സൗദിയില്‍ എക്സിറ്റ് റീ എന്‍ട്രി കാലാവധി മൂന്ന് മാസത്തേക്ക് ദീര്‍ഘിപ്പിച്ചു; പാസ്പോര്‍ട്ട് വിഭാഗം കാലാവധി നീട്ടി നല്‍കുക സൗജന്യമായി; ഇളവ് ലഭിക്കുക ഫെബ്രുവരി 25 മുതല്‍ മെയ് 24 വരെയുള്ള കാലയളവില്‍ കാലാവധി അവസാനിക്കുന്ന വിസകള്‍ക്ക്

സൗദിയില്‍ എക്സിറ്റ് റീ എന്‍ട്രി കാലാവധി മൂന്ന് മാസത്തേക്ക് ദീര്‍ഘിപ്പിച്ചു; പാസ്പോര്‍ട്ട് വിഭാഗം കാലാവധി നീട്ടി നല്‍കുക സൗജന്യമായി; ഇളവ് ലഭിക്കുക ഫെബ്രുവരി 25 മുതല്‍ മെയ് 24 വരെയുള്ള കാലയളവില്‍ കാലാവധി അവസാനിക്കുന്ന വിസകള്‍ക്ക്

സൗദിയില്‍ റീ എന്‍ട്രി വിസ നേടി കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് യാത്ര ചെയ്യാന്‍ കഴിയാതെ പോയവരുടെ എക്സിറ്റ് റീ എന്‍ട്രി കാലാവധി മൂന്ന് മാസത്തേക്ക് ദീര്‍ഘിപ്പിച്ചു നല്‍കുന്നു. സൗദി ഭാരണാധികാരി സല്‍മാന്‍ രാജാവിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പാസ്പോര്‍ട്ട് വിഭാഗമാണ് സൗജന്യമായി കാലാവധി നീട്ടി നല്‍കുക. കോവിഡ് പശ്ചാതലത്തില്‍ രാജ്യത്തെ വിദേശികള്‍ക്ക് സൗദി ഭരണകൂടം നിരവധി ഇളവുകള്‍ ഇതിനകം പ്രഖ്യാപിച്ചു തുടങ്ങിയിട്ടുണ്ട്.


രാജ്യത്ത് നിന്നും പുറത്ത് പോകുന്നതിന് നേടിയ റീ എന്‍ട്രി വിസകളുടെ കാലാവധിയാണ് നീട്ടി നല്‍കുന്നത്. ഫെബ്രുവരി 25 മുതല്‍ മെയ് 24 വരെയുള്ള കാലയളവില്‍ കാലാവധി അവസാനിക്കുന്ന വിസകള്‍ക്കാണ് ഇളവ് ലഭിക്കുക. മൂന്ന് മാസം കൂടി സൗജന്യമായാണ് ദീര്‍ഘിപ്പിച്ചു നല്‍കുക. ഇതിന് പാസ്പോര്‍ട്ട് വിഭാഗത്തെ സമീപിക്കുകയോ മറ്റു നടപടി ക്രമങ്ങള്‍ സ്വീകരിക്കുകയോ ചെയ്യേണ്ടതില്ല. വ്യക്തികളുടെ അബ്ഷിര്‍ സംവിധാനം വഴി വരും ദിവസങ്ങളില്‍ പുതുക്കിയ തിയ്യതി അറിയാന്‍ സാധിക്കും.

സൗദി ഭാരണാധികാരി സല്‍മാന്‍ രാജാവാണ് ഇളവ് പ്രഖ്യാപിച്ചത്. എന്നാല്‍ നിലവില്‍ റീ എന്‍ട്രിയില്‍ വിദേശങ്ങളില്‍ കഴിയുന്നവരുടെ കാലാവധി പുതുക്കുന്നത് സംബന്ധിച്ച് ഉത്തരവുകളൊന്നും ഇത് വരെ പുറത്തിറങ്ങിയിട്ടില്ല. ഘട്ടം ഘട്ടമായാണ് നടപടികള്‍ സ്വീകരിച്ചു വരുന്നത്. യാത്രാവിലക്ക് നീങ്ങുന്ന മുറക്ക് വരും ദിവസങ്ങളില്‍ ഇത് സംബന്ധിച്ച ഉത്തരവ് കൂടി ഇറങ്ങുമെന്നാണ് ബന്ധപ്പെട്ടവര്‍ നല്‍കുന്ന സൂചന. കോവിഡ് പശ്ചാതലത്തില്‍ രാജ്യത്തെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും നിരവധി ഇളവുകളാണ് സൗദി ഭരണകൂടം പ്രഖ്യാപിച്ചിട്ടുള്ളത്. ദിവസങ്ങള്‍ക്ക് മുമ്പ് വിദേശികളുടെ ഇഖാമയും മൂന്ന് മാസത്തേക്ക് സൗജന്യമായി പുതുക്കി നല്‍കിയിരുന്നു

Other News in this category



4malayalees Recommends