ഇംഗ്ലണ്ടിലേക്ക് കൊറോണ ഭീഷണി കുറഞ്ഞ 50 രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ഇനി 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍ വേണ്ട; ജൂലൈ 10 മുതലുള്ള ഇളവ് ഫ്രാന്‍സ്, സ്‌പെയിന്‍, ജര്‍മനി, ഇറ്റലി തുടങ്ങിയിടങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ബാധകം

ഇംഗ്ലണ്ടിലേക്ക് കൊറോണ ഭീഷണി കുറഞ്ഞ 50 രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ഇനി 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍ വേണ്ട; ജൂലൈ 10 മുതലുള്ള ഇളവ് ഫ്രാന്‍സ്, സ്‌പെയിന്‍, ജര്‍മനി, ഇറ്റലി തുടങ്ങിയിടങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ബാധകം
ഇംഗ്ലണ്ടിലേക്ക് വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നുമെത്തുന്നവര്‍ക്കുള്ള ക്വാറന്റൈന്‍ നിയമത്തില്‍ നിര്‍ണായകമായ ഇളവുകള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍ രംഗത്തെത്തി. ഇത് പ്രകാരം കുറഞ്ഞ കൊറോണ ഭീഷണിയുള്ള രാജ്യങ്ങളില്‍ നിന്നുമെത്തുന്നവര്‍ക്ക് ക്വാറന്റൈന്‍ ആവശ്യമില്ല. ജൂലൈ 10 മുതല്‍ നടപ്പിലാക്കുന്ന പുതിയ നിയമം അനുസരിച്ച് ഫ്രാന്‍സ്, സ്‌പെയിന്‍, ജര്‍മനി, ഇറ്റലി തുടങ്ങിയ 50 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ക്വാറന്റൈന്‍ ഒഴിവാക്കിയിരിക്കുന്നതെന്നാണ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ട്രാന്‍സ്‌പോര്‍ട്ട് അറിയിക്കുന്നത്.

നിലവിലെ നിയമം അനുസരിച്ച് യുകെയിലേക്ക് വിദേശത്ത് നിന്ന് വരുന്നവരെല്ലാം നിര്‍ബന്ധമായും രണ്ടാഴ്ച സെല്‍ഫ് ഐസൊലേഷനില്‍ പോകേണ്ടതുണ്ട്. ആ നിയമത്തിലാണ് ചില രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് ഇപ്പോള്‍ ഇളവ് അനുവദിക്കാന്‍ പോകുന്നത്. ജൂണ്‍ ആദ്യം മുതലായിരുന്നു ക്വാറന്റൈന്‍ നിയമം നടപ്പിലാക്കിയിരുന്നത്. മറ്റ് രാജ്യങ്ങളില്‍ നിന്നും വരുന്നവരില്‍ നിന്നും യുകെയിലേക്കുള്ള കൊറോണ പടര്‍ച്ചയെ പ്രതിരോധിക്കുന്നതിന് വേണ്ടിയായിരുന്നു ഈ നിയമം നടപ്പിലാക്കിയിരുന്നത്.

പുതിയ ഇളവുകള്‍ പ്രകാരം 50 രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് രണ്ടാഴ്ചത്തെ ക്വാറന്റൈന്‍ ഇല്ലാതെ ഇംഗ്ലണ്ടിലേക്ക് പ്രവേശിക്കാനാവും. എന്നാല്‍ ഇവര്‍ ഈ ഇളവ് പട്ടികയില്‍ പെടാത്തതും കൊറോണ ഭീഷണി കനത്തതുമായ രാജ്യങ്ങളിലൂടെ കഴിഞ്ഞ 14 ദിവസങ്ങള്‍ക്കകം വന്നവരോ അല്ലെങ്കില്‍ അവിടെ പോയതിന് ശേഷം റിസ്‌ക് കുറഞ്ഞ രാജ്യങ്ങളിലേക്കെത്തിയവരോ ആകരുതെന്ന് നിബന്ധനയുണ്ട്. ഇളവുകള്‍ അനുവദിക്കുന്ന 50 രാജ്യങ്ങളുടെ പട്ടിക ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ഗ്രാന്റ് ഷാപ്‌സ് ഇന്നലെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇത്തരത്തില്‍ ഇളവുകളുടെ പട്ടികയിലുള്‍പ്പെട്ടിരിക്കുന്ന രാജ്യങ്ങളെ ഗ്രീന്‍, ആംബര്‍ എന്നീ കാറ്റഗറികളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി പറയുന്നത്. ഗ്രീന്‍ കാറ്റഗറിയിലുളള രാജ്യങ്ങള്‍ കൊറോണ ഭീഷണി വളരെ കുറഞ്ഞവയെ സൂചിപ്പിക്കുന്നു. എന്നാല്‍ ആംബര്‍ കാറ്റഗറിയിലുള്ള രാജ്യങ്ങള്‍ കുറച്ച് കൂടി കൊറോണ ഭീഷണിയുളളവയാണ്. ഉദാഹരണമായി കൊറോണ ഭീഷണി ഏറ്റവും കുറഞ്ഞ ന്യൂസിലാന്‍ഡ് ഗ്രീന്‍ കാറ്റഗറിയിലാണ്. മാറ്റിയ നിയമങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനുളള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നുവെന്നാണ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ട്രാന്‍സ്‌പോര്‍ട്ട് വ്യക്തമാക്കുന്നത്.

Other News in this category4malayalees Recommends