സിഡ്‌നിയില്‍ വീട് വാടക കുറയുകയും വേക്കന്‍സികള്‍ വര്‍ധിക്കുകയും ചെയ്തു; വാടകയില്‍ 100 ഡോളര്‍ വരെ ഇടിവ്; വേക്കന്‍സി നിരക്ക് 13.8 ശതമാനമായി കുതിച്ചുയര്‍ന്നു; വീട് വാടകക്ക് എടുക്കുന്നവര്‍ക്ക് കൊറോണ പ്രതിസന്ധിയില്‍ തികച്ചും അനുകൂലമായ അവസരം

സിഡ്‌നിയില്‍ വീട് വാടക കുറയുകയും വേക്കന്‍സികള്‍ വര്‍ധിക്കുകയും ചെയ്തു; വാടകയില്‍ 100 ഡോളര്‍ വരെ ഇടിവ്; വേക്കന്‍സി നിരക്ക് 13.8 ശതമാനമായി കുതിച്ചുയര്‍ന്നു; വീട് വാടകക്ക് എടുക്കുന്നവര്‍ക്ക് കൊറോണ പ്രതിസന്ധിയില്‍ തികച്ചും അനുകൂലമായ അവസരം
കൊറോണ വൈറസ് തീര്‍ത്ത പ്രതിസന്ധി കാരണം സിഡ്‌നിയില്‍ വീട് വാടക കുറയുകയും വേക്കന്‍സികള്‍ വര്‍ധിക്കുകയും ചെയ്ത സാഹചര്യത്തില്‍ വീടുകള്‍ വാടകക്ക് എടുക്കുന്നവര്‍ക്ക് അനുകൂലമായി ഇവിടുത്തെ ഹൗസിംഗ് വിപണി മാറിയെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇവിടുത്തെ വീട്ട് വാടകകളില്‍ ഏതാണ്ട് 100 ഡോളറിലധികം ഇടിവാണുണ്ടായിരിക്കുന്നത്. ഇതിനൊപ്പം ഒഴിഞ്ഞ് കിടക്കുന്ന പ്രോപ്പര്‍ട്ടികളുടെ എണ്ണം സിഡ്‌നിയില്‍ വര്‍ധിച്ച് വരുകയുമാണ്.

ഇന്നര്‍ സിറ്റിയില്‍ നിലവില്‍ വേക്കന്‍സി നിരക്ക് 13.8 ശതമാനമാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇതേ സമയം ഈ നിരക്ക് വെറും 6.5 ശതമാനമായിരുന്നുവെന്നാണ് എസ്‌ക്യൂഎം റിസര്‍ച്ചില്‍ നിന്നുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ വെളിപ്പെടുത്തുന്നത്. സിബിഡിയിലെ വാരാന്ത്യ റെന്റല്‍ പ്രൈസുകളില്‍ കഴിഞ്ഞ വര്‍ഷത്തെ ഇതേ സമയവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 100 ഡോളറിലധികം കുറവും രേഖപ്പെടുത്തിയിരിക്കുന്നു. ഇത്തരത്തില്‍ ഇവിടുത്തെ ഹൗസിംഗ് വിപണി അടുത്ത കാലത്തൊന്നും പ്രതിസന്ധി അനുഭവിച്ചിട്ടില്ലെന്നാണ് സിഡ്‌നി കോവ് പ്രോപ്പര്‍ട്ടിയുടെ ഡയറക്ടറായ ഗ്രാന്റ് അഷ്ബി പറയുന്നത്.

ഇതിനെ തുടര്‍ന്ന് ഈ വര്‍ഷത്തില്‍ ഇതാദ്യമായി റെന്റര്‍മാരുടെ ആത്മവിശ്വാസം കുത്തനെ ഉയര്‍ന്നിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ വേക്കന്‍സി നിരക്കുയരുന്നതിനാല്‍ തങ്ങളുടെ സൗകര്യാര്‍ത്ഥം വാടക കുറഞ്ഞ ഇടങ്ങളിലേക്ക് മാറാനും ഇവര്‍ക്ക് മുന്നില്‍ അവസരങ്ങളേറിയിരിക്കുകയാണ്.കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സിഡ്‌നിയില്‍ വാടക കുത്തനെ ഉയര്‍ന്നതും വേക്കന്‍സി നിരക്ക് താഴ്ന്നതും കാരണം ലഭിക്കുന്ന വീടുകളില്‍ ഉടമ ചോദിക്കുന്ന വാടക നല്‍കി കഴിയാന്‍ നിര്‍ബന്ധിതരായിരുന്ന വാടകക്കാര്‍ക്ക് ഇപ്പോള്‍ ഇതില്‍ നിന്നും മോചനം ലഭിക്കുന്നതിനുള്ള അവസരം കൂടിയാണ് കൊറോണ കൊണ്ടു വന്ന് കൊടുത്തിരിക്കുന്നത്.

Other News in this category



4malayalees Recommends