'കോവിഡ് - 19' PPE ലഭ്യത വിലയിരുത്തികൊണ്ടുള്ള യുക്മ സര്‍വ്വേ...

'കോവിഡ് - 19' PPE ലഭ്യത വിലയിരുത്തികൊണ്ടുള്ള യുക്മ സര്‍വ്വേ...

കൊറോണ വൈറസ് ലോക വ്യാപകമായി ദുരന്തങ്ങള്‍ വിതച്ചുകൊണ്ട് മുന്നേറുമ്പോള്‍, രാജ്യ വ്യാപകമായി ബ്രിട്ടണ്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി മുന്നേറുകയാണ്. സര്‍ക്കാരിന്റെ പല നടപടികളും 'വൈകി വരുന്ന വിവേകം' എന്ന് പരക്കെ വിമര്‍ശിക്കപ്പെടുന്നുണ്ട്. ശരാശരി പകുതിയിലധികം പ്രായപൂര്‍ത്തിയായ ആളുകളും ആരോഗ്യ മേഖലയില്‍ ജോലിചെയ്യുന്ന ബ്രിട്ടനിലെ മലയാളി സമൂഹത്തില്‍, പൊതുസമൂഹത്തിന്റെ ശബ്ദം അധികാരികളില്‍ എത്തിക്കേണ്ടുന്ന സാമൂഹ്യ ഉത്തരവാദിത്തം യുക്മ ഏറ്റെടുക്കുകയാണ്.


രോഗസംക്രമണം ഉണ്ടാകാതിരിക്കാനുള്ള ഉപകരണങ്ങള്‍ (Personal Protective Equipment - PPE) ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്ക്, തങ്ങള്‍ ജോലിചെയ്യുന്ന ആശുപതികളില്‍ ലഭ്യമാണോ എന്നറിയാനുള്ള സര്‍വ്വേ യുക്മ രാജ്യ വ്യാപകമായി ആരംഭിച്ചുകഴിഞ്ഞു. രാജ്യത്തെ വിവിധ ആശുപത്രികളില്‍ ഇത്തരം സാമഗ്രികളുടെ ലഭ്യത വ്യത്യസ്ത അനുപാതത്തിലാണ് ഉള്ളത്. ഏത് സ്ഥലങ്ങളിലാണ് പ്രകടമായ പോരായ്മ എന്ന് കണ്ടെത്തി അധികാരികളെ അറിയിക്കുവാനുള്ള ബ്രഹത്തായ ലക്ഷ്യമാണ് ഈ സര്‍വ്വേയിലൂടെ യുക്മ ലക്ഷ്യമിടുന്നത്.

PPE സാമഗ്രികളുടെ ലഭ്യതയെക്കുറിച്ച് മലയാളി സമൂഹത്തില്‍ നിലനില്‍ക്കുന്ന ആശങ്ക പ്രധാനമന്ത്രി, ഹെല്‍ത്ത് സെക്രട്ടറി, ഷാഡോ ഹെല്‍ത്ത് സെക്രട്ടറി എന്നിവരുടെ ശ്രദ്ധയില്‍പ്പെടുത്തിക്കഴിഞ്ഞു എന്ന് യുക്മ ദേശീയ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള, ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ് എന്നിവര്‍ അറിയിച്ചു. നേരത്തേ നല്‍കിയിരിക്കുന്ന പരാതിയുടെ തുടര്‍ച്ചയെന്ന നിലയില്‍ വ്യക്തമായ കണക്കുകളോടെ അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തുന്നതിനാണ് ഈ സര്‍വ്വേ നടത്തുന്നതെന്ന് യുക്മ നേഴ്‌സസ് ഫോറം ദേശീയ കോര്‍ഡിനേറ്റര്‍ സാജന്‍ സത്യന്‍ വ്യക്തമാക്കി.

കോവിഡ് - 19 ഉള്ളതോ, ഉണ്ടെന്ന് സംശയിക്കപ്പെടുന്നതോ ആയ രോഗികളെ പരിചരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മതിയായ PPE ലഭിക്കുന്നില്ല എന്ന പരാതി പല സ്ഥലങ്ങളില്‍നിന്നും ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇതില്‍ യാഥാര്‍ഥ്യം ഉണ്ടെങ്കില്‍ അത് ഭരണപരമായും ധാര്‍മ്മീകമായും ഗുരുതരമായ സ്ഥിതിവിശേഷമാണ്. ലോകാരോഗ്യ സംഘടന നിഷ്‌ക്കര്‍ഷിച്ചിരിക്കുന്ന PPE ലഭ്യമാകുന്നുണ്ടെന്ന് NHS ആവര്‍ത്തിച്ച് പറയുന്നുമുണ്ട്. ഇത് പൊതുസമൂഹത്തില്‍ വലിയ ആശയക്കുഴപ്പം ആണ് സൃഷ്ടിച്ചിരിക്കുന്നത്.

ഇതിന്റെ യാഥാര്‍ഥ്യം മനസിലാക്കുവാനും, ഈ വിഷയത്തില്‍ ക്രിയാത്മകമായി ഇടപെടുവാനും വേണ്ടിയാണ് രാജ്യവ്യാപകമായി യുക്മ സര്‍വ്വേ സംഘടിപ്പിക്കുന്നത്. യുക്മ പോഷക സംഘടനയായ 'യുക്മ നേഴ്‌സസ് ഫോറം' ആണ് സര്‍വ്വേ തയ്യാറാക്കിയിരിക്കുന്നത്. ഇതിന്റെ ചോദ്യാവലി അടങ്ങിയ ഇ-മെയില്‍ യുക്മ അംഗ അസ്സോസിയേഷനുകള്‍ക്ക് അയച്ചു കൊടുത്തു കഴിഞ്ഞു. നിങ്ങള്‍ ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു വ്യക്തി ആണെങ്കില്‍, വെറും രണ്ട് മിനിറ്റ് മാത്രം എടുക്കുന്ന ഈ ചോദ്യാവലി പൂരിപ്പിച്ചു അയക്കണമെന്ന് യുക്മ നഴ്‌സസ് ഫോറം പ്രസിഡന്റ് സിന്ധു ഉണ്ണി, സെക്രട്ടറി ലീനുമോള്‍ ചാക്കോ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു. ഒപ്പം സാമൂഹ്യ മാധ്യമങ്ങളിലൂടെ കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരിലേക്ക് ഇത് എത്തിക്കണമെന്നും ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

PPE സാമഗ്രികളുടെ ലഭ്യത വിലയിരുത്തിക്കൊണ്ടുള്ള സര്‍വ്വേയില്‍ പങ്കെടുക്കുവാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

https://docs.google.com/forms/d/e/1FAIpQLSdxCKY4xbd7uJA9Lf8zI8TDTNul5NZDjZhCY_5Ggv22H4lhbw/viewform?usp=sf_link

Other News in this category



4malayalees Recommends