ഓസ്‌ട്രേലിയന്‍ നേവിയുടെ ഏറ്റവും വലിയ പടക്കപ്പല്‍ കോവിഡ്-19 ഭീഷണിയിലും ഇന്ന് ഒരു മാസത്തെ സെയിലിംഗിന് പോകുന്നു; തങ്ങള്‍ കടുത്ത കൊറോണ ആശങ്കയിലെന്ന് സെയിലര്‍മാര്‍; കര്‍ക്കശമായ ടെസ്റ്റ് നടത്തി രോഗമില്ലെന്നുറപ്പ് വരുത്തിയാണ് യാത്രയെന്ന് പ്രതിരോധ വകുപ്പ്

ഓസ്‌ട്രേലിയന്‍ നേവിയുടെ ഏറ്റവും വലിയ പടക്കപ്പല്‍ കോവിഡ്-19 ഭീഷണിയിലും ഇന്ന് ഒരു മാസത്തെ സെയിലിംഗിന് പോകുന്നു; തങ്ങള്‍ കടുത്ത കൊറോണ ആശങ്കയിലെന്ന് സെയിലര്‍മാര്‍; കര്‍ക്കശമായ ടെസ്റ്റ് നടത്തി രോഗമില്ലെന്നുറപ്പ് വരുത്തിയാണ് യാത്രയെന്ന് പ്രതിരോധ വകുപ്പ്
കൊറോണ വൈറസ് ബാധാ ഭീഷണി കടലിലും ശക്തമായ സാഹചര്യത്തില്‍ ഒരു മാസത്തെ പര്യടനത്തിന് ഒരുങ്ങുന്ന തങ്ങള്‍ക്കും ഏറെ പരിഭ്രമമുണ്ടെന്ന് വെളിപ്പെടുത്തി ഓസ്‌ട്രേലിയന്‍ നേവിയുടെ ഏറ്റവും വലിയ പടക്കപ്പലായ എച്ച്എംഎഎസ് അഡെലെയ്ഡിലെ സെയിലര്‍മാര്‍ രംഗത്തെത്തി. ഇന്നാണ് സിഡ്‌നിയിലെ ഗാര്‍ഡന്‍ ഐലന്റ് നേവല്‍ ബേസില്‍ നിന്നും യാത്ര തുടങ്ങുന്നത്. അത്യാവശ്യമായ ട്രെയിനിംഗിന് വേണ്ടിയാണീ യാത്രയെന്നാണ് പ്രതിരോധ വകുപ്പ് ഈ യാത്രയെ വിശേഷിപ്പിച്ചിരിക്കുന്നത്.

ദി ലാന്‍ഡിംഗ് ഹെലികോപ്റ്റര്‍ ഡോക്കോട് കൂടിയ ഈ കപ്പല്‍ ടൗണ്‍സ് വില്ലെയില്‍ ഏപ്രില്‍ അവസാനം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കപ്പലിലെ സെയിലര്‍മാര്‍ക്ക് കടുത്ത കോവിഡ്-19 ഭീഷണിയാല്‍ ഭയമേറെയുണ്ടെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ഇതില്‍ ഒരാള്‍ക്ക് കൊറോണ ബാധയുണ്ടായാല്‍ എല്ലാവരും രോഗബാധിതരാകുമെന്ന ആശങ്കയും ശക്തമാണ്.ലോകം മുഴുവന്‍ കടുത്ത കൊറോണ ഭീഷണിയുയരുന്ന സാഹചര്യത്തിലും ഈ ട്രെയിനിംഗ് മിഷനുമായി മുന്നോട്ട് പോകുന്നതില്‍ തനിക്ക് അതിശയവും ആശങ്കയും തോന്നുന്നുവെന്നാണ് ഇതിലെ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു നേവല്‍ ഓഫീസര്‍ പ്രതികരിച്ചിരിക്കുന്നത്.

എന്നാല്‍ പബ്ലിക്ക് ഹെല്‍ത്ത് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ക്കശമായി പിന്തുടര്‍ന്ന് കൊണ്ടാണ് ഈ കപ്പല്‍ സെയിലിംഗിന് പോകുന്നതെന്നും അതിനാല്‍ ഭയപ്പെടേണ്ടതില്ലെന്നുമാണ് ഡിഫെന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് വിശദീകരണം നല്‍കിയിരിക്കുന്നത്. കപ്പല്‍ പുറപ്പെടുന്നതിന് മുമ്പ് ഇതിലെ ക്രൂ അംഗങ്ങളെ കര്‍ക്കശമായ കോവിഡ്-19 പരിശോധനകള്‍ക്ക് വിധേയമാക്കി രോഗമില്ലെന്നുറപ്പാക്കുമെന്നും പ്രതിരോധ വകുപ്പ് പറയുന്നു.

സേനയുടെ ആരോഗ്യമുറപ്പ് വരുത്താനായി നടത്തുന്ന പരിശോധനയില്‍ ഇവര്‍ക്ക് കോവിഡ്-19 ഉം ഇല്ലെന്ന് സ്ഥിരീകരിക്കുമെന്നാണ് ഡിഫെന്‍സ് വക്താവ് പറയുന്നത്. കോവിഡ് 19 പശ്ചാത്തലത്തില്‍ ഓസ്‌ട്രേലിയന്‍ നേവിയുടെ നിരവധി ട്രെയിനിംഗ് എക്‌സര്‍സൈസുകളും ഡിപ്ലോയ്‌മെന്റുകളും ആക്ടിവിറ്റികളും റദ്ദാക്കിയിട്ടുണ്ടെന്നും എന്നാല്‍ നേവിയുടെ എസെന്‍ഷ്യല്‍ റെഡിനെസ് ആക്ടിവിറ്റികള്‍ തുടരുമെന്നുമാണ് പ്രതിരോധ വകുപ്പ് വിശദീകരിക്കുന്നത്.

Other News in this category4malayalees Recommends