'ഫൈറ്റ് എഗൈന്‍സ്റ്റ് കോവിഡ്-19' എന്ന പരസ്പര സഹായ സംരംഭത്തിന് പുതിയ ജാലകം തുറന്ന് യുണൈറ്റഡ് മലയാളി ഓര്‍ഗനൈസേഷനും, കെയറിംഗ് ഹാന്‍ഡ്സ് ഇന്ത്യയും

'ഫൈറ്റ് എഗൈന്‍സ്റ്റ് കോവിഡ്-19' എന്ന പരസ്പര സഹായ സംരംഭത്തിന് പുതിയ ജാലകം തുറന്ന് യുണൈറ്റഡ് മലയാളി ഓര്‍ഗനൈസേഷനും, കെയറിംഗ് ഹാന്‍ഡ്സ് ഇന്ത്യയും

ലോകജനതയെ ആകെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് കൊറോണ വൈറസ് മൂലമുള്ള സാംക്രമിക രോഗം കോവിഡ് - 19, വൈദ്യശാസ്ത്രത്തിനും നിലവിലെ ചികിത്സാ രീതികള്‍ക്കും പരിമിതികള്‍ നിശ്ചയിച്ച് മരണം വിതച്ച് പടര്‍ന്ന് പിടിക്കുകയാണ്. ലോകരാജ്യങ്ങള്‍ അതിര്‍ത്തികള്‍ അടച്ചും, സാമൂഹിക അകലം പാലിക്കാന്‍ നിര്‍ദ്ദേശിച്ചും, ശുചിത്വപാലനവും, അന്യസമ്പര്‍ക്കമില്ലാതെ വീടുകളില്‍ തന്നെ കഴിയാന്‍ നിര്‍ബന്ധമായി പ്രേരിപ്പിച്ചും, ജനങ്ങളെ സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കാന്‍ ഉദ്‌ബോധിപ്പിച്ചും ഈ രോഗത്തെ പ്രതിരോധിക്കാന്‍ കിണഞ്ഞു ശ്രമിക്കുമ്പോള്‍, ദിനം പ്രതി നാ ശ്രവിക്കുന്ന ആശ്വാസകരമല്ലാത്ത വാര്‍ത്തകള്‍ നമ്മളില്‍ വളര്‍ത്തുന്നത് ഉത്ഖണ്ഠയും ആകാംക്ഷയുമാണ്.


യു കെ യിലെ സമൂഹത്തിന് പ്രാപ്യമായ രീതിയില്‍, നിസ്തുല സേവനം നല്‍കുന്ന യു കെ മലയാളികളുടെ ഏക പൊതു സംഘടനയായ യുണൈറ്റഡ് മലയാളി ഓര്‍ഗനൈസേഷന്റെ 02070626688 എന്ന ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍ എല്ലാവര്‍ക്കും ആശ്വാസകരമാകുന്നുണ്ട് എങ്കിലും, ഇന്ത്യയിലും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമുള്ള ഉറ്റവരെയും, ഉടയവരെയും അവരുടെ ക്ഷേമവും നമ്മുടെ മനസ്സില്‍ ആധിയായി വളരുമ്പോള്‍ അതിന് അല്‍പ്പമെങ്കിലും ആശ്വാസമാകുന്ന തരത്തിലുള്ള പ്രാഥമിക ചുവടുവയ്പുമായി ഒരു കൂട്ടായ്മ രൂപം കൊള്ളുകയാണ്. യു കെ മലയാളികളുടെ പൊതു വ്യക്തിഗത കൂട്ടായ്മയായ യുണൈറ്റഡ് മലയാളി ഓര്‍ഗനൈസേഷനും, കെയറിംഗ് ഹാന്‍ഡ്സ് ഇന്ത്യയും ചേര്‍ന്നുള്ള ഈ കൂട്ടായ്മയുടെ caringhandsindia.org എന്ന വെബ്സൈറ്റിലൂടെ യു കെ യിലെ പരസ്പര സഹായ സംരംഭത്തിന് പ്രാമുഖ്യം നല്‍കുന്നതോടൊപ്പം, വിവിധ ഭാഷകളില്‍ പരിചയസമ്പന്നരായ ഡോക്ടര്‍മാരുടെ ഉപദേശവും, പരിരക്ഷയും ഈ വെബ്‌സൈറ്റ് സേവനം ഉപയോഗിക്കുന്ന ഏതൊരാള്‍ക്കും സൗജന്യമായി ലഭ്യമാക്കുകയാണ്.

