അതിര്‍ത്തിയിലെ സൈനികരെ ആയോധനകല അഭ്യസിപ്പിക്കാനൊരുങ്ങി ചൈന; മറികടക്കാന്‍ പ്രത്യേക പരിശീലനം നേടിയ 'ഘാതക് കമാന്‍ഡോ'കളെ ഗാല്‍വന്‍ മേഖലയില്‍ വിന്യസിച്ച് ഇന്ത്യ; ഇന്ത്യ വിന്യസിച്ചത് മരണകാരികളെന്ന് അറിയപ്പെടുന്ന വിഭാഗത്തെ

അതിര്‍ത്തിയിലെ സൈനികരെ ആയോധനകല അഭ്യസിപ്പിക്കാനൊരുങ്ങി ചൈന; മറികടക്കാന്‍ പ്രത്യേക പരിശീലനം നേടിയ 'ഘാതക് കമാന്‍ഡോ'കളെ ഗാല്‍വന്‍ മേഖലയില്‍ വിന്യസിച്ച് ഇന്ത്യ; ഇന്ത്യ വിന്യസിച്ചത് മരണകാരികളെന്ന് അറിയപ്പെടുന്ന വിഭാഗത്തെ

ഇന്ത്യാ-ചൈനാ അതിര്‍ത്തിയിലെ യഥാര്‍ഥ നിയന്ത്രണരേഖയില്‍ വിന്യസിച്ച പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയിലെ (പി.എല്‍.എ.) സൈനികരെയും ഓഫീസര്‍മാരെയും ആയോധനകല അഭ്യസിപ്പിക്കാനൊരുങ്ങി ചൈന. ഇതിനായി ഇരുപതോളം പരിശീലകരെ ടിബറ്റന്‍ സൈനിക താവളത്തിലെത്തിച്ചതായാണ് വിവരം. ഇതിനെ മറികടക്കാന്‍ പ്രത്യേക പരിശീലനം നേടിയ 'ഘാതക് കമാന്‍ഡോ'കളെ ഇന്ത്യ ഗാല്‍വന്‍ മേഖലയില്‍ കൂടുതലായി വിന്യസിച്ചു.ആയോധനമുറകള്‍ അഭ്യസിച്ചവരെയും പര്‍വതാരോഹകരെയും ലഡാഖിലെ ആക്രമണത്തിനു നിയോഗിച്ചിരുന്നെന്ന ചൈനീസ് സേനയുടെ വെളിപ്പെടുത്തലിനു പിന്നാലെ പ്രത്യേക പരിശീലനം നേടിയ 'ഘാതക് കമാന്‍ഡോ'കളെ ഇന്ത്യ ഗാല്‍വന്‍ മേഖലയില്‍ കൂടുതലായി വിന്യസിച്ചു.


തോക്കില്ലാതെ തന്നെ ശത്രുതാവളത്തില്‍ കടന്നുചെന്ന് വന്‍ നാശമുണ്ടാക്കാന്‍ ശേഷിയുള്ള ഘാതക് കമാന്‍ഡോകളെ വിന്യസിച്ചത്. ചൈനീസ് ആയോധന അഭ്യാസികളുടെ ഏതു നീക്കത്തെയും തകര്‍ക്കാന്‍ ഇവര്‍ക്കാകുമെന്നു സൈനികവൃത്തങ്ങള്‍.കര്‍ണാടകയിലെ ബെല്‍ഗാമില്‍ 43 ദിവസത്തെ പ്രത്യേക പരിശീലനം പൂര്‍ത്തിയാക്കിയവരാണ് ലഡാഖില്‍ നിയോഗിക്കപ്പെട്ട കമാന്‍ഡോകള്‍. 35 കിലോ ഗ്രാം ഭാരവുമായി 40 കിലോമീറ്റര്‍ തുടര്‍ച്ചയായി ഓടുന്നതുള്‍പ്പെടെ പരിശീലനം പൂര്‍ത്തിയാക്കിയവരാണ് ഇവരെന്നും അധികൃതര്‍. ഭീകരര്‍ക്കെതിരായ ഓപ്പറേഷനുകള്‍ക്കും ശത്രുസൈന്യത്തെ ഞെട്ടിക്കുന്ന അപ്രതീക്ഷിത ആക്രമണങ്ങള്‍ക്കും കരസേന ആശ്രയിക്കുന്ന പ്രത്യേക കമാന്‍ഡോ വിഭാഗമാണ് ഘാതക് പ്ലാറ്റൂണ്‍.

