എന്താണ് പ്ലാസ്മാ തെറാപ്പി? സാദ്ധ്യതകള്‍ ജനങ്ങളിലേക്ക് എത്തിച്ചുകൊണ്ട് 'കൈകോര്‍ത്ത് ചിക്കാഗോ മലയാളീസ്'

എന്താണ് പ്ലാസ്മാ തെറാപ്പി? സാദ്ധ്യതകള്‍ ജനങ്ങളിലേക്ക് എത്തിച്ചുകൊണ്ട് 'കൈകോര്‍ത്ത് ചിക്കാഗോ മലയാളീസ്'

ചിക്കാഗോ: കോവിഡ് 19 ന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ചിക്കാഗോയില്‍ പ്രവര്‍ത്തിച്ചുവരുന്ന കൈകോര്‍ത്ത് ചിക്കാഗോ മലയാളികള്‍ എന്ന സന്നദ്ധ കൂട്ടായ്മയുടെ നേതൃത്വത്തില്‍ കോവിഡ് 19 ന്റെ ചികത്സാ സാധ്യതകളില്‍ മുന്നിലുള്ള പ്ലാസ്മാ തെറാപ്പിയെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്ന ദൗത്യത്തിന് തുടക്കമായി. ഇതിനകം തന്നെ പ്ലാസമാ തെറാപ്പിയുടെ സഹകരിക്കുവാന്‍ താല്പര്യമുള്ള കോവിഡ് 19 ല്‍ നിന്നും മുക്തി നേടിയവരുടെ വിവരങ്ങള്‍ ശേഖരിച്ചുകൊണ്ട്, ചിക്കാഗോ മലയാളികള്‍ക്ക് കൈത്താങ്ങാകുവാന്‍ പ്രാപ്തമായ കൂട്ടായ്മയാണ് കൈകോര്‍ത്ത് ചിക്കാഗോ മലയാളികള്‍ എന്ന സന്നദ്ധ കൂട്ടായ്മ എന്ന് അടിവരയിട്ട് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ഈ വിഷയം സംബന്ധിച്ച് ആധികാരികമായ വിവരങ്ങള്‍ മലയാളി സമൂഹത്തിലേക്ക് എത്തിക്കുവാന്‍ വേണ്ടി നോര്‍ത്ത് അമേരിക്കയിലെ സു പ്രസിദ്ധ ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ ഡോ. നരേന്ദ്ര കുമാറിന്റെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. എന്താണ് പ്ളാമാ തെറാപ്പി, ആരാണ് യോഗ്യരായ പ്ലാസ്മാ ദാതാക്കള്‍ എന്നിങ്ങനെയുള്ള വിവരങ്ങള്‍ പൊതുജനങ്ങളുടെ അറിവിലേക്കായി ഡോ നരേന്ദ്ര കുമാര്‍ വഴിയായി പങ്കുവെയ്ക്കുകയാണ് കൈകോര്‍ത്ത് ചിക്കാഗോ മലയാളികള്‍. American Aossciation of Physicians of Indian Origin (AAPI), Aossciation of Kerala Medical Graduates (AKMG) എന്നിവയുടെ മുന്‍ പ്രസിഡണ്ട് കൂടിയാണ് വിവരങ്ങള്‍ ലഭ്യമാക്കിയിരിക്കുന്ന ഡോ നരേന്ദ്രകുമാര്‍.


എന്താണ് പ്ലാസ്മാ തെറാപ്പി?