caringhandsindia.org എന്ന വെബ്സെറ്റില്‍ പ്രധാനമായും മൂന്ന് ലിങ്കുകളാണ് ഉള്ളത്. ഇതില്‍ പ്രധാനമായും കേരളത്തിലും മറ്റുള്ള ഇടങ്ങളിലും ഉള്ള ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ക്ഷേമത്തെ പറ്റി ഉല്‍കണ്ഠ ഉള്ള ഏതൊരാള്‍ക്കും ഗുണകരമാകുന്നത് coronacare എന്ന ലിങ്കാണ്. ഇത് ആയിരക്കണക്കിന് സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരും, ഒരു ലക്ഷത്തിലധികം ഹോസ്പിറ്റല്‍ ബെഡ് സൗകര്യവുമുള്ള കാത്തലിക്ക് ഹോസ്പിറ്റല്‍ അസോസിയേഷന്‍ ഇന്ത്യ അടക്കമുള്ള ആതുരസേവന രംഗത്തെ പ്രമുഖരെ യുണൈറ്റഡ് മലയാളി ഓര്‍ഗനൈസേഷന്റെ ശ്രമഫലമായി ഒന്നിപ്പിക്കുന്ന ജാലകമാണ്. വെബ് കോളിങ് സൗകര്യമുള്ള ഈ ലിങ്കില്‍ നിങ്ങള്‍ക്ക് താല്പര്യമോ ആരോഗ്യനിലയില്‍ ആകാംക്ഷയോ ഉള്ള ആളുടെ പേര് വിവരങ്ങളും വിളിക്കാനുള്ള ഫോണ്‍ നമ്പറും നല്‍കിയാല്‍ വിവിധ ഭാഷകള്‍ കൈകാര്യം ചെയ്യുന്ന സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ അവരെ വിളിച്ച് അവര്‍ക്ക് ആവശ്യമായ ആരോഗ്യപരമായ ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കുന്നതാണ്. നാട്ടിലുള്ള നമ്മുടെ ബന്ധുക്കളുടെയോ മാതാപിതാക്കളുടെയോ ആരോഗ്യനിലയില്‍ ആകാംക്ഷയോ താല്പര്യമോ ഉള്ളവര്‍ക്ക് ആശ്വാസമേകുന്നതാണ് ഈ സംവിധാനം.

ആതുര സേവന രംഗത്ത് വിശ്വാസ്യമാര്‍ന്ന സേവനം പതിറ്റാണ്ടുകളായി ചെയ്തുകൊണ്ടിരിക്കുന്ന രാജഗിരി ഹോസ്പിറ്റല്‍ പോലുള്ള അനേകം സ്ഥാപനങ്ങളുടെ ഏകോപന ശ്രുംഖലയാണ് കെയറിംഗ് ഹാന്‍ഡ്സ് ഇന്ത്യയുടെയും, യുണൈറ്റഡ് മലയാളി ഓര്‍ഗനൈസേഷന്റെയും സഹകരണത്തോടെ നമ്മുടെ പ്രിയപ്പെട്ടവര്‍ക്കായി ഏക ജാലകത്തില്‍ ഈ വെബ്സൈറ്റിലൂടെ ലഭ്യമാക്കുന്നത്. ഈ വെബ് സൈറ്റില്‍ ലാഭേച്ഛ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന യു കെ യിലെ പ്രമുഖ മലയാളി സംഘടനയായ യുണൈറ്റഡ് മലയാളി ഓര്‍ഗനൈസേഷന്റെ ഫൈറ്റ് എഗൈന്‍സ്റ്റ് കോവിഡ്-19 ഹെല്‍പ്പ് ലൈന്‍ നമ്പറും സേവനങ്ങളും ഉള്‍ക്കൊള്ളുന്ന ലിങ്കുകളും, അതിന് സഹായകമാകുന്ന സാങ്കേതിക വിദഗ്ദ്ധരുടെ സേവന ലിങ്കുകളും ഉണ്ട്.

