ഓസ്‌ട്രേലിയയില്‍ കൊറോണ നിയന്ത്രണങ്ങള്‍ കാരണം മൃഗരക്ഷാ പ്രവര്‍ത്തനങ്ങള്‍ താറുമാറായി; രക്ഷിക്കുന്ന മൃഗങ്ങളെ കൊണ്ടുപോകാന്‍ ഗതാഗതസംവിധാനമില്ല; വളണ്ടിയര്‍മാരുടെയും സാമ്പത്തിക സഹായത്തിന്റെയും അപര്യാപ്തയും രൂക്ഷം

ഓസ്‌ട്രേലിയയില്‍ കൊറോണ നിയന്ത്രണങ്ങള്‍ കാരണം മൃഗരക്ഷാ പ്രവര്‍ത്തനങ്ങള്‍ താറുമാറായി; രക്ഷിക്കുന്ന മൃഗങ്ങളെ കൊണ്ടുപോകാന്‍ ഗതാഗതസംവിധാനമില്ല; വളണ്ടിയര്‍മാരുടെയും സാമ്പത്തിക സഹായത്തിന്റെയും അപര്യാപ്തയും രൂക്ഷം
ഓസ്‌ട്രേലിയയില്‍ കൊറോണയുമായി ബന്ധപ്പെട്ട കടുത്ത നിയന്ത്രണങ്ങള്‍ കാരണം രാജ്യത്തെ മൃഗരക്ഷാ പ്രവര്‍ത്തനങ്ങള്‍ അഥവാ അനിമല്‍ റെസ്‌ക്യൂ വര്‍ക്ക് താളം തെറ്റിയെന്ന് റിപ്പോര്‍ട്ട്. വര്‍ഷം തോറും നിരവധി മൃഗങ്ങളെ രക്ഷിക്കാറുണ്ടെങ്കിലും നിലവിലെ നിയന്ത്രണങ്ങള്‍ മൂലം ഇത്തരം പ്രവര്‍ത്തനങ്ങള്‍ വഴിമുട്ടിയിരിക്കുന്നുവെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. തങ്ങളുടെ വരുമാനം ഇതേ തുടര്‍ന്ന് ഇടിഞ്ഞ് താഴ്ന്നിരിക്കുന്നുവെന്നാണ് ഓസ്‌ട്രേലിയന്‍ വര്‍ക്കിംഗ് ഡോഗ് റെസ്‌ക്യൂ ഇനീഷ്യേറ്റീവിലെ കാറെ എഡ്വാര്‍ഡ്‌സ് പറയുന്നത്.

ഏവരും നിലവിലെ കൊറോണ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ പാടുപെടുന്നതിനാല്‍ മൃഗരക്ഷാ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന സംഘടനകള്‍ക്കുള്ള സാമ്പത്തിക സഹായങ്ങളിലും ഇടിവുണ്ടായെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. അലഞ്ഞ് നടക്കുന്ന നായ്ക്കളെയും മറ്റും വിവിധ കൗണ്‍സിലുകള്‍ പിടിച്ച് കൊല്ലുന്നതില്‍ നിന്നും രക്ഷിക്കുന്നത് ഇത്തരം സംഘടനകളാണ്. നിലവില്‍ വാഹനഗതാഗതത്തിന് ഏറെ നിയന്ത്രണങ്ങളുള്ളതിനാല്‍ ഇത്തരം മൃഗങ്ങളെ രക്ഷിച്ചാലും അവയെ സുരക്ഷിതതാവളങ്ങളിലേക്ക് എത്തിക്കാന്‍ ഏറെ ബുദ്ധിമുട്ട് നേരിടുന്ന അവസ്ഥയുണ്ടെന്നും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.

കൊറോണയെ പിടിച്ച് കെട്ടുന്നതിനായി നിലവില്‍ സാമൂഹിക അകലനിയമങ്ങള്‍ കര്‍ക്കശമായിരിക്കുന്നതിനാല്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കാന്‍ വേണ്ടത്ര വളണ്ടിയര്‍മാരെ ലഭിക്കാന്‍ പ്രയാസമുള്ളതും മൃഗരക്ഷാ പ്രവര്‍ത്തനങ്ങളുടെ താളം തെറ്റിച്ചിരിക്കുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും മൃഗങ്ങളെ അഡോപ്റ്റ് ചെയ്യാന്‍ താല്‍പര്യപ്പെട്ടെത്തുന്നവരുടെ എണ്ണം കുതിച്ച് കയറുന്നുവെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. കൊറോണ കാരണം വീടുകളിലിരുന്ന് ജോലി ചെയ്യുന്നവര്‍ വര്‍ധിച്ചിരിക്കുന്നതിനാല്‍ വളര്‍ത്ത് മൃഗങ്ങളുടെ സാമീപ്യം കൊതിക്കുന്നവര്‍ അത്തരക്കാരിലേറിയതിനാലാണിത്.

Other News in this category4malayalees Recommends