രോഗം സുഖപ്പെട്ട വ്യക്തികളുടെ രക്തത്തിലെ പ്ലാസ്മ ഉപയോഗിച്ച് രോഗികളെ ചികിത്സിക്കുന്ന രീതിയാണ് കോണ്‍വലസന്റ് പ്ലാസ്മ തെറാപ്പി എന്നറിയപ്പെടുന്നത്. ഗുരുതരാവസ്ഥയിലുള്ള രോഗികളില്‍ പോലും ഈ ചികിത്സ ഫലം ചെയ്തിട്ടുണ്ടെന്നാണ് ചൈനയില്‍ നിന്നും യുഎസില്‍ നിന്നുമുള്ള പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ചൈനയില്‍ രണ്ട് ടീമുകളായി തിരിഞ്ഞ് പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ ഈ ചികിത്സയില്‍ ഗുരുതരാവസ്ഥയിലായ 15ഓളം രോഗികള്‍ സുഖപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യഘട്ടത്തില്‍ പ്ലാസ്മ നല്‍കിയ 10 രോഗികളില്‍ വൈറസിന്റെ സാന്നിധ്യം പെട്ടെന്നു തന്നെ ഇല്ലാതായെന്നും മൂന്നു ദിവസത്തിനുള്ളില്‍ പനിയും ശ്വാസതടസ്സവും അടക്കമുള്ള രോഗലക്ഷണങ്ങളില്‍ വലിയ കുറവുണ്ടായെന്നുമാണ് കണ്ടെത്തിയത്. വാക്സിനുകളുടെ വരവിനും മുന്‍പേ പ്രചാരത്തിലുണ്ടായിരുന്ന ചികിത്സാരീതിയാണ് കോണ്‍വലസന്റ് പ്ലാസ്മ തെറാപ്പി. 1918ലെ സ്പാനിഷ് ഫ്ലൂവിന്റെ കാലത്തും പ്ലാസ്മ ചികിത്സ ഉപയോഗിച്ചിരുന്നു. വൈറസ് ബാധയെ അതിജീവിച്ചവരുടെ ശരീരത്തില്‍ വൈറസിനെതിരെ പ്രവര്‍ത്തിച്ച് ശരീരത്തെ സംരക്ഷിക്കാന്‍ ആവശ്യമായ ആന്റിബോഡികള്‍ രൂപപ്പെട്ടിട്ടുണ്ടാകും. രോഗം ഭേദമായിക്കഴിഞ്ഞാലും ഈ ആന്റിബോഡികള്‍ ശരീരത്തില്‍ അവശേഷിക്കും. തുടര്‍ന്ന് കുറച്ചു കാലത്തേയ്ക്കോ ചില സാഹചര്യങ്ങളില്‍ ജീവിതകാലം മുഴുവനോ ആ രോഗത്തില്‍ നിന്ന് വരാതെ സംരക്ഷിക്കാന്‍ ആന്റിബോഡികള്‍ നമ്മെ സഹായിക്കുകയും ചെയ്യും. കൊവിഡ് 19 ഭേദമായ രോഗികളുടെ ശരീരത്തില്‍ വൈറസിനെ നേരിടാന്‍ ആവശ്യമായ ആന്റിബോഡികള്‍ അടങ്ങിയിരിക്കും. ഇവരുടെ ആന്റിബോഡി സമ്പുഷ്ടമായ രക്തത്തില്‍ നിന്ന് വേര്‍തിരിച്ചെടുത്ത പ്ലാസ്മയാണ് രോഗികളില്‍ കുത്തിവെക്കുക. ഇത്തരത്തില്‍ രോഗിയുടെ ശരീരത്തില്‍ എത്തുന്ന ആന്റിബോഡികള്‍ വൈറസിനെ തുരത്താന്‍ സഹായിക്കുമെന്നാണ് അനുമാനം.

കോവിഡ് 19 ന്റെ ചികത്സക്കായി പ്ലാസ്മാ ദാനം ചെയ്യുവാന്‍ യോഗ്യരായവര്‍ ആരൊക്കെ?

താഴെ പറയുന്ന മാനദണ്ഡങ്ങള്‍ക്ക് തുല്യരായവരും കോവിഡ് 19 ല്‍ നിന്ന് രോഗ വിമുക്തി നേടുന്നവരുമായിരിക്കും പ്ലാസ്മാ ദാനം ചെയ്യുവാന്‍ യോഗ്യരായവര്‍.

1) കോവിഡ് 19 ല്‍ നിന്നും രോഗ വിമുക്തി നേടിയവര്‍

2) കോവിഡ് 19 സ്ഥിരീകരിക്കപ്പെട്ടവരും 28 ദിവസങ്ങളായി രോഗ ലക്ഷണം കാണിക്കാത്തവരും.

3) 14 ദിവസങ്ങളായി രോഗ ലക്ഷണം കാണിക്കാതിരിക്കുകയും പരിശോധനയുടെ ആവര്‍ത്തനത്തില്‍ നെഗറ്റിവ് ഫലം സ്ഥിരീകരിച്ചവര്‍

4) കോവിഡ് 19 ന്റെ ആന്റിബോഡി പരിശോധനയില്‍ 1:80 ന്റെയും 1:160 ഇടയില്‍ പരിശോധനാ ഫലം ഉള്ളവര്‍

ഗര്‍ഭിണികളായ സ്ത്രീകളെ കോവിഡ് 19 ന്റെ ചികത്സക്കായി പ്ലാസ്മാ ദാനം ചെയ്യുന്നതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ആരാണ് പ്ലാസ്മാ ദാതാക്കളെ നിര്‍ണ്ണയിക്കുവാനുള്ള പരിശോധനകള്‍ നടത്തുന്നത്?

നിലവിലെ സാഹചര്യത്തില്‍ പ്ലാസമാ ദാനം ചെയ്യുവാനുള്ള യോഗ്യത നിര്ണയിക്കുന്നതിനുള്ള പരിശോധന നടത്തുവാനല്ല നിര്‍ദേശം പുറപ്പെടുവിക്കുവാന്‍ നിയുക്തരായിരിക്കുന്നത് രോഗികളുടെ പ്രൈമറി കെയര്‍ ഡോക്ട്ടര്‍മാരാണ്. രക്തദാന സംബന്ധമായ സേവനങ്ങള്‍ നല്‍കുന്ന റെഡ്ക്രോസ്, ലൈഫ് സോഴ്സ് തുടങ്ങിയപോലുള്ള സ്ഥാപനങ്ങള്‍ക്ക് ഈ നിര്‍ണ്ണയം നടത്തുന്നതിന് അനുവാദം ലഭിച്ചിട്ടില്ല.

പ്ലാസ്മാ തെറാപ്പി കൊടുക്കുവാനുള്ള പരിമിതികള്‍ എന്തൊക്കെയാണ്?

രക്തദാനപ്രക്രിയയില്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്ന ഗ്രൂപ്പ് സംബന്ധമായ പരിമിതികള്‍ പ്ലാസ്മാ തെറാപ്പിയിലും നിലവിലുണ്ട്. അതായത് A ഗ്രൂപ്പുകാരുടെയും B ഗ്രൂപ്പുകാരുടെയും പ്ലാസ്മാ അതെ ഗ്രൂപ്പുകാര്‍ക്കോ അല്ലെങ്കില്‍ AB ഗ്രൂപ്പുകാര്‍ക്കോ മാത്രമേ കൊടുക്കുവാന്‍ സാധിക്കൂ. O ഗ്രൂപ്പുകാരുടെ പ്ലാസ്മാ എല്ലാ ഗ്രൂപ്പുകാര്‍ക്കും കൊടുക്കുവാന്‍ സാധിക്കും എന്നാല്‍ AB ഗ്രൂപ്പുകാരുടെ പ്ലാസ്മാ അതേ ഗ്രൂപ്പുകാര്‍ക്ക് മാത്രമേ കൊടുക്കുവാന്‍ സാധിക്കൂ.

ഇതിനകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ അനുയോജ്യമായ പ്ലാസ്മാ അന്വേഷങ്ങള്‍ നിരവധി ദിനം പ്രതി എത്തികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, സഹജീവികള്‍ക്ക് ജീവന്‍ പകരുവാന്‍ രോഗവിമുക്തി നേടിയവര്‍ മുന്നോട്ട് വരണം എന്ന് ഡോ നരേന്ദ്രകുമാര്‍ അറിയിച്ചു. ഒരാളുടെ പ്ലാസ്മാ കൊണ്ട് മൂന്നു പേര്‍ക്ക് പ്ലാസ്മാ തെറാപ്പി നല്‍കുവാന്‍ സാധിക്കും എന്നും 2 മുതല്‍ മൂന്ന് ആഴ്ചകള്‍ക്ക് ശേഷം വീണ്ടും ദാനം ചെയ്യാന്‍ ആരോഗ്യമുള്ള വ്യക്തികള്‍ക്ക് സാധിക്കും എന്നതിനാലും, രോഗ വിമുക്തി നേടിയവര്‍ക്ക് കോവിഡ് 19 ന്റെ ചികിത്സയില്‍ നിര്‍ണ്ണായകമായ പങ്കുവഹിക്കുവാന്‍ കഴിയും എന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഏതാനും മണിക്കൂറുകള്‍ മുതല്‍ 36 മണിക്കൂറിനുള്ളില്‍ പൂര്‍ത്തിയാക്കാവുന്ന പരിശോധനകള്‍ക്ക് ശേഷം ദാനം ചെയ്യുന്ന പ്ലാസ്മാ 12 മാസങ്ങള്‍ വരെ ഉപയോഗ്യ ശൂന്യമാകില്ല എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ഡോണര്‍ ലിസ്റ്റ് എന്ന ദൗത്യം ഏറ്റെടുത്തതുകൊണ്ട് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച കൈകോര്‍ത്ത് ചിക്കാഗോ മലയാളികള്‍ എന്ന സന്നദ്ധ കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങളെ ആദ്ദേഹം അഭിനന്ദിച്ചു. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ കൈകോര്‍ത്ത് ചിക്കാഗോ മലയാളികളുടെ ടോള്‍ ഫ്രീ നമ്പരില്‍ (1-833-353-7252) ബന്ധപ്പെട്ടാല്‍ ലഭ്യമാകുന്നതാണ് എന്ന് കൈകോര്‍ത്ത് ചിക്കാഗോ മലയാളിക്ക് വേണ്ടി ബെന്നി വാച്ചാച്ചിറ, ബിജി സി മാണി ജിതേഷ് ചുങ്കത്ത് എന്നിവര്‍ അറിയിച്ചു. കൈകോര്‍ത്ത് ചിക്കാഗോ മലയാളിയോട് സഹകരിക്കുന്ന എല്ലാ ആരോഗ്യമേഖലാ വിദഗ്ധരോടും മെഡിക്കല്‍ കമ്മറ്റി ചെയര്‍ ശ്രീമതി മറിയാമ്മ പിള്ള നന്ദി അറിയിച്ചു.

Other News in this category



4malayalees Recommends