'സ്വപ്ന സുരേഷിനെ മുഖ്യമന്ത്രിക്ക് അറിയില്ല എന്ന് പറയുന്നത് പച്ചക്കള്ളം;2017 മുതല്‍ മുഖ്യമന്ത്രിക്ക് സ്വപ്നയെ അറിയാം; മകളുടെ ബിസിനസ് ബന്ധങ്ങള്‍ പുറത്തറിയുമെന്ന ഭയത്തിലാണോ ശിവശങ്കറിനെ ഐ.ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റാതിരുന്നത്'; കെ സുരേന്ദ്രന്‍

'സ്വപ്ന സുരേഷിനെ മുഖ്യമന്ത്രിക്ക് അറിയില്ല എന്ന് പറയുന്നത് പച്ചക്കള്ളം;2017 മുതല്‍ മുഖ്യമന്ത്രിക്ക് സ്വപ്നയെ അറിയാം; മകളുടെ ബിസിനസ് ബന്ധങ്ങള്‍ പുറത്തറിയുമെന്ന ഭയത്തിലാണോ ശിവശങ്കറിനെ ഐ.ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റാതിരുന്നത്'; കെ സുരേന്ദ്രന്‍

സ്വര്‍ണക്കടത്ത് കേസിലെ മുഖ്യസൂത്രധാര സ്വപ്ന സുരേഷിനെ മുഖ്യമന്ത്രിക്ക് അറിയില്ല എന്ന് പറയുന്നത് പച്ചക്കള്ളമാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. 2017 മുതല്‍ മുഖ്യമന്ത്രിക്ക് സ്വപ്നയെ അറിയാമെന്ന് കോഴിക്കോട്ട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം ആരോപിച്ചു. 2017 സെപ്തംബര്‍ 27 ന് ഷാര്‍ജ ഷെയ്ക്കിനെ കേരളം ആദരിച്ചപ്പോള്‍ അതിന്റെ ചുമതല സ്വപ്ന സുരേഷിനായിരുന്നു. ലോക കേരള സഭയുടെ നടത്തിപ്പിലും സ്വപ്ന പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണമായുള്ള ബന്ധത്തിലൂടെയാണ് ലോകകേരള സഭയുടെ നിയന്ത്രണം സ്വപ്നയിലെത്തുന്നതെന്ന് സുരേന്ദ്രന്‍ ആരോപിച്ചു.


തിരുവനന്തപുരത്ത് സ്വപ്നയുടെ വ്യവസായ സ്ഥാപനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത് ശ്രീരാമകൃഷ്ണനായിരുന്നു. പ്രവാസി വ്യവസായികളെ ക്ഷണിക്കുന്നതിലും വ്യവസായികളും സി.പി.എമ്മും സര്‍ക്കാറും തമ്മിലുള്ള ബന്ധം ശക്തമാക്കാനും സ്വപ്ന ശ്രമിച്ചു. സര്‍ക്കാരിലെ പ്രമുഖരുമായും ചില എം.എല്‍.എമാരുമായും ഇവര്‍ക്ക് ബന്ധമുണ്ട്. ശിവശങ്കറിനെ മാറ്റിയതോടെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് സ്വര്‍ണക്കടത്ത് ഇടപാടിലുള്ള പങ്ക് വ്യക്തമായെന്നും ബി.ജെ.പി അദ്ധ്യക്ഷന്‍ ചൂണ്ടിക്കാട്ടി.മുഖ്യമന്ത്രിയുടെ ഓഫീസുമായി സ്വര്‍ണ്ണക്കടത്തിന് ബന്ധം ഉണ്ടെന്ന് വ്യക്തമായതിനാലാണ് ബി.ജെ.പി ആരോപണമുന്നയിച്ചതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ മകളുടെ ബിസിനസ് ബന്ധങ്ങള്‍ പുറത്തറിയുമെന്ന ഭയത്തിലാണോ ഐ.ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് ശിവശങ്കറിനെ മാറ്റാതിരുന്നതെന്ന് വ്യക്തമാക്കണം. ഐ.ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് ശിവശങ്കറിനെ മാറ്റാത്തതിന് പിന്നില്‍ മുഖ്യമന്ത്രിയുടെ വ്യക്തി താല്‍പര്യമാണെന്നും കെ. സുരേന്ദ്രന്‍ ആരോപിച്ചു.സ്വര്‍ണ്ണക്കടത്തിന് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമില്ലെങ്കില്‍ പിന്നെ എന്തിന് സെക്രട്ടറി സ്ഥാനത്തു നിന്ന് ശിവശങ്കറിനെ മാറ്റിയെന്നും അദ്ദേഹം ചോദിച്ചു. സോളാര്‍ കേസിന്റെ തനിയാവര്‍ത്തനമാണിത്. അന്ന് സരിതയാണെങ്കില്‍ ഇന്ന് സ്വപ്ന മുഖ്യമന്ത്രിയുടെ ചെവിയില്‍ സ്വകാര്യം പറയുന്ന ദൃശ്യം പുറത്തുവരുകയാണ്. വ്യക്തമായ ധാരണയില്ലാതെ ഇതുവരെ മുഖ്യമന്ത്രിക്കെതിരെ ആരോപണമുന്നയിച്ചിട്ടില്ല. സാധാരണ നികുതി വെട്ടിപ്പ് കേസായി ഇത് മാറില്ലെന്ന് കെ. സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു

Other News in this category4malayalees Recommends