കൈകോര്‍ത്ത് ചിക്കാഗോ മലയാളികള്‍ : കോവിഡ് 19 ന്റെ പ്രതിരോധത്തില്‍ ആത്മീയ ഉണര്‍വ്വുമായി പ്രാര്‍ത്ഥനാ കൂട്ടായ്മക്ക് മികച്ച ജന പങ്കാളിത്തം.

കൈകോര്‍ത്ത് ചിക്കാഗോ മലയാളികള്‍ : കോവിഡ് 19 ന്റെ പ്രതിരോധത്തില്‍ ആത്മീയ ഉണര്‍വ്വുമായി പ്രാര്‍ത്ഥനാ കൂട്ടായ്മക്ക് മികച്ച ജന പങ്കാളിത്തം.

ചിക്കാഗോ: കോവിഡ് 19 ന്റെ പ്രതിരോധ നടപടികളെ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി ചിക്കാഗോയില്‍ രൂപീകൃതമായ കൈകോര്‍ത്ത് ചിക്കാഗോ മലയാളികള്‍ എന്ന സന്നദ്ധ കൂട്ടായ്മയുടെ കൗണ്‍സലിംഗ് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തപ്പെട്ട കോണ്‍ഫ്രന്‍സ് കോളിലൂടെയുള്ള പ്രാര്‍ത്ഥനാ കൂട്ടായ്മക്ക് മികച്ച പ്രതികരണം. ചൊവ്വാഴ്ച വൈകിട്ട് നടത്തപ്പെട്ട പ്രാര്‍ത്ഥനാ കൂട്ടായ്മായിലേക്ക് ലോകത്തിന്റെ തന്നെ വിവിധ ഭാഗങ്ങളില്‍നിന്നായി നാനൂറില്‍ പരം ആളുകളാണ് പങ്കുചേര്‍ന്നത്. ചിക്കാഗോ സീറോ മലബാര്‍ രൂപതാ സഹായമെത്രാനും കൈകോര്‍ത്ത് ചിക്കാഗോ മലയാളിയുടെ അഡൈ്വസറി ബോര്‍ഡ് മെമ്പറുമായ അഭി. മാര്‍ ജോയി ആലപ്പാട്ട് മെത്രാന്റെയും സുപ്രസിദ്ധ വചന പ്രഘോഷകനും ക്രൈസ്റ്റ് കള്‍ച്ചര്‍ മിനിസ്ട്രിയുടെ സ്ഥാപകനായ ബ്ര. റെജി കൊട്ടാരവുമാണ് പ്രാര്‍ത്ഥനാ കൂട്ടായ്മക്ക് നേതൃത്വം നല്‍കിയത്.


പ്രതിസന്ധികളില്‍ ഉഴലുന്ന ഈ സമയത്ത് വിശ്വാസ തീഷ്ണത കാവലായി കരുത്തേണ്ടതിന്റെ ആവശ്യകതയെപ്പറ്റി അഭി. മാര്‍ ജോയി ആലപ്പാട്ട് തന്റെ ആമുഖ പ്രാര്‍ത്ഥനക്ക് മുന്നോടിയായി ഉദ്ബോധിപ്പിച്ചു. പ്രതിസന്ധികളില്‍ തളരാതെ ഓരോരുത്തരേയും തങ്ങളുടേതായ സിവിക്ക് ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നതിനോടൊപ്പം, ആത്മീയമായി ദൈവത്തിനോട് കൂടുതല്‍ അടുക്കുവാനുള്ള അവസരമായി ഈ പ്രതിസന്ധിഘട്ടത്തെ മാറ്റിയെടുക്കുവാനുള്ള അവസരമായി കൂടി ഇതിനെ കാണണം എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഷമാവസ്ഥയിലൂടെ പോകുന്ന ഏതൊരു വ്യക്തികള്‍ക്കും കുടുംബത്തിനും താങ്ങും തണലുമായി ഈ കൂട്ടായ്മയോടൊപ്പം ചിക്കാഗോ സീറോ മലബാര്‍ രൂപതയും ഉണ്ടായിരിക്കും എന്ന് അദ്ദേഹം അറിയിച്ചു.

വിശ്വാസത്തോടെ പ്രാര്‍ത്ഥിച്ചാല്‍, മരുന്നിനും ലേപനത്തിനും കഴിയാത്തിടത്ത്, ദൈവസ്‌നേഹത്തിന്റെ പൊന്‍കതിരുകള്‍ ആശ്വാസമായി എത്തും എന്ന് പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കിയ ബ്രദര്‍ റെജി കൊട്ടാരം ഉദ്ബോധിപ്പിച്ചു. തളര്‍ച്ചയല്ല മറിച്ച് വിശ്വാസത്താലുള്ള ഉയിര്‍ത്തെഴുന്നേല്‍പ്പാണ് ആത്മീയതയിലൂന്നിയ ചെറുത്ത് നില്‍പ്പ് വഴിയായി ദൈവം വാഗ്ദാനം ചെയ്യുന്നത് എന്നും, പ്രതിസന്ധികളില്‍ തളരുന്നതായി തോന്നുമ്പോള്‍ നമുക്ക് വേണ്ടി കുരിശുചുമന്നു തളര്‍ന്നവനെ ഓര്‍ത്ത് പ്രാര്‍ത്ഥിക്കുവാന്‍ കഴിയണം എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ചിക്കാഗോയ്ക്ക് പുറമെ, അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും, യു കെ, ഇറ്റലി തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുമൊക്കെയായി നാനൂറോളം പേര്‍ കോണ്‍ഫ്രന്‍സ് കോള്‍ വഴിയായി നടത്തപ്പെട്ട പ്രാര്‍ത്ഥനാ ശുശ്രൂഷയില്‍ പങ്കാളികളായി. പ്രാര്‍ത്ഥനാ ശുശ്രൂഷക്ക് മുന്നോടിയായി കൈകോര്‍ത്ത് ചിക്കാഗോ മലയാളികള്‍ എന്ന കൂട്ടായ്മയെ പ്രതിനിധീകരിച്ച് ബെന്നി വാച്ചാച്ചിറ ആമുഖ പ്രസംഗവും ബിജി സി മാണി സ്വാഗത പ്രസംഗവും നടത്തി. ജിതേഷ് ചുങ്കത്ത് നന്ദി പ്രകാശനം നടത്തി. മേഴ്സി കുര്യാക്കോസിന്റെ നേതൃത്വത്തിലുള്ള കൗണ്‍സലിംഗ് കമ്മറ്റിയാണ് ഈ പ്രാര്‍ത്ഥനാ കൂട്ടായ്മയുടെ ഏകോപനം നടത്തിയത്.

ഏതെങ്കിലും വിധത്തില്‍ സഹായം ആവശ്യമുള്ളവര്‍ക്കായി കൈകോര്‍ത്ത് ചിക്കാഗോമലയാളിയുടെ ഹെല്‍പ്പ് ലൈനിലേക്കോ കമ്മറ്റി അംഗങ്ങളെ നേരിട്ടോ വിളിച്ച് സഹായം അഭ്യര്‍ത്ഥിക്കുവാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഹെല്‍പ്പ് ലൈനുമായി 1 833 353 7252 എന്ന നമ്പരില്‍ ബന്ധപ്പെടുക.

Other News in this category



4malayalees Recommends