ഓസ്‌ട്രേലിയയക്കാര്‍ ഈസ്റ്റര്‍ ഹോളിഡേക്കും വീട്ടിലിരിക്കണമെന്ന് പ്രധാനമന്ത്രി; കൊറോണയെ പിടിച്ച് കെട്ടുന്നതില്‍ രാജ്യം നേടിയ പുരോഗതി നിലനിര്‍ത്താന്‍ ഇത് മാത്രം വഴി; വൈറസ് വ്യാപനം കുറഞ്ഞെങ്കിലും വീട്ടിലിരുന്നേ പറ്റൂവെന്ന് സ്‌കോട്ട് മോറിസന്‍

ഓസ്‌ട്രേലിയയക്കാര്‍ ഈസ്റ്റര്‍ ഹോളിഡേക്കും വീട്ടിലിരിക്കണമെന്ന് പ്രധാനമന്ത്രി; കൊറോണയെ പിടിച്ച് കെട്ടുന്നതില്‍ രാജ്യം നേടിയ പുരോഗതി നിലനിര്‍ത്താന്‍ ഇത് മാത്രം വഴി;  വൈറസ് വ്യാപനം കുറഞ്ഞെങ്കിലും വീട്ടിലിരുന്നേ പറ്റൂവെന്ന് സ്‌കോട്ട് മോറിസന്‍
ഓസ്‌ട്രേലിയയില്‍ കടുത്ത നിയന്ത്രണങ്ങളിലൂടെ കോവിഡ്-19 ന്റെ വ്യാപനം കുറയ്ക്കാന്‍ സാധിച്ച അവസ്ഥയിലാണെങ്കിലും ഈസ്റ്റര്‍ ഹോളിഡേയ്ക്കും വീട്ടിലിരിക്കാന്‍ ജനം തയ്യാറാവണമെന്നും എന്നാല്‍ മാത്രമേ കൊറോണയെ പിടിച്ച് കെട്ടുന്നതിലുള്ള കാര്യത്തില്‍ രാജ്യം നേരിടിയിരിക്കുന്ന പുരോഗതി നിലനിര്‍ത്താന്‍ സാധിക്കുകയുള്ളുവെന്ന കടുത്ത മുന്നറിയിപ്പേകി പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ രംഗത്തെത്തി.നിലവില്‍ ഓസ്ട്രേലിയയില്‍ 5919 പേര്‍ക്ക് കൊറോണ ബാധിച്ചതില്‍ ഏതാണ്ട് പത്ത് ശതമാനത്തിനടുത്തുള്ളവര്‍ക്ക് മാത്രമാണ് ഇത് സാമൂഹിക വ്യാപനത്തിലൂടെ പടര്‍ന്നിരിക്കുന്നതെന്നും മോറിസന്‍ വ്യക്തമാക്കുന്നു.

മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ രാജ്യത്ത് മരണം വെറും 48 മാത്രമാണ് ഇത് വരെ സംഭവിച്ചിരിക്കുന്നതെന്നതും ആശ്വാസ പ്രദമാണെന്നും മോറിസന്‍ എടുത്ത് കാട്ടുന്നു. അതായത് ഇവിടെ നിലവിലുള്ള കൊറോണ രോഗികളില്‍ മിക്കവര്‍ക്കും രോഗം പകര്‍ന്നിരിക്കുന്നത് മറ്റ് വിദേശ രാജ്യങ്ങളില്‍ നിന്നാണെന്നും മോറിസന്‍ ചൂണ്ടിക്കാട്ടുന്നു. രോഗബാധിതര്‍ പതിനായിരങ്ങളിലേക്ക് പെരുകാതെ രാജ്യത്ത് അത് ആയിരങ്ങളില്‍ പിടിച്ച് നിര്‍ത്താന്‍ സാധിച്ചിരിക്കുന്നുവെന്നും ഇല്ലെങ്കില്‍ മറ്റ് നിരവധി രാജ്യങ്ങളിലുണ്ടായിക്കൊണ്ടിരിക്കുന്നത് പോലുള്ള കൂട്ടമരണങ്ങള്‍ ഇവിടെയും ഉണ്ടാകുമായിരുന്നുവെന്നും മോറിസന്‍ ഓര്‍മിപ്പിക്കുന്നു.

ഈസ്റ്ററിനും ദുഖവെള്ളിക്കും ഇനി ഏതാനും ദിവസങ്ങള്‍ മാത്രമേയുള്ളുവെന്നും ആ ഹോളിഡേകളില്‍ ഓസ്‌ട്രേലിയക്കാര്‍ വീട്ടില്‍ തന്നെ ഇരിക്കണമെന്നും ഇല്ലെങ്കില്‍ സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് ലംഘിച്ചാല്‍ താഴോട്ട് പോയ വൈറസ് ബാധ കുത്തനെ ഉയരാന്‍ അധിക ദിവസമൊന്നും വേണ്ടെന്നും മോറിസന്‍ ജനത്തിന് മുന്നറിയിപ്പേകുന്നു. സാധാരണ ഈസ്റ്ററിന് രാജ്യത്തുള്ളവര്‍ കറങ്ങാനായി ബീച്ചുകളിലും പാര്‍ക്കുകളിലും റസ്റ്റോറന്റുകളിലും മറ്റ് ടൂറിസ്റ്റ് കേന്ദ്രങ്ങളിലും പോകാറുണ്ടെന്നും എന്നാല്‍ ഇപ്രാവശ്യം അതൊഴിവാക്കണമെന്നും അദ്ദേഹം ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നു.

ഈ വര്‍ഷത്തെ ഈസ്റ്ററിന് ജനം ഏത് വിധത്തിലാണ് പെരുമാറുന്നത് എന്നതിന് അനുസരിച്ചാണ് രാജ്യത്തെ കോവിഡ് -19ന്റെ ഗതി നിശ്ചയിക്കപ്പെടുന്നതെന്നും മോറിസന്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പേകുന്നു.അതിനാല്‍ നിലവിലെ ലോക്ക്ഡൗണ്‍ നിയമങ്ങളെ പിന്തുടര്‍ന്ന് കൊണ്ട് വീട്ടില്‍ തന്നെ ഇരുന്ന് ഇപ്രാവശ്യത്തെ ഈസ്റ്റര്‍ ആഘോഷിക്കണമെന്നും ഇതിലൂടെ നിങ്ങളുടെയും മററുള്ളവരുടെയും ജീവന്‍ രക്ഷിക്കാനാവുമെന്നും മോറിസന്‍ ഓര്‍മിപ്പിക്കുന്നു.



Other News in this category



4malayalees Recommends