' കൈകോര്‍ത്ത് ചിക്കാഗോ മലയാളികള്‍ 'ചിക്കാഗോയിലെ കോവിഡ് പ്രതിരോധത്തിന്റെ 90 ദിവസങ്ങള്‍ പിന്നിടുമ്പോള്‍

' കൈകോര്‍ത്ത് ചിക്കാഗോ മലയാളികള്‍ 'ചിക്കാഗോയിലെ  കോവിഡ് പ്രതിരോധത്തിന്റെ 90 ദിവസങ്ങള്‍ പിന്നിടുമ്പോള്‍

ചിക്കാഗോ: മൂന്നു മാസങ്ങള്‍ക്ക് മുന്‍പ് ചിക്കാഗോയിലെ മലയാളി സന്നദ്ധ പ്രവര്‍ത്തകര്‍ ചേര്‍ന്ന് രൂപീകരിച്ച കൈകോര്‍ത്ത് ചിക്കാഗോ മലയാളികള്‍ എന്ന സന്നദ്ധ കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങള്‍ ശ്ളാഘനീയമാം വിധം മുന്നോട്ട്. സംഘടനാ - രാഷ്ട്രീയ - മത വിത്യാസങ്ങള്‍ക്ക് അതീതമായി രൂപീകരിക്കപ്പെട്ട കൂട്ടായ്മ വളരെ സ്തുത്യര്‍ഹമായ രീതിയില്‍ തന്നെ നൂറുകണക്കിന് മലയാളികള്‍ക്ക് സഹായകമായി എന്നത് കോവിഡ് 19 എന്ന മഹാമാരിയില്‍ വിഷമസന്ധിയിലായ മലയാളി സമൂഹത്തിന് ആശ്വാസം നല്‍കുന്ന കാര്യമാണ്. ബെന്നി വാച്ചാച്ചിറ, ബിജി സി മാണി, ജിതേഷ് ചുങ്കത്ത് എന്നിവരുടെ നേതൃത്വത്തില്‍ രൂപീകൃതമായ ഈ കൂട്ടായ്മയുടെ ഭാഗമായി നാല് റീജിയനുകളിലായി നൂറിലധികം സന്നദ്ധ പ്രവര്‍ത്തകരാണ് പ്രവര്‍ത്തിച്ചുവരുന്നത്. മലയാളി സമൂഹത്തിന് ഏറ്റവും സഹായകമായ മെഡിക്കല്‍ കമ്മറ്റി, നോര്‍ത്ത് അമേരിക്കയിലെ അറിയപ്പെടുന്ന സാമൂഹ്യപ്രവര്‍ത്തകയും മുന്‍ ഫൊക്കാനാ പ്രസിഡന്റുമായ മറിയാമ്മ പിള്ളയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തിച്ചുവരുന്നത്. ഇതിനകം തന്നെ ഇരുനൂറിലധികം കോവിഡ് 19 ബാധിച്ച രോഗികള്‍ക്ക് സഹായം എത്തിക്കുവാന്‍ സാധിച്ചിട്ടുണ്ട് എന്ന് മറിയാമ്മ പിള്ള അറിയിച്ചു. മലയാളി സമൂഹത്തില്‍ തന്നെയുള്ള ആരോഗ്യ പ്രവര്‍ത്തകരെ ഒരുമിച്ചുകൂട്ടി, രോഗം മൂലം വലയുന്നവര്‍ക്ക്, രോഗത്തെ നേരിടുന്നതിന് വേണ്ടിയുള്ള ഉപദേശങ്ങളും, സ്‌പൈറോമീറ്റര്‍ പോലെയുള്ള ചികത്സക്കാവശ്യമായ ഉപകരണങ്ങള്‍ എത്തിച്ചുകൊടുക്കുവാനും സാധിച്ചിട്ടുണ്ട് എന്നത് ഏറെ ചാരിതാര്‍ഥ്യം പകരുന്നു എന്ന് കമ്മറ്റിയെ പ്രതിനിധീകരിച്ച് ശ്രീമതി മറിയാമ്മ പിള്ള അറിയിച്ചു.


