18 വയസ്സിന് താഴെയുള്ളവര്‍ക്ക് വധശിക്ഷ നിരോധിച്ചു; കുറ്റാരോപിതര്‍ക്ക് നല്‍കുന്ന ചാട്ടവാറടി ശിക്ഷയും നിര്‍ത്തലാക്കുന്നു; അടിമുടി പരിഷ്‌കാരങ്ങള്‍ക്കൊരുങ്ങി സൗദി അറേബ്യ

18 വയസ്സിന് താഴെയുള്ളവര്‍ക്ക് വധശിക്ഷ നിരോധിച്ചു; കുറ്റാരോപിതര്‍ക്ക് നല്‍കുന്ന ചാട്ടവാറടി ശിക്ഷയും നിര്‍ത്തലാക്കുന്നു; അടിമുടി പരിഷ്‌കാരങ്ങള്‍ക്കൊരുങ്ങി സൗദി അറേബ്യ

സൗദി അറേബ്യയില്‍ 18 വയസ്സിന് താഴെയുള്ളവര്‍ക്ക് വധശിക്ഷ നിരോധിച്ചു. 18 വയസ്സിന് താഴെയുള്ളവര്‍ നടത്തുന്ന ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തടവുശിക്ഷയാണ് ഇനി നല്‍കുക. പരമാവധി 10 വര്‍ഷം വരെ ജുവനൈല്‍ ഹോമുകളിലാകും കുട്ടിക്കുറ്റവാളികള്‍ക്ക് ശിക്ഷ. കഴിഞ്ഞ ദിവസം ചാട്ടയടി ശിക്ഷയും സൗദി അറേബ്യ നിരോധിച്ചിരുന്നു. സല്‍മാന്‍ രാജാവിന്റേയും കിരീടാവകാശിയുടെയും നിര്‍ദേശ പ്രകാരമാണ് തീരുമാനം.


പുതിയ ഉത്തരവ് രാജ്യത്ത് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ചെറുപ്പക്കാരുടെ ജീവന്‍ രക്ഷിക്കും എന്നാണ് മനുഷ്യാവകാശ സംഘടനകള്‍ പ്രതീക്ഷിക്കുന്നത്.

നിലവില്‍ അറബ് വസന്ത പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ വധശിക്ഷയ്ക്ക് വിധിക്കെപ്പെട്ട ആറോളം ഷിയ ന്യൂനപക്ഷ വിഭാഗക്കാരായ ചെറുപ്പക്കാര്‍ സൗദി ജയിലിലുണ്ട്. ഇവര്‍ക്ക് പ്രക്ഷോഭത്തില്‍ പങ്കെടുക്കുമ്പോള്‍ 18 വയസ്സ് പൂര്‍ത്തിയായിരുന്നില്ല. നേരത്തെ ഇവരെ തൂക്കിലേറ്റരുതെന്ന് ആവശ്യപ്പെട്ട് യു.എന്നടക്കം രംഗത്തു വന്നിരുന്നു.

കഴിഞ്ഞ ദിവസം കുറ്റാരോപിതര്‍ക്ക് നല്‍കുന്ന ചാട്ടവാറടി ശിക്ഷ നിര്‍ത്തലാക്കാനൊരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. ' സല്‍മാന്‍ രാജാവിന്റെ നിര്‍ദ്ദേശപ്രകാരവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ മേല്‍നോട്ടത്തിലും എടുത്ത മനുഷ്യാവകാശ പരിഷ്‌കരണ നടപടികളുടെ ഭാഗമായാണ് തീരുമാനം,' റോയിട്ടേര്‍സിന് ലഭിച്ച രേഖയില്‍ പറയുന്നു.

സൗദി അറേബ്യയില്‍ നിരവധി കുറ്റങ്ങള്‍ക്ക് നിലവില്‍ ചാട്ടവാറടി ശിക്ഷ നല്‍കുന്നുണ്ട്. 2015 ല്‍ റയ്ഫി ബദവി എന്ന ബ്ലോഗര്‍ക്ക് മതനിന്ദ ആരോപിച്ചും സൈബര്‍ കുറ്റകൃത്യങ്ങള്‍ ആരോപിച്ചും പൊതു സ്ഥലത്ത് വെച്ച് ചാട്ടവാറടി ശിക്ഷ നല്‍കിയ വലിയ തരത്തില്‍ വാര്‍ത്തയായിരുന്നു. ആഴ്ചകളില്‍ 1000 ചാട്ടവാറടി നല്‍കണമെന്നായിരുന്നു ഇദ്ദേഹത്തിന് വിധിച്ച ശിക്ഷ. എന്നാല്‍ ഇതിനെതിരെ ആഗോളതലത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതിനാല്‍ ഈ ശിക്ഷ പൂര്‍ണമായും നടന്നിട്ടില്ല.

Other News in this category



4malayalees Recommends