ഇന്ത്യയെ പുച്ഛിച്ച് കൊണ്ടാണ് സംസാരിച്ചതെന്ന് ഈ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വേദനയോടെ വെളിപ്പെടുത്തുന്നു. യുകെയില്‍ വച്ച് ഞാന്‍ കൊറോണ ടെസ്റ്റ് നടത്തിയതാണെന്നും അതിലും വലിയ ടെസ്റ്റാണോ ദരിദ്രരാജ്യമായ ഇന്ത്യയിലുള്ളതെന്നും ചോദിച്ചായിരുന്നു ഈ യുകെ മലയാളി തന്നോടും സഹപ്രവര്‍ത്തകരോടും അഹങ്കാരത്തോടെ പെരുമാറിയതെന്നുമാണ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഒരു മാധ്യമത്തോട് വെളിപ്പെടുത്തിയത്.
കോവിഡ്-19 ശരീരത്തില്‍ പ്രവേശിച്ചയുടന്‍ നടത്തുന്ന ടെസ്റ്റില്‍ വൈറസ് ബാധ ചിലപ്പോള്‍ സ്ഥിരീകരിക്കപ്പെടില്ലെന്നും അതിനാല്‍ ഒരിക്കല്‍ കൂടി ടെസ്റ്റ് ചെയ്യണമെന്നും ഹെല്‍ത്ത് ഇന്‍സ്‌പെക്ടറും സംഘവും ഇയാളെ ബോധവല്‍ക്കരിച്ചെങ്കിലും ഇയാള്‍ ഹുങ്കോടെ ഇവരെ ധിക്കരിച്ചുവെന്നുമാണ് റിപ്പോര്‍ട്ട്.ഇയാളുടെ ധിക്കാര പരമായ പെരുമാറ്റത്തില്‍ നിന്നും ഇയാള്‍ വീട് വിട്ട് പുറത്തിറങ്ങാന്‍ സാധ്യതയേറെയാണെന്ന ആശങ്ക മൂത്ത ഈ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറും സംഘവും ഇയാളുടെ നീക്കങ്ങള്‍ തങ്ങളെ അറിയിക്കാന്‍ അയല്‍ക്കാരെ ചട്ടംകെട്ടിയാണ് മടങ്ങിയിരുന്നത്.
തുടര്‍ന്ന് ഈ അഹങ്കാരിയായ യുകെ മലയാളിയും ഭാര്യയും കാറില്‍ പുറത്തിറങ്ങിയെന്ന് അയല്‍ക്കാര്‍ തന്നെ അറിയിച്ചുവെന്നും ഉടനെ അയാളോട് തിരിച്ച് വീട്ടിലേക്ക് വരാന്‍ നിര്‍ദേശിക്കണമെന്ന് അയാളുടെ അച്ഛനെ വിളിച്ച് തങ്ങള്‍ ആവശ്യപ്പെട്ടിരുന്നുവെന്നും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വെളിപ്പെടുത്തുന്നു.എന്നാല്‍ ഇവര്‍ ഈ ആവശ്യ തള്ളി കാറില്‍ അടൂര്‍ വരെ സഞ്ചരിച്ചിരുന്നുവെന്നും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പറയുന്നു. ഈ യുകെ മലയാളിയെ ശല്യം ചെയ്യരുതെന്ന് ഭീഷണിപ്പെടുത്തി പോലീസ് ഉദ്യോഗസ്ഥനെന്ന പേരിലും പ്ലസ്ടു അധ്യാപകന്‍ എന്ന പേരിലും രണ്ട് പേര്‍ തങ്ങളെ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കുറിച്ചിരിക്കുന്നു.
തനിക്ക് നല്ല സ്വാധീനമുണ്ടെന്നും തന്നോട് കളിക്കേണ്ടെന്നും ഈ ഫോണ്‍ വിളികളിലൂടെ തങ്ങളെ വിരട്ടുകയായിരുന്നു ഈ യുകെ മലയാളിയുടെ ലക്ഷ്യമെന്നും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പറയുന്നു.ഗത്യന്തരമില്ലാതെ ഇവര്‍ സഞ്ചരിച്ച് കാറിന്റെ നമ്പര്‍ സഹിതം മാധ്യമങ്ങള്‍ക്ക് നല്‍കുമെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഭീഷണിപ്പെടുത്തിയപ്പോഴാണ് അടൂര്‍ വരെ പോയ യുകെ മലയാളിയും ഭാര്യയും വീട്ടിലേക്ക് മടങ്ങാന്‍ തയ്യാറായത്. ഇവര്‍ അടൂര്‍ വരെ കാറില്‍ പോയെങ്കിലും വഴിക്ക് എവിടെയും ഇറങ്ങിയില്ലെന്ന് പോലീസ് സ്‌പെഷ്യല്‍ ബ്രാഞ്ച് നടത്തിയ അന്വേഷണത്തിലൂടെ സ്ഥിരീകരിക്കപ്പെട്ടപ്പോഴാണ് ഏവര്‍ക്കും ശ്വാസം നേരെ വീണത്.
തുടര്‍ന്ന് സായാഹ്നത്തില്‍ വീണ്ടും ഈ യുകെ മലയാളിയുടെ വീട്ടില്‍ താനും സഹപ്രവര്‍ത്തകരും സംഭവത്തിന്റെ ഗൗരവം പറഞ്ഞ് മനസിലാക്കാന്‍ പോയപ്പോള്‍ ഇയാള്‍ താന്‍ ക്രിമിനല്‍ അല്ലെന്ന് പറഞ്ഞ് മദ്യലഹരിയില്‍ തങ്ങളോട് തട്ടിക്കയറിയെന്നും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വെളിപ്പെടുത്തുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ കൊറോണ പരിശോധനയില്‍ നിന്നും കുതന്ത്രത്തില്‍ ഒഴിഞ്ഞ് മാറി ഒരാഴ്ച മുമ്പ് ഇറ്റലിയില്‍ നിന്നും മൂന്നംഗ കുടുംബം റാന്നിയില്‍ എത്തുകയും നിരവധി പേരുമായി സമ്പര്‍ക്കമുണ്ടാക്കുകയും ചെയ്തതിനെ തുടര്‍ന്ന് കേരളത്തില്‍ വീണ്ടും കൊറോണ പടരാന്‍ തുടങ്ങിയ ഭീതിദമായ സാഹചര്യത്തിലാണ് യുകെ മലയാളിയെ പോലുള്ളവര്‍ തീരെ സാമൂഹികപ്രതിബദ്ധതയില്ലാതെ ഇന്ത്യയെ പുച്ഛിച്ച് രംഗത്തെത്തിയിരിക്കുന്നത്.
ഇവിടെ ജീവിക്കാന്‍ ഗതിയില്ലാത്തതിനാല്‍ യുകെയിലേക്ക് പോവുകയും നാല് കാശുണ്ടാക്കി തിരിച്ചെത്തിയപ്പോള്‍ വന്ന വഴി മറന്ന് മാതൃരാജ്യത്തെ തള്ളിപ്പറയുന്ന ഇയാള്‍ക്കെതിരെ നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ പൊങ്കാലയിടാനെത്തുന്നത്. ഇത്തരക്കാര്‍ കാശിന്റെ ഹുങ്കില്‍ പെറ്റ തള്ളയെ പോലും പുച്ഛിക്കുമെന്നും ചിലര്‍ ആരോപിക്കുന്നുണ്ട്.