സീനിയര്‍ സിറ്റിസണ്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ സമൂഹത്തിലെ പ്രായമുള്ളവരെ ബന്ധപ്പെട്ട് അവരുടെ സുഖ വിവരങ്ങള്‍ അന്വേഷിക്കുവാനും അവര്‍ക്ക് വേണ്ട സാഹായങ്ങള്‍ എത്തിച്ചുകൊടുക്കുവാനും സാധിച്ചു. കൂടാതെ കൗണ്‍സലിംഗ് കമ്മറ്റിയുടെ നേതൃത്വത്തില്‍ 500 ലധികം പേര് പങ്കെടുത്ത ഓണ്‍ലൈന്‍ പ്രാര്‍ത്ഥനാ കൂട്ടായ്മകളും വ്യക്തിപരമായ കൗണ്‍സലിംഗ് സെഷനുകളും, പ്രമുഖരായ വ്യക്തികള്‍ നയിച്ച മോട്ടിവേഷന്‍ സ്പേച്ചുകളും സംഘടിപ്പിച്ചു. ചിക്കാഗോ സീറോ മലബാര്‍ മെത്രാന്‍ ബിഷപ്പ് മാര്‍ ജോയി ആലപ്പാട്ട്, ക്രൈസ്റ്റ് കള്‍ച്ചര്‍ മിനിസ്ട്രി സ്ഥാപകന്‍ ബ്രദര്‍ റെജി കൊട്ടാരം, ചിക്കാഗോ എക്യൂമെനിക്കല്‍ വൈസ് പ്രസിഡണ്ട് ഫാ. ബാന്‍ സാമുവേല്‍, പ്രമുഖ വചന പ്രഘോഷകന്‍ ഫാ. ജോസഫ് പുത്തന്‍പുരയില്‍, പ്രമുഖ പ്രാസംഗികരായ സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി, ഫാ. ഡേവിസ് ചിറമേല്‍, മജീഷ്യന്‍ മുതുകാട് എന്നിവര്‍ കൈകോര്‍ത്ത് മലയാളിയുടെ കോണ്‍ഫ്രന്‍സ് കോളുകള്‍ക്ക് ജീവനേകി.

ട്രാവല്‍ കമ്മറ്റിയുമായി ബന്ധപ്പെട്ട് നിരവധിപേര്‍ക്ക് വ്യക്തമായ നിര്‍ദേശങ്ങള്‍ കൊടുക്കുവാനും രേഖകള്‍ സംഘടിപ്പിക്കുവാനും സൗകര്യം ഒരുക്കി കൊടുത്തിട്ടുണ്ട്. രോഗത്തിന്റെ കാഠിന്യത്താല്‍ വലഞ്ഞ കുടുംബങ്ങള്‍ക്കും പ്രായാധിക്യത്താല്‍ സുരക്ഷയെ മുന്‍ നിര്‍ത്തി ഭവനങ്ങളില്‍ നിന്ന് പുറത്തുവരുവാന്‍ സാധിക്കാത്തവര്‍ക്കും വീട്ടിലേക്ക് ആവശ്യമായ സാധന സാമഗ്രികള്‍ എത്തിച്ചുകൊടുക്കുവാന്‍ ഗ്രോസറി കമ്മറ്റിവഴിയായി സാധിച്ചിട്ടുണ്ട്. ഇതിനെല്ലാം പുറമെയാണ് കെയര്‍ ആന്‍ഡ് ഷെയറുമായി ചേര്‍ന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സൗജന്യ മാസ്‌ക് വിതരണം, വരുമാനം കുറഞ്ഞവര്‍ക്ക് സൗജന്യ ഗ്രോസറി വിതരണം, ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സൗജന്യ ഭക്ഷണ വിതരണം തുടങ്ങിയ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ചിക്കാഗോ പ്രദേശത്ത് ചെറിയ വരുമാനത്തില്‍ കഴിഞ്ഞുവന്നതും കോവിഡ് 19 മൂലം ജോലി നഷ്ടപെട്ടതുമായ നൂറുകണക്കിന് മലയാളി കുടുംബങ്ങളെയും വ്യക്തികളെയും കണ്ടെത്തുവാനും അവര്‍ക്ക് ഭക്ഷണമുള്‍പ്പെടെയുള്ള സഹായങ്ങള്‍ എത്തിക്കുവാനും കൈകോര്‍ത്ത് ചിക്കാഗോ മലയാളികള്‍ എന്ന സന്നദ്ധ സംഘടനയിലൂടെ സാധിച്ചിട്ടുണ്ട്.

