പുത്രനൊപ്പം ഇനി നിത്യ വിശ്രമം: ഏലിയാമ്മ ജോണിനു കണ്ണീരില്‍ കുതിര്‍ന്ന യാതാമൊഴി

പുത്രനൊപ്പം ഇനി നിത്യ വിശ്രമം:  ഏലിയാമ്മ ജോണിനു കണ്ണീരില്‍ കുതിര്‍ന്ന യാതാമൊഴി

ന്യു യോര്‍ക്ക്: അകാലത്തില്‍ വിട പറഞ്ഞ പ്രിയ മകന്റെ കല്ലറയില്‍ തന്നെ അന്ത്യ വിശ്രമം ആഗ്രഹിച്ച്, വിരഹത്തിലും വലിയ പ്രത്യാശയോടേ നീണ്ട 15 വര്‍ഷങ്ങള്‍ സേവന തല്പരയായി ജീവിച്ച ഏവരുടെയും പ്രിയങ്കരിയായ മോളി ആന്റിക്ക് (ഏലിയായാമ്മ ജോണ്‍) കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി.


ന്യു യോര്‍ക്കിലെ ലോംഗ് ബീച്ചില്‍ 2005ല്‍ ഉണ്ടായ അപകടത്തില്‍ മരിച്ച ഇളയ പുത്രന്‍ ജിജുമോന്‍ ജോണിന്റെ അന്ത്യവിശ്രമസ്ഥലത്തു തന്നെയാണ് പ്രിയ മാതാവും അന്ത്യനിദ്രയില്‍ വിശ്രമിക്കുന്നത്.

ദുഖ ശനിയാഴ്ച രാവിലെ ഗ്രേറ്റ് നെക്ക് ഓള്‍ സെയിന്റ്സ് സെമിത്തേരിയില്‍ നടന്ന സംസ്‌കാര ശുശ്രൂഷകള്‍ക്ക് റവ. ഫാ. ഡോ. ബെല്‍സണ്‍ പൗലൂസ് കുറിയാക്കോസ് കാര്‍മ്മികത്വം വഹിച്ചു.

പ്രിയതമയേയും സ്നേഹനിധിയായ അമ്മയേയും അവസാനമായി ഒരു നോക്കു കാണാന്‍പോലുമാകാതെ വിതുമ്പിയ ഭര്‍ത്താവ് ജോണ്‍ വര്‍ക്കിക്കും പുത്രന്‍ ജിനുവിനും സാന്ത്വനമേകാനാകാതെ പ്രക്രുതിയും ഈറനണിഞ്ഞു.

ജോണ്‍ വര്‍ക്കി, ജിനു ജോണ്‍, ഭാര്യ എല്‍സ ജിനു, വീഡിയോ എടുത്ത് റിജോ എന്നിവരാണ് വൈദികനൊപ്പം സംസ്‌കാര ശൂശ്രൂഷയില്‍ നേരിട്ടു പങ്കെടുത്തത്.

കോവിഡ് 19 വ്യാപനവുമായി ബന്ധപ്പെട്ട് ന്യു യോര്‍ക്ക് സ്റ്റേറ്റ് നിബന്ധനകള്‍ ഉള്ളതിനാല്‍ ലൈവ് ആയി സംസ്‌കാര ശുശ്രൂഷകള്‍ കാണുന്നതിനു ക്രമീകരണം ചെയ്തിരുന്നു. വിദൂരത്തിലുരുന്ന് നൂറു കണക്കിനു പേര്‍ പ്രാര്‍ഥനകളില്‍ പങ്കെടുത്ത് അന്ത്യ യാത്ര ചൊല്ലി.

അമേരിക്കന്‍ അതി ഭദ്രാസനാധിപന്‍ ആര്‍ച്ച് ബിഷപ്പ് യല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്ത , മറ്റു മെത്രപ്പോലീത്തമാര്‍, വൈദികര്‍ എന്നിവര്‍ക്കു വേണ്ടി അനുശോചനം ഫാ. ബെല്‍സണ്‍ കുടുംബാംഗങ്ങളെ അറിയിച്ചു. പ്രിയ മാതാവിനെ അനുസ്മരിച്ച് ജിനു ജോണ്‍ നന്ദി പറഞ്ഞു.

സഭയിലും സമൂഹത്തിലും കര്‍മമണ്ഡലത്തിലും എക്കാലവും നിസ്വാര്‍ത്ഥ സേവനമനുഷ്ടിച്ച ഏലിയാമ്മ ജോണിന്റെ വേര്‍ പാട് അമേരിക്കയിലും അവര്‍ ദീഘകാലം പ്രവര്‍ത്തിച്ച ദൂബായിയിലുമുള്ള മലയാളി സമൂഹത്തെ കണ്ണീരിലാഴ്ത്തി

തിരുവല്ല വഞ്ചിപ്പാലം കുടുംബാംഗം ശ്രീ.ജോണ്‍ വര്‍ക്കിയുടെ സഹധര്‍മ്മിണിയായ ശ്രീമതി ഏലിയാമ്മ ജോണ്‍ തികഞ്ഞ ദൈവവിശ്വാസിയും അര്‍പ്പണബോധമുള്ള ആതുരസേവന പ്രവര്‍ത്തകയുമായിരുന്നു. 25 വര്‍ഷം ദുബായില്‍ ചിലവഴിച്ച കുടുംബം 2002 ലാണ് അമേരിക്കയിലെത്തുന്നത്. ആതുരശുശ്രൂഷരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഏലിയാമ്മ ജോണ്‍ ന്യൂയോര്‍ക്കിലെ ക്വീന്‍സ് ഹോസ്പിറ്റലില്‍ 17 വര്‍ഷം രജിസ്റ്റേര്‍ഡ് നഴ്സായി സേവനമനുഷ്ഠിച്ചു.

ക്രൈസ്തവ ഗാനരംഗത്തും കലാരംഗത്തും നിറഞ്ഞ സാന്നിദ്ധ്യമായ അനുഗ്രഹീത കലാകാരന്‍ ജിനുജോണ്‍ മൂത്തപുത്രനാണ്. അപകടത്തില്‍ നിര്യാതനായ ജിജുമോന്‍ ജോണ്‍ ഇളയ പുത്രനാണ്. ചെങ്ങന്നൂര്‍ കാവുങ്കല്‍ കുടുംബാംഗമാണ് പരേത. കെ.കെ.മത്തായി അന്നമ്മ ദമ്പതികളുടെ പുത്രിയാണ്. സാലി(ബോംബെ), കുര്യന്‍(ബോംബെ), മാത്യു ചെങ്ങന്നൂര്‍) എന്നിവരാണ് സഹോദരങ്ങള്‍.

ക്വീന്‍സ് സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്സ് ഇടവകാംഗമാണ്.

Other News in this category



4malayalees Recommends