യുഎസില്‍ കൊറോണ മരണം 3800; മൊത്തം രോഗബാധിതര്‍ 1,64,359; യുഎസിലെ ഏവരെയും മാസ്‌ക് ധരിപ്പിച്ച് കൊറോണയെ പിടിച്ച് കെട്ടാന്‍ നീക്കം; അപൂര്‍വ നിര്‍ദേശവുമായി ട്രംപിന്റെ കൊറോണ വൈറസ് ടാസ്‌ക് ഫോഴ്‌സ്; ട്രംപിനും അനുകൂല നിലപാട്

യുഎസില്‍ കൊറോണ മരണം 3800; മൊത്തം രോഗബാധിതര്‍ 1,64,359; യുഎസിലെ ഏവരെയും മാസ്‌ക് ധരിപ്പിച്ച് കൊറോണയെ പിടിച്ച് കെട്ടാന്‍ നീക്കം; അപൂര്‍വ നിര്‍ദേശവുമായി ട്രംപിന്റെ കൊറോണ  വൈറസ് ടാസ്‌ക് ഫോഴ്‌സ്;  ട്രംപിനും അനുകൂല നിലപാട്
അമേരിക്കയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 3800 ആയി ഉയരുകയും രോഗബാധിതരുടെ എണ്ണം 1,64,359 ആവുകയും ചെയ്ത സാഹചര്യത്തില്‍ രാജ്യത്തുള്ളവരെയെല്ലാം മാസ്‌ക് ധരിപ്പിക്കാനുളള നീക്കം ഉന്നത തലത്തില്‍ ത്വരിതപ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ട്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കൊറോണ വൈറസ് ടാസ്‌ക് ഫോഴ്‌സിലെ മിക്ക അംഗങ്ങളും ഈ ആശയം നടപ്പിലാക്കുന്നതിന് പച്ചക്കൊടി കാട്ടിയെന്നാണ് വെളിപ്പെട്ടിരിക്കുന്നത്.

ഇത് പ്രകാരം വൈറസ് വ്യാപനം പിടിച്ച് കെട്ടുന്നതിനായി അമേരിക്കയിലെ മിക്കവരും പൊതു ഇടങ്ങളില്‍ ഇടപഴകുമ്പോള്‍ മാസ്‌ക് ധരിക്കണമെന്ന നിര്‍ദേശമാണ് അവര്‍ അംഗീകരിച്ചിരിക്കുന്നത്. ചൊവ്വാഴ്ചത്തെ വൈറ്റ് ഹൗസ് ബ്രീഫിംഗില്‍ ട്രംപും ഈ ആശയത്തോട് തുറന്ന നിലപാട് പ്രകടിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്. കൊറോണ വൈറസിന്റെ പകര്‍ച്ചയെ അതിജീവിക്കുന്നതിനായി ഏത് വിധത്തില്‍ ഏവരെയും മാസ്‌ക് ധരിപ്പിക്കാമെന്ന ഡ്രാഫ്റ്റ് റെക്കമെന്‍ഡേഷനുകള്‍ കൊറോണ വൈറസ് ടാസ്‌ക്‌ഫോഴ്‌സ് പദ്ധയിട്ട് വരുന്നുവെന്നും സൂചനയുണ്ട്.

ജനം ഇത്തരത്തില്‍ വ്യാപകമായി മാസ്‌ക് ധരിക്കുന്നതിലൂടെ കൊറോണയെ പ്രതിരോധിക്കാനാവുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നാണ് ട്രംപ് ഇന്നലെ ഈ നിര്‍ദേശത്തോട് പ്രതികരിച്ചിരിക്കുന്നത്. കൊറോണയുടെ പ്രകടമായ ലക്ഷണങ്ങള്‍ കാണിക്കാത്തവര്‍ സമൂഹവുമായി ഇടപഴകി നടക്കുകയും അവരില്‍ നിന്നും മറ്റുള്ളവരിലേക്ക് കൊറോണ വൈറസ് എത്തുന്നത് തടയാനും മാസ്‌ക് ഉപകാരപ്പെടുമെന്നാണ് ട്രംപ് ഭരണകൂടത്തിലെ പ്രമുഖരെല്ലാം വിശ്വസിക്കുന്നതെന്നും വൈറ്റ്ഹൗസ് വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു.

എന്നാല്‍ ഇത്തരത്തില്‍ മാസ്‌ക് ധരിച്ചാല്‍ പിന്നെ കൊറോണയെ പേടിക്കേണ്ടതില്ലെന്ന തെറ്റായ സന്ദേശം ജനത്തിന് ലഭിക്കാന്‍ സാധ്യതയുണ്ടെന്നും തുടര്‍ന്ന് അവര്‍ സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് നിയമങ്ങള്‍ പാലിച്ചേക്കില്ലെന്നും മാസ്‌ക് നിര്‍ദേശത്തെ എതിര്‍ത്തു കൊണ്ട് ടാസ്‌ക്‌ഫോഴ്‌സിലെ ഡോ. ഡെബോറാ ബിര്‍ക്‌സ് അടക്കമുള്ളവര്‍ നേരത്തെ മുന്നറയിപ്പേകിയിരുന്നു. എന്നാല്‍ നിലവില്‍ രാജ്യത്ത് വൈറസ് യാതൊരു നിയന്ത്രണവുമില്ലാതെ പടരുന്ന സാഹചര്യത്തില്‍ മാസ്‌ക് ധരിക്കുന്നത് കൊണ്ട് രോഗവ്യാപനത്തിന് അല്‍പമെങ്കിലും കുറവ് വരുത്താനാവുമെന്ന പ്രതീക്ഷ ശക്തമായതിനെ തുടര്‍ന്നാണ് ഈ നിര്‍ദേശം പ്രാവര്‍ത്തികമാക്കുന്നതിനുള്ള ചരടുവലികള്‍ വീണ്ടും തുടങ്ങിയിരിക്കുന്നത്.




Other News in this category



4malayalees Recommends