രാജ്യത്തെ 70 ശതമാനം കൊവിഡ് കേസുകളും മുപ്പത് ജില്ലകളില്‍ നിന്നാണെന്ന് നീതി ആയോഗ്; 52 ശതമാനം കേസുകള്‍ അഞ്ച് മഹാനഗരങ്ങളില്‍ നിന്ന്; തമിഴ്‌നാട്ടില്‍ കൊവിഡ് കേസുകള്‍ 21000വും ഗുജറാത്തില്‍ മരണം ആയിരവും കടന്നു

രാജ്യത്തെ 70 ശതമാനം കൊവിഡ് കേസുകളും മുപ്പത് ജില്ലകളില്‍ നിന്നാണെന്ന് നീതി ആയോഗ്; 52 ശതമാനം കേസുകള്‍ അഞ്ച് മഹാനഗരങ്ങളില്‍ നിന്ന്; തമിഴ്‌നാട്ടില്‍ കൊവിഡ് കേസുകള്‍ 21000വും ഗുജറാത്തില്‍ മരണം ആയിരവും കടന്നു

രാജ്യത്തെ 70 ശതമാനം കൊവിഡ് കേസുകളും മുപ്പത് ജില്ലകളില്‍ നിന്നാണെന്ന് നീതി ആയോഗ്. അഞ്ച് മഹാനഗരങ്ങളില്‍ നിന്നാണ് 52 ശതമാനം കേസുകള്‍. തമിഴ്‌നാട്ടില്‍ കൊവിഡ് കേസുകള്‍ 21000വും ഗുജറാത്തില്‍ മരണം ആയിരവും കടന്നു.


രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ 52 ശതമാനവും റിപ്പോര്‍ട്ട് ചെയ്യുന്നത് മുംബൈ, ഡല്‍ഹി, ചെന്നൈ, അഹമ്മദാബാദ്, താനെ എന്നീ മഹാനഗരങ്ങളില്‍ നിന്നാണെന്ന് നീതി ആയോഗ് വ്യക്തമാക്കി. മുംബൈയില്‍ നിന്ന് മാത്രം 20.89 ശതമാനം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡല്‍ഹി 10.61, ചെന്നൈ 8.16, അഹമ്മദാബാദ് 7.08, താനെ 5.06 എന്നിങ്ങനെയാണ് ശതമാനക്കണക്ക്.

70 ശതമാനം കൊവിഡ് കേസുകളും മുപ്പത് ജില്ലകളില്‍ നിന്നാണ് വരുന്നത്. പതിനഞ്ച് ജില്ലകളില്‍ ആയിരത്തിനും മുകളിലാണ് പോസിറ്റീവ് കേസുകളുടെ എണ്ണം. ഈ മേഖലകളിലെ ഹോട്ട്‌സ്‌പോട്ടുകള്‍ കേന്ദ്രീകരിച്ച് ഊര്‍ജിതമായ പരിശോധനയും തുടര്‍നടപടികളും ഉണ്ടാകണമെന്ന് നീതി ആയോഗ് വ്യക്തമാക്കി.

തമിഴ്‌നാട്ടില്‍ 24 മണിക്കൂറിനിടെ 938 പോസിറ്റീവ് കേസുകളും ആറ് മരണവും റിപ്പോര്‍ട്ട് ചെയ്തു. ചെന്നൈയില്‍ മാത്രം 616 പുതിയ കേസുകള്‍. സംസ്ഥാനത്ത് ആകെ കൊവിഡ് കേസുകള്‍ 21,184ഉം മരണം 160ഉം ആയി. ഗുജറാത്തില്‍ മരണം ആയിരം കടന്നു. ഇതുവരെ 1007 പേര്‍ മരിച്ചു. 24 മണിക്കൂറിനിടെ 412 പുതിയ കേസുകളും 27 മരണവും റിപ്പോര്‍ട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകള്‍ 16,356 ആയി. അതേസമയം, 9230 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. ഡല്‍ഹിയില്‍ 1163 പേര്‍ കൂടി രോഗികളായതോടെ ആകെ പോസിറ്റീവ് കേസുകള്‍ 18549 ആയി. ഇതുവരെ 416 പേര്‍ മരിച്ചു.

Other News in this category4malayalees Recommends