സൈന്യത്തില്‍ ഏറ്റവുമധികം ശാരീരികക്ഷമതയുള്ള വിഭാഗമാണിത്. ബറ്റാലിയന്റെ സഹായമില്ലാതെ തന്നെ ശത്രുക്കളെ ആക്രമിക്കാനാവുന്ന ഘാതക് കമാന്‍ഡോകള്‍ക്ക് പരമ്പരാഗത ആയോധന കലകളിലും പ്രാവീണ്യമുണ്ടാകും. ശത്രുവുമായി നേരിട്ടുള്ള ഏറ്റുമുട്ടലിനും ഇവര്‍ക്ക് വൈദഗ്ധ്യമുണ്ട്.

ശത്രുസേനയുടെ വിതരണശൃംഖലയില്‍ കടന്നുകയറി തടസമുണ്ടാക്കുന്നതും ആയുധങ്ങള്‍ തട്ടിയെടുക്കുന്നതുമൊക്കെ ഇവരുടെ ദൗ്യത്തില്‍ ഉള്‍പ്പെടും. പര്‍വതമേഖലയിലെ യുദ്ധത്തില്‍ പ്രത്യേക പരിശീലനമുണ്ട് ഇവര്‍ക്ക്.

ഒരു കമാന്‍ഡിങ് ക്യാപ്റ്റനും രണ്ടു നോണ്‍ കമ്മിഷന്‍ഡ് ഓഫിസര്‍മാര്‍ക്കും കീഴില്‍ 20 പേരുള്‍പ്പെടുന്നതാണ് ഒരു പ്ലാറ്റൂണ്‍. തോക്കുകളുള്‍പ്പെടെ ആയുധങ്ങള്‍ നിറച്ച ബാഗുകള്‍ തോളിലേന്തിയാണ് ഇവരുടെ പരിശീലനം. ദൗത്യത്തിന്റെ സവിശേഷത അനുസരിച്ച് കയറും പാറക്കെട്ടുകളിലും കെട്ടിടങ്ങളിലും തൂങ്ങിക്കയറാനുള്ള കൊളുത്തുള്‍പ്പെടെ സംവിധാനങ്ങളും ഗ്രനേഡുകളും റോക്കറ്റ് ലോഞ്ചറുകളുമെല്ലാം ഇവരുടെ ബാഗിലുണ്ടാകും. പാക് അധീന കശ്മീരില്‍ ഇന്ത്യന്‍ സേന നടത്തിയ സര്‍ജിക്കല്‍ ആക്രമണത്തില്‍ ഘാതക് കമാന്‍ഡോകളുമുണ്ടായിരുന്നു.കാര്‍ഗില്‍ യുദ്ധത്തില്‍ ടൈഗര്‍ ഹില്‍ തിരികെ പിടിച്ചെടുത്തതും ഘാതക് കമാന്‍ഡോകളാണ്. സംഘര്‍ഷം മൂര്‍ധന്യാവസ്ഥയിലുള്ള പാംഗോങ് തടാകത്തോടു ചേര്‍ന്നുള്ള മലനിരകള്‍, ഗാല്‍വന്‍ താഴ്വര, ഡെപ്‌സാങ് എന്നിവിടങ്ങളില്‍ സേനാംഗങ്ങള്‍ക്കൊപ്പം കമാന്‍ഡോകളും നിലയുറപ്പിച്ചിട്ടുണ്ട്. അതിര്‍ത്തിയിലെ വിവിധ സേനാ ബറ്റാലിയനുകള്‍ക്കു കീഴിലുള്ള പ്ലറ്റൂണുകളിലെ കമാന്‍ഡോ സംഘമാണിത്.

Other News in this category4malayalees Recommends