വെറും മൂന്നു മാസങ്ങള്‍ കൊണ്ട് മലയാളി സമൂഹത്തിനെ ഒരുമിപ്പിച്ചുകൊണ്ട്, ചരിത്രത്തിന്റെ ഭാഗമായ ഈ മഹാമാരിയെ അതിജീവിക്കുവാന്‍ വേണ്ടി കൈകോര്‍ത്ത് ചിക്കാഗോ മലയാളികള്‍ എന്ന കൂട്ടായ്മയ്ക്ക് സാധിച്ചു എന്നത് ചിക്കാഗോയിലെ ഓരോ മലയാളിയുടെയും സാമൂഹ്യ സേവന സന്നദ്ധതയുടെ നേര്‍ക്കാഴ്ചയായാണ് കാണുന്നത് എന്ന് കോര്‍ഡിനേറ്റര്‍ ബെന്നി വാച്ചാച്ചിറ അറിയിച്ചു. തുടക്കത്തില്‍ തങ്ങളെ കൊണ്ടാവുന്ന വിധത്തില്‍ സഹായം ആവശ്യമുള്ളവര്‍ക്ക് അത് എത്തിച്ചു കൊടുക്കുക എന്ന എളിയ ലക്ഷ്യമായിരുന്നു എങ്കില്‍, കൂട്ടായ പരിശ്രമവും, സന്നദ്ധപ്രവര്‍ത്തകരുടെ നിസ്വാര്‍ത്ഥമായ സേവനവും വഴിയായി വലിയ ഒരു മുന്നേറ്റമാണ് ഉണ്ടായത് എന്നും ഈ നേട്ടം കൈവരിക്കുവാനായി ഒരുമിച്ചു നിന്ന് പ്രവര്‍ത്തിച്ച എല്ലാ സന്നദ്ധ പ്രവര്‍ത്തകര്‍ക്കും കമ്മറ്റികള്‍ക്കും നന്ദി പറയുന്നതായും അദ്ദേഹം അറിയിച്ചു. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ടോള്‍ഫ്രീ നമ്പരിലേക്ക് വന്ന കോളുകള്‍ മടിക്കാതെ സ്വീകരിച്ചുകൊണ്ട് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച ബിജി സി മാണി, ജിതേഷ് ചുങ്കത്ത് എന്നിവര്‍ക്കും നന്മയുടെ സന്ദേശവുമായി സഹായ വിതരണത്തിനായി കൈകോര്‍ത്ത് ചിക്കാഗോ മലയാളികളോട് സഹകരിക്കുവാന്‍ രംഗത്ത് എത്തിയ കെയര്‍ ആന്‍ഡ് ഷെയറിന്റെ ഭാരവാഹികളോടും പ്രത്യേകം നന്ദി അദ്ദേഹം അറിയിച്ചു. കോവിഡ് 19 അവസാനിച്ചിട്ടില്ലാത്തതിനാല്‍, തുടര്‍ന്നും ഈ കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ട് പോകുന്നതായിരിക്കും എന്നും സഹായങ്ങള്‍ ആവശ്യമുള്ളവര്‍ കൈകോര്‍ത്ത് ചിക്കാഗോ മലയാളിയുടെ ടോള്‍ ഫ്രീ നമ്പരില്‍ (1-833-353-7252) ബന്ധപ്പെടണം എന്ന് കമ്മറ്റിക്ക് വേണ്ടി ശ്രീ ബെന്നി വാച്ചാച്ചിറ അറിയിച്ചു.

Other News in this category4malayalees Recommends