ഇംഗ്ലണ്ടില്‍ ജൂലൈ 24 മുതല്‍ മാസ്‌കിടാതെ ഷോപ്പിംഗിന് പോയാല്‍ പിഴക്ക് പുറമെ സാധനം കിട്ടാത്ത അവസ്ഥയും; കൊറോണക്കെതിരെ ഫേസ്മാസ്‌ക് നിയമം കര്‍ക്കശമായി നടപ്പിലാക്കാനൊരുങ്ങി സര്‍ക്കാര്‍; രാജ്യമാകമാനം മാസ്‌കിന് പിടിവലി; മുഖാവരണത്തിന് വില കുതിച്ചുയരുന്നു

ഇംഗ്ലണ്ടില്‍ ജൂലൈ 24 മുതല്‍ മാസ്‌കിടാതെ ഷോപ്പിംഗിന് പോയാല്‍ പിഴക്ക് പുറമെ സാധനം കിട്ടാത്ത അവസ്ഥയും; കൊറോണക്കെതിരെ ഫേസ്മാസ്‌ക് നിയമം കര്‍ക്കശമായി നടപ്പിലാക്കാനൊരുങ്ങി സര്‍ക്കാര്‍; രാജ്യമാകമാനം മാസ്‌കിന് പിടിവലി; മുഖാവരണത്തിന് വില കുതിച്ചുയരുന്നു
ഇംഗ്ലണ്ടില്‍ ജൂലൈ 24 മുതല്‍ ഷോപ്പുകളില്‍ സാധനങ്ങള്‍ വാങ്ങാന്‍ ചെല്ലുന്നവരെല്ലാം ഫേസ് മാസ്‌ക് ധരിക്കണമെന്ന നിയമം നിലവില്‍ വരുകയാണല്ലോ. ഇത്തരത്തില്‍ മാസ്‌ക് ധരിക്കാത്തവരില്‍ നിന്നും 100 പൗണ്ട് തത്സമയം പിഴയീടാക്കുമെന്ന് മാത്രമല്ല ഫേസ് മാസ്‌കിടാതെ എത്തുന്നവര്‍ക്ക് ഒരൊറ്റ സാധനം പോലും നല്‍കിപ്പോവരുതെന്ന കടുത്ത താക്കീതാണ് അധികൃതര്‍ ഷോപ്പുടമകള്‍ക്ക് നല്‍കിയിരിക്കുന്നത്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ കൊറോണയെ പ്രതിരോധിക്കുന്നതിനുള്ള ഫേസ് മാസ്‌ക് നിയമം ഏവരെ കൊണ്ടും അനുസരിപ്പിക്കാന്‍ അധികാരികള്‍ ഏതറ്റം വരെ പോകാനും തയ്യാറായിരിക്കുന്നുവെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്.

മാസ്‌ക് ധരിക്കാതെയെത്തുന്നവരില്‍ നിന്നും സ്‌പോട്ട് ഫൈന്‍ ഈടാക്കാന്‍ പോലീസിന് അധികാരം നല്‍കിയിട്ടുണ്ടെങ്കിലും ഓരോ ഷോപ്പിലും ഇത് സംബന്ധിച്ച നിരീക്ഷണം തത്സമയം നടത്താനും ഫൈന്‍ ചുമത്താനും പോലീസില്‍ വേണ്ടത്ര ആളില്ലെന്നത് പുതിയ നിയമം നടപ്പിലാക്കുന്നതിന് പ്രധാന വെല്ലുവിളിയായിത്തീരുമെന്ന ആശങ്ക ശക്തമാണ്. ഇതിനെ തുടര്‍ന്നാണ് ഷോപ്പ് മാനേജര്‍മാരെ കൂടി ