ബ്രിട്ടനിലെ കിരീടവകാശി ചാള്‍സ് രാജകുമാരന് കൊവിഡ് 19 സ്ഥിരീകരിച്ചു. 71 കാരനായ ചാള്‍സ് രാജകുമാരന്റെ ആരോഗ്യനില തൃപ്തികരമാണ്. പത്‌നി കാമിലയ്ക്ക് വൈറസ് ബാധയില്ല. രോഗലക്ഷണങ്ങള്‍ മാത്രമാണ് ഉള്ളതെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ലണ്ടനിലെ ക്ലാരന്‍സ് ഹൗസ് ഓഫിസ് അറിയിച്ചു.ചാള്‍സ് രാജകുമാരനും ഭാര്യ കാമിലയും സ്‌കോട്ലന്‍ഡിലെ ബാല്‍മെറാലില്‍ ആണുള്ളത്. കാമിലയുടെ പരിശോധനാഫലം നെഗറ്റീവാണ്. ചാള്‍സ് രാജകുമാരനു രോഗം പടര്‍ന്നത് എങ്ങനെയാണെന്നു വ്യക്തമായിട്ടില്ലെന്നും ക്ലാരന്‍സ് ഓഫിസ് അറിയിച്ചു. ആബെര്‍ഡീന്‍ഷയറിലെ എന്‍എച്ച്എസില്‍ ആണ് ഇരുവരും പരിശോധന നടത്തിയത്.
ചാള്‍സ് രാജകുമാരനും കാമിലയും നിലവില്‍ സ്‌കോട്ട്ലാന്‍ഡിലെ വസതിയില്‍ സെല്‍ഫ് ഐസോലേഷനിലാണുള്ളത്. കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ എലിസബത്ത് രാജ്ഞിയെ (93) ബക്കിങ്ങാം കൊട്ടാരത്തില്‍ നിന്നു വിന്‍ഡ്സര്‍ കൊട്ടാരത്തിലേക്ക് മാറ്റിയിരുന്നു. ബക്കിങ്ങാം കൊട്ടാരത്തിലെ ഒരു ജീവനക്കാരനു നേരത്തെ കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് എലിസബത്ത് രാജ്ഞിയെ വിന്‍സ്ഡോര്‍ കാസിലിലേക്കാണ് മാറ്റിയിരിക്കുന്നത്.
കൊവിഡ് ഭീതിയുടെ പ്രശ്ചാത്തലത്തില്‍ ലണ്ടനില്‍ നടന്ന ഒരു അവാര്‍ഡ് ഷോയില്‍ ചാള്‍സ് രാജകുമാരന്‍ അതിഥികളെ കൈകള്‍ കൂപ്പി സ്വാഗതം ചെയ്തത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.വേദിയിലേക്ക് എത്തിയ ചാള്‍സ് രാജകുമാരന്‍ കാറില്‍ നിന്നിറങ്ങി ആദ്യം പതിവ് പോലെ കൈ നീട്ടിയെങ്കിലും പെട്ടെന്ന് കൈവലിച്ചു. പിന്നെ കൈകൂപ്പുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പങ്കുവക്കപ്പെട്ടിരുന്നു.