ആദ്യത്തേത് നാല്‍പ്പതോളം സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരും, നേഴ്‌സ് സ്‌പെഷ്യലിസ്റ്റുകളും പൊതുവായ ഉപദേശങ്ങള്‍ നല്‍കുന്ന യുണൈറ്റഡ് മലയാളി ഓര്‍ഗനൈസേഷന്റെ ഹെല്‍പ്പ്‌ലൈന്‍ നമ്പറും, യു കെ മലയാളികള്‍ക്കും, ഹെല്‍ത്ത്‌കെയര്‍ രംഗത്ത് ജോലി ചെയ്യുന്നവര്‍ക്കും വേണ്ട നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും അടങ്ങിയ ഫെയ്സ്ബുക്ക് ഗ്രൂപ്പിലേക്കുള്ള കണ്ണാടിയുമാണ്.

രണ്ടാമത്തേത്, ഗ്രൂപ്പ് മീറ്റിങ്ങുകള്‍ക്കും, വീഡിയോ കോണ്‍ഫറന്‍സുകള്‍ക്കും, ആധുനിക സാങ്കേതിക വിദ്യാ സഹായത്തോടെയുള്ള ഡോക്ടര്‍-രോഗീ കൂടിക്കാഴ്ച്ചക്കും, രോഗനിര്‍ണയ - ചികിത്സാ - പരിപാലനത്തിനും സാധ്യതയുള്ള ഉണര്‍വ് ടെലിമെഡിസിന്റെ വിവരങ്ങളാണ്. യുണൈറ്റഡ് മലയാളി ഓര്‍ഗനൈസേഷന്റെ നേതൃത്വത്തിലുള്ള ക്ലിനിക്കല്‍ ഗ്രൂപ്പ്, പ്രൊഫഷണല്‍സ് ഗ്രൂപ്പ്, വോളന്റിയേഴ്‌സ് ഗ്രൂപ്പ് എന്നിവര്‍ ചേരുന്ന യുകെയിലെ പരസ്പര സഹായ സംരംഭം ഗ്രൂപ്പ് മീറ്റിങ്ങുകള്‍ക്കും, ഇതര ആവശ്യങ്ങള്‍ക്കുമായി ഉപയോഗിച്ച് ഉത്തമമാണെന്ന് ഉറപ്പുവരുത്തിയ വെബ് പ്ലാറ്റ്ഫോമാണിത്.

ഈ വിഷമഘട്ടത്തില്‍, യു കെ യില്‍ പൊതുവായ ഉപദേശങ്ങള്‍ക്കോ, അന്യസമ്പര്‍ക്കമില്ലാതെ ജീവിക്കേണ്ടി വരുന്ന സാഹചര്യത്തിലുള്ള അത്യാവശ്യ സഹായങ്ങള്‍ക്കോ യു കെ മലയാളികളുടെ പൊതു സംഘടനയായ യുണൈറ്റഡ് മലയാളി ഓര്‍ഗനൈസേഷന്റെ 02070626688 എന്ന ഹെല്‍പ്പ് ലൈനില്‍ വിളിക്കുക. കേരളത്തിലോ, ഇന്ത്യയില്‍ എവിടെയെങ്കിലുമോ ഉള്ള ബന്ധുക്കളെയോ, സുഹൃത്തുക്കളെയോ ഓര്‍ത്ത് വിഷമിക്കുന്നു എങ്കില്‍ caringhandsindia.org എന്ന വെബ്സൈറ്റിലെ ലിങ്കിലൂടെ അവരുടെ പരിചരണം വിശ്വസ്ത കരങ്ങളില്‍ ഏല്‍പ്പിക്കുക. പകച്ചു നില്‍ക്കാതെ ഈ മഹാമാരിയെ ചെറുത്തു തോല്‍പ്പിക്കാന്‍ നമുക്ക് ഒന്നിക്കാം

Other News in this category



4malayalees Recommends