എന്‍എച്ച്എസ് ജീവനക്കാരെല്ലാം കൊറോണയ്ക്ക് ബലി കൊടുക്കപ്പെടുമോ...? ഏറ്റവും ഒടുവില്‍ കോവിഡ്-19ന് ഇരയായത് കാര്‍ഡിഫിലെ ഇന്ത്യന്‍ വംശജനായ പ്രമുഖ ഹാര്‍ട്ട് സ്‌പെഷ്യലിസ്റ്റ്; കൊലയാളി വൈറസിനോട് പൊരുതി മരിക്കുന്ന ഡോക്ടര്‍മാരും നഴ്‌സുമാരും പെരുകുന്നു

എന്‍എച്ച്എസ് ജീവനക്കാരെല്ലാം കൊറോണയ്ക്ക് ബലി കൊടുക്കപ്പെടുമോ...? ഏറ്റവും ഒടുവില്‍ കോവിഡ്-19ന് ഇരയായത് കാര്‍ഡിഫിലെ ഇന്ത്യന്‍ വംശജനായ പ്രമുഖ ഹാര്‍ട്ട് സ്‌പെഷ്യലിസ്റ്റ്; കൊലയാളി വൈറസിനോട് പൊരുതി മരിക്കുന്ന ഡോക്ടര്‍മാരും നഴ്‌സുമാരും പെരുകുന്നു
എന്‍എച്ച്എസില്‍ കൊറോണ ബാധിച്ച് മരിക്കുന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാര്‍ , മറ്റ് ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ തുടങ്ങിയവരുടെ എണ്ണം അനുദിനമെന്നോണം പെരുകി വരുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ മുന്നറിയിപ്പേകുന്നു.വേണ്ടത്ര സുരക്ഷാ സംവിധാനങ്ങള്‍ പോലുമില്ലാതെ കൊറോണ രോഗികളെ പരിചരിക്കുന്നതിനിടയിലാണ് ഇവരില്‍ പലര്‍ക്കും രോഗബാധയുണ്ടായിരിക്കുന്നതെന്ന വേദനാജനകമായ സത്യവും ആവര്‍ത്തിച്ച് സ്ഥിരീകരിക്കപ്പെട്ട് കൊണ്ടിരിക്കുന്നുമുണ്ട്.കാര്‍ഡിഫിലെ പ്രമുഖ ഹാര്‍ട്ട് സ്‌പെഷ്യലിസ്റ്റായ ഇന്ത്യന്‍ ഡോക്ടര്‍ ജിതേന്ദ്ര റാത്തോഡ്(58) ആണ് കോവിഡ്-19 പിടിപെട്ട് പൊലിഞ്ഞിരിക്കുന്ന എന്‍എച്ച്എസ് ജീവനക്കാരനായ ഏറ്റവും പുതിയ ഇര.

കാര്‍ഡിഫിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍ ഓഫ് വെയില്‍സില്‍ വച്ചാണ് ഇദ്ദേഹത്തിന് കോവിഡ്-19 ഗുരുതരമായതിനെ തുടര്‍ന്ന് ജീവന്‍ നഷ്ടമായിരിക്കുന്നത്. 1990കളുടെ മധ്യം മുതല്‍ ഇതേ ആശുപത്രിയിലെ കാര്‍ഡിയോതൊറാസിസ് സര്‍ജറിയിലെ അസോസിയേറ്റ് സ്പെഷ്യലിസ്റ്റായ ജിതേന്ദ്ര ഇടവേളയില്‍ കുറച്ച് കാലം വിദേശത്തേക്ക് പോയി ജോലി ചെയ്തിരുന്നുവെങ്കിലും 2006ല്‍ ഇദ്ദേഹം യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍ ഓഫ് വെയില്‍സിലേക്ക് തന്നെ തിരിച്ചെത്തിയിരുന്നു.ജോലിയെ ജീവശ്വാസമായി കണ്ടിരുന്ന ഈ ഡോക്ടര്‍ക്ക് ഭാര്യയും രണ്ട് കുട്ടികളാണുള്ളത്. നിരവധി നിര്‍ണായകമായ സര്‍ജറികള്‍ ചെയ്ത് വിജയിപ്പിച്ച് അന്താരാഷ്ട്രതലത്തില്‍ തന്നെ പേരെടുത്ത ഡോക്ടറെയാണ് കൊറോണ കവര്‍ന്നെടുത്തിരിക്കുന്നത്.

