കാനഡയിലെ ബിസിനസുകള്‍ക്ക് നല്‍കി വരുന്ന എമര്‍ജന്‍സി വേയ്ജ് സബ്‌സിഡി പ്രോഗ്രാം ഡിസംബര്‍ വരെ ദീര്‍ഘിപ്പിക്കുമെന്ന് ട്രൂഡ്യൂ; കൂലിയുടെ 75 ശതമാനം വരെ പ്രദാനം ചെയ്യുന്ന പ്രോഗ്രാമിലൂടെ തൊഴിലാളിക്ക് ആഴ്ചയില്‍ 847 ഡോളര്‍ ലഭിക്കും

കാനഡയിലെ ബിസിനസുകള്‍ക്ക് നല്‍കി വരുന്ന  എമര്‍ജന്‍സി വേയ്ജ് സബ്‌സിഡി പ്രോഗ്രാം ഡിസംബര്‍ വരെ ദീര്‍ഘിപ്പിക്കുമെന്ന് ട്രൂഡ്യൂ; കൂലിയുടെ 75 ശതമാനം വരെ പ്രദാനം ചെയ്യുന്ന പ്രോഗ്രാമിലൂടെ തൊഴിലാളിക്ക് ആഴ്ചയില്‍ 847 ഡോളര്‍ ലഭിക്കും
കൊറോണ പ്രതിസന്ധിയില്‍ ഫെഡറല്‍ ഗവണ്‍മെന്റ് കാനഡയിലെ ബിസിനസുകള്‍ക്ക് നല്‍കി വരുന്ന സബ്‌സിഡി ഡിസംബര്‍ വരെ ദീര്‍ഘിപ്പിക്കുമെന്ന് വെളിപ്പെടുത്തി പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡ്യൂ രംഗത്തെത്തി. കൊറോണക്കാലത്ത് ബിസിനസുകള്‍ക്ക് പിന്തുണയേകുന്നതിനായി ഏര്‍പ്പെടുത്തിയിരിക്കുന്ന എമര്‍ജന്‍സി വേയ്ജ് സബ്‌സിഡി പ്രോഗ്രാം പ്രകാരം വേയ്ജിന്റെ 75 ശതമാനമാണ് ബിസിനസുകള്‍ക്ക് പ്രദാനം ചെയ്യുന്നത്. ഇത് പ്രകാരം ഓരോ തൊഴിലാളിക്കും ആഴ്ച തോറും 847 ഡോളര്‍ വരെയാണ് ലഭിക്കുന്നത്.

കോവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രശ്‌നം രൂക്ഷമായി ബാധിച്ചിരിക്കുന്ന കമ്പനികള്‍ക്കും നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷനുകള്‍ക്കുമാണ് ഈ പ്രോഗ്രാമിലൂടെ ആനുകൂല്യം അനുവദിച്ച് വരുന്നത്. ഈ പ്രോഗ്രാം ഡിസംബര്‍ വരെ നീട്ടുന്നതിലൂടെ കമ്പനികള്‍ക്ക് അനിശ്ചിതത്വത്തില്‍ നിന്നും കൂടുതല്‍ മോചനം നേടാനും പിന്തുണയേകാനും സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നാണ് ഇതിനെക്കുറിച്ചുള്ള പ്രഖ്യാപനം നടത്തവെ ട്രൂഡ്യൂ വിശദീകരിക്കുന്നു.

കൊറോണയില്‍ തകര്‍ന്ന സാമ്പത്തിക രംഗത്തെ തിരിച്ച് കൊണ്ടു വരുന്നതിന്റെ ഭാഗമായിട്ടാണീ നീക്കമെന്നും ട്രൂഡ്യൂ പറയുന്നു. കൊറോണ മൂലം സാമ്പത്തിക രംഗത്തെ പ്രവര്‍ത്തനങ്ങള്‍ മാസങ്ങളായി മന്ദീഭവിച്ചിരിക്കുന്നിടത്ത് നിന്നും കാനഡക്കാരെ ജോലികളിലേക്ക് തിരിച്ച് കൊണ്ടു വരുന്നതിന് കനേഡിയന്‍ സര്‍ക്കാര്‍ നടത്തി വരുന്ന പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായകമാണീ വേയ്ജ് സബ്‌സിഡി പ്രോഗ്രാം. എന്നാല്‍ സര്‍ക്കാര്‍ കണക്ക് കൂട്ടിയത് പോലുള്ള ഗുണഫലം ഈ പ്രോഗ്രാമിലൂടെ ലഭിച്ചില്ലെന്ന ആശങ്കയും ശക്തമാണ്. പ്രോഗ്രാം ദീര്‍ഘിപ്പിക്കുന്നതിലൂടെ ഇതിന്റെ ലക്ഷ്യങ്ങള്‍ കൂടുതല്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയുമെന്നാണ് കനേഡിയന്‍ ഗവണ്‍മെന്റ് പ്രതീക്ഷിക്കുന്നത്.

ബിസിനസുകള്‍ കൊറോണയാലുള്ള ആഘാതത്തില്‍ നിന്നും കരകയറിയിട്ടില്ലാത്തതിനാലാണ് തൊഴിലാളികള്‍ക്ക് ജീവിക്കാനുളള വരുമാനം ഉറപ്പ് വരുത്തുന്ന എമര്‍ജന്‍സി വേയ്ജ് സബ്‌സിഡി പ്രോഗ്രാം ഡിസംബര്‍ വരെ ദീര്‍ഘിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിരിക്കുന്നത്.ജൂലൈ ആറ് വരെയുള്ള കണക്കുകള്‍ പ്രകാരം ഈ പ്രോഗ്രാമിലൂടെ 18.01 ബില്യണ്‍ ഡോളറാണ് 2,52,370 കമ്പനികള്‍ക്കായി അനുവദിച്ചിരിക്കുന്നത്. വേയ്ജ് സബ്‌സിഡി പ്രോഗ്രാമിനുള്ള തുക സര്‍ക്കാര്‍ കഴിഞ്ഞ ആഴ്ച 82.3 ബില്യണ്‍ ഡോളറായി വര്‍ധിപ്പിച്ചിരുന്നു.

Other News in this category



4malayalees Recommends