യുകെയില്‍ കൊറോണ ബാധിച്ചവരില്‍ മൂന്നിലൊന്ന് പേരും ആഫ്രിക്കന്‍-ഏഷ്യന്‍ വംശജര്‍; കൂടുതല്‍ മരണനിരക്കും ബിഎംഇ വിഭാഗത്തില്‍ പെടുന്നവരില്‍; യുകെയിലെ മലയാളികള്‍ അടക്കമുള്ള കുടിയേറ്റക്കാര്‍ കരുതലേറെയെടുത്തില്ലെങ്കില്‍ കടുത്ത അപകടം

യുകെയില്‍ കൊറോണ ബാധിച്ചവരില്‍ മൂന്നിലൊന്ന് പേരും ആഫ്രിക്കന്‍-ഏഷ്യന്‍ വംശജര്‍; കൂടുതല്‍ മരണനിരക്കും ബിഎംഇ വിഭാഗത്തില്‍ പെടുന്നവരില്‍; യുകെയിലെ മലയാളികള്‍ അടക്കമുള്ള കുടിയേറ്റക്കാര്‍ കരുതലേറെയെടുത്തില്ലെങ്കില്‍ കടുത്ത അപകടം
യുകെയില്‍ നാളിതുവരെയുള്ള കൊറോണ മരണങ്ങളും രോഗികളുടെ എണ്ണവും കണക്കിലെടുത്താല്‍ ഇത് ഏറെ ബാധിച്ചിരിക്കുന്നത് രാജ്യത്തെ ബ്ലാക്ക് ആന്‍ഡ് എത്നിക് മൈനോറിറ്റി (ബിഎംഇ)വിഭാഗങ്ങളില്‍ പെട്ടവരയൊണെന്ന ഞെട്ടിപ്പിക്കുന്ന കണക്കുമായി എന്‍എച്ച്എസ് രംഗത്തെത്തി. ഇത്പ്രകാരം രാജ്യത്ത് നാളിതുവരെ കോവിഡ്-19 ബാധിച്ചവരില്‍ മൂന്നിലൊന്ന് പേരും ആഫ്രിക്കന്‍-ഏഷ്യന്‍ വംശജരും മറ്റ് ന്യൂനപക്ഷങ്ങളില്‍ പെട്ടവരുമാണ്.

കൊറോണ മരണനിരക്കും താരതമ്യേന ഇവരിലാണ് കൂടുതലുളളതെന്നും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇതിനാല്‍ യുകെയിലെ മലയാളികള്‍ അടക്കമുള്ള കുടിയേറ്റക്കാര്‍ ഈ കൊറോണ കാലത്ത് കടുത്ത ജാഗ്രത പാലിച്ചില്ലെങ്കില്‍ അപകടത്തിലാകുമെന്നാണ് മുന്നറിയിപ്പ്.ബിഎംഇ വിഭാഗത്തില്‍ പെട്ടവര്‍ രാജ്യത്തെ ജനസംഖ്യയുടെ വെറും 13 ശതമാനം മാത്രമേ വരുന്നുള്ളുവെങ്കിലും യുകെയിലെ കോവിഡ്-19 പിടിപെട്ടവരില്‍ മൂന്നിലൊന്നും മലയാളികള്‍ അടക്കമുള്ള ഈ കാറ്റഗറിയിലുള്ളവരാണെന്നാണ് ഇത് സംബന്ധിച്ച എന്‍എച്ച്എസ് കണക്കുകള്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പേകുന്നത്.

കൊറോണ ബാധ, കൊറോണ മരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട ഈ ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്ത് വിട്ടിരിക്കുന്നത് ഇന്റന്‍സീവ് കെയര്‍ നാഷണല്‍ ഓഡിറ്റ് ആന്‍ഡ് റിസര്‍ച്ച് സെന്ററാണ്.യുകെയില്‍ ഈ കൊലയാളി വൈറസ് പിടിപെട്ടിരിക്കുന്നവരില്‍ 14 ശതമാനം പേര്‍ ഏഷ്യക്കാരും 14 ശതമാനം പേര്‍ ബ്ലാക്ക് വിഭാഗത്തില്‍ പെട്ടവരും ഏഴ് ശതമാനം പേര്‍ സ്വയം ' അതര്‍' കാറ്റഗറിയിലുള്‍പ്പെടുന്നവരുമാണെന്നും ഇന്റന്‍സീവ് കെയര്‍ നാഷണല്‍ ഓഡിറ്റ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ റിപ്പോര്‍ട്ട് എടുത്ത് കാട്ടുന്നു.

കൂടാതെ രാജ്യത്ത് ഇത്രയും ദിവസങ്ങള്‍ക്കിടെ സംഭവിച്ച കോവിഡ്-19 ബാധിച്ച് ജീവന്‍ നഷ്ടപ്പെട്ടവരില്‍ 2249 പേര്‍ വെള്ളക്കാരല്ലാതത് സമൂഹങ്ങളില്‍ പെട്ടവരാണെന്നും സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു. രാജ്യത്തെ ജനവിഭാഗങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ എത്നിക് മൈനോറിറ്റി കാറ്റഗറിയിലുള്ളവര്‍ പാവപ്പെട്ടവരാണ്. ഇക്കാരണത്താല്‍ ഇത്തരക്കാരെ കോവിഡ്-19 പിടിപെടുന്നതിനുള്ള കാരണങ്ങളേറെയാണ്. പരിമിതമായ ജീവിതസാഹചര്യങ്ങളോട് പൊരുതേണ്ടി വരുന്നതിനാല്‍ ഈ വിഭാഗത്തില്‍ പെടുന്നവരില്‍ പുകവലി, മദ്യപാനം തുടങ്ങിയ അനാരോഗ്യശീലങ്ങളേറെയാണ്.

ഇതിനാല്‍ ഇവരുടെ പ്രതിരോധ ശേഷി വല്ലാതെ കുറയുകയും കോവിഡ്-19 പോലുള്ള വ്യാധികള്‍ക്ക് എളുപ്പം അടിപ്പെടുമെന്നും എന്‍എച്ച്എസ് കണക്കുകള്‍ എടുത്ത്കാട്ടുന്നു. ഇത്തരത്തില്‍ ലഹരിക്കടിപ്പെടുന്നതിനാല്‍ ഇവര്‍ക്ക് അര്‍ബുദം, ഹൃദയരോഗങ്ങള്‍, ശ്വാസകോശ അസുഖങ്ങള്‍ തുടങ്ങിയവ പിടിപെടാന്‍ സാധ്യതയേറെയാണെന്നും ഇത്തരം രോഗമുളളവര്‍ക്ക് കൊറോണ വന്നാല്‍ മരണം സംഭവിക്കുന്നതിനുള്ള സാധ്യതയേറെയുമാണ്. യുകെയില്‍ ഇത്തരക്കാര്‍ കൊറോണ ബാധിച്ച് മരിക്കുന്നതിന് ഇതൊരു പ്രധാനകാരണമായി വര്‍ത്തിക്കുന്നുവെന്നും സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു.

യുകെയിലെ ബിഎംഇ വിഭാഗത്തില്‍ പെടുന്നവരില്‍ ഭൂരിഭാഗം പേരും പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് സംവിധാനമാണ് മുഖ്യമായും സഞ്ചാരത്തിനുപയോഗിക്കുന്നത്. യാത്രക്കാര്‍ തിങ്ങി നിറഞ്ഞ ട്രെയിനുകളില്‍ നിന്നും ബസുകളില്‍ നിന്നും ഇവര്‍ക്ക് വേഗത്തില്‍ കോവിഡ്-19 പടരുന്നതിന് വഴിയൊരുക്കിയിട്ടുണ്ട്. ഇതിന് പുറമെ ഇടുങ്ങിയ വീടുകളില്‍ നിരവധി പേര്‍ക്കൊപ്പം കഴിയുന്നവരാണ് ബിഎംഇ കാറ്റഗറിയില്‍ പെട്ടവര്‍. ഇക്കാരണത്താലും ഇവരില്‍ കൊലയാളി വൈറസ് വേഗത്തില്‍ പടര്‍ന്ന് പിടിച്ച് അപകസാധ്യയേറ്റുന്നുണ്ടെന്നും ഇന്റന്‍സീവ് കെയര്‍ നാഷണല്‍ ഓഡിറ്റ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ റിപ്പോര്‍ട്ട് മുന്നറിയിപ്പേകുന്നു.


Other News in this category



4malayalees Recommends