കോവിഡ്-19 ബാധിച്ച് എന്‍എച്ച്എസിലെ നഴ്‌സുമാരും ഡോക്ടര്‍മാരും മരണത്തിന് കീഴടങ്ങുന്ന ഗുരുതരമായ പ്രശ്‌നം യുകെ നേരിട്ട് കൊണ്ടിരിക്കുന്നതിനിടയിലാണ് ജിതേന്ദ്രയും ആ വഴിയേ പോയിരിക്കുന്നതെന്നത് ഈ പ്രശ്‌നത്തിന്റെ ആഴം ഒരിക്കല്‍ കൂടി എടുത്ത് കാട്ടപ്പെട്ടിരിക്കുകയാണ്.എയിന്‍ട്രീ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ദീര്‍ഘകാലമായി സ്റ്റാഫ് നഴ്‌സായി സേവനമനുഷ്ഠിക്കുന്ന ഗ്ലാനിസ്റ്റര്‍ എന്ന 68 കാരി റോയല്‍ ലിവര്‍പൂള്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ വച്ച് വെള്ളിയാഴ്ച കൊറോണ ബാധിച്ച് മരിച്ചിരുന്നു.എസെക്‌സിലെ ഹാര്‍ലോയിലെ ദി പ്രിന്‍സസ് അലക്‌സാണ്ട്ര ഹോസ്പിറ്റലിലെ മിഡ് വൈഫായ ലിന്‍സെ കവന്‍ട്രി(54) വ്യാഴാഴ്ച കോവിഡ്-19 പിടിപെട്ട് മരണത്തിന് കീഴടങ്ങിയിരുന്നു.

കൂടാതെ വെള്ളിയാഴ്ച വാട്ട്ഫോര്‍ഡ് ജനറല്‍ ആശുപത്രിയില്‍ കോവിഡ്-19 അസുഖബാധിതരെ ശുശ്രൂഷിച്ചെത്തിയ 23 കാരനായ ഫിലിപ്പിനോ നഴ്സായ ജോണ്‍ അലഗോസ് കൊറോണ അധികരിച്ച് കുഴഞ്ഞ് വീണ് മരിച്ചിരുന്നു. ഇതിന് പുറമെ എന്‍എച്ച്എസിലെ നഴ്‌സുമാരായ വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലെ വാല്‍സാല്‍ മാനറിലെ 36കാരിയായ അരീമ നസ്രീന്‍ വെള്ളിയാഴ്ചയും കെന്റിലെ മാര്‍ഗററ്റിലെ ക്യൂന്‍ മദര്‍ ഹോസ്പിറ്റലില്‍ 38 കാരി എയ്മീ ഓ റൗര്‍കെ വ്യാഴാഴ്ചയും കൊറോണ ബാധിച്ച് മരിച്ചിരുന്നു.

നോര്‍ത്ത് ഈസ്റ്റ്‌ലണ്ടനില്‍ സേവനമനുഷ്ഠിച്ചിരുന്ന 57കാരനായ തോമസ് ഹാര്‍വി, നോര്‍ത്ത് വെസ്റ്റ് ലണ്ടനിലെ ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റായ ട്രാസി ബ്രെന്നാന്‍ എന്നീ ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാരും കോവിഡ്-19 ബാധിച്ച് മരിച്ചിട്ട് അധിക നാളായിട്ടില്ല.നോര്‍ത്ത് വെസ്റ്റ് ലണ്ടനിലെ ഹെല്‍ത്ത് കെയര്‍വര്‍ക്കറായ ഗ്ലെന്‍ കോര്‍ബിന്‍ പെന്‍ഷനായതിന് ശേഷം കൊറോണ കാലത്ത് ജോലി ചെയ്യുന്നതിനായി എന്‍എച്ച്എസിലേക്ക് തിരിച്ച് വന്നയാളായായിരുന്നു. എന്നാല്‍ ചുരുങ്ങിയ ദിവസത്തിനുള്ളില്‍ ഇയാളുടെ ജീവനും കൊറോണ കവര്‍ന്നിട്ടുണ്ട്.

കഴിഞ്ഞ മാസം 31ന് വിറ്റിംഗ്ടണ്‍ ഹോസ്പിറ്റലിലെ ഡോ. അല്‍ഫ സാഡുവും മാര്‍ച്ച് 28ന് ലെയ്സെസ്റ്ററിലെ ഗ്ലെന്‍ഫീല്‍ഡ് ഹോസ്പിറ്റലിലെ ഇഎന്‍ടി സ്പെഷ്യലിസ്റ്റായ ഡോ. അംഗദ് എല്‍ ഹവ്റാനിയും കോവിഡ്-19ന് കീഴ്‌പ്പെട്ട് ജീവന്‍ നഷ്ടപ്പെട്ടവരാണ്.ഈസ്റ്റ് സസെക്സിലെ ഈസ്റ്റ് ബോണ്‍ ഡിസ്ട്രിക്ട് ജനറല്‍ ഹോസ്പിറ്റലില്‍ ഫാര്‍മസിസ്റ്റായ പൂജ ശര്‍മ(33)മാര്‍ച്ച് 26ന് മരിച്ചത് കോവിഡ്-19 വഷളായതിനെ തുടര്‍ന്നാണ്. സൗത്തന്‍ഡ് ഹോസിപിറ്റലില്‍ വച്ച് ഫാമിലി ജിപിയായ ഡോ. ഹബീബ് സൈദി എന്ന 76 കാരനും ഹെര്‍ഫോര്‍ഡ് കൗണ്ടി ഹോസ്പിറ്റലിലെ എ ആന്‍ഡ് ഇയില്‍ സേവനമനുഷ്ഠിച്ചിരുന്ന ഡോ. ല്‍െ ടയാറും കഴിഞ്ഞ മാസം 25ന് കോവിഡ്-19 പിടിപെട്ട് ജീവന്‍ നഷ്ടപ്പെട്ട എന്‍എച്ച്എസ ജീവനക്കാരാണ്.
Other News in this category4malayalees Recommends