റെംഡെസിവര്‍ കൊറോണ വൈറസ് ബാധയുള്ള കുരങ്ങുകളില്‍ ശ്വാസകോശ രോഗം തടഞ്ഞതായി പഠനം; മരുന്ന് പരീക്ഷിച്ചത് 12 കുരങ്ങുകളില്‍; രോഗികളില്‍ ന്യുമോണിയ തടയാന്‍ എത്രയും പെട്ടെന്ന് റെംഡെസിവര്‍ ഉപയോഗിച്ചു തുടങ്ങണമെന്ന് ഗവേഷകര്‍
ആന്റി വൈറല്‍ മരുന്നായ റെംഡെസിവര്‍ കൊറോണ വൈറസ് ബാധയുള്ള കുരങ്ങുകളില്‍ ശ്വാസകോശ രോഗം തടഞ്ഞതായി പഠനറിപ്പോര്‍ട്ട്. നേച്ചര്‍ മെഡിക്കല്‍ മാസികയിലാണു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. മനുഷ്യരില്‍ നടത്തിയ പരീക്ഷണങ്ങളിലും ശുഭകരമായ പ്രതികരണം ലഭിച്ച മരുന്നാണ് റെംഡെസിവര്‍
12 കുരങ്ങുകളില്‍ കൊറോണ വൈറസ് കുത്തിവച്ചശേഷം ആറെണ്ണത്തിനാണ് റെംഡെസിവര്‍ നല്‍കിയത്. വൈറസ് ബാധയുടെ ആദ്യഘട്ടത്തില്‍ റെംഡെസിവര്‍ നല്‍കിയ കുരങ്ങുകളില്‍ പിന്നീട് ശ്വാസകോശ രോഗത്തിന്റെ ലക്ഷണം ഉണ്ടായില്ല. ശ്വാസകോശത്തിന് ഉണ്ടാകുന്ന തകരാറ് കുറഞ്ഞെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കോവിഡ് രോഗികളില്‍ ന്യുമോണിയ അവസ്ഥ സംജാതമാകുന്നതു തടയാന്‍ എത്രയും പെട്ടെന്ന് റെംഡെസിവര്‍ ഉപയോഗിച്ചു തുടങ്ങണമെന്നാണ് ഗവേഷകരുടെ നിര്‍ദേശം.
അമേരിക്ക, ഇന്ത്യ, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളില്‍ ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് അടിയന്തരഘട്ടത്തില്‍ റെംഡെസിവര്‍ നല്‍കാന്‍ അധികൃതര്‍ അനുമതി നല്‍കിയിട്ടുണ്ട്. ചില യൂറോപ്യന്‍ രാജ്യങ്ങളിലും ഈ മരുന്ന് ഉപയോഗിക്കുന്നുണ്ട്. മനുഷ്യരില്‍ റെംഡെസിവറിന്റെ പരീക്ഷണം തുടരുകയാണ്. ഈ മരുന്ന് ഉപയോഗിച്ച ചിലര്‍ക്കു പെട്ടെന്നു രോഗമുക്തി ഉണ്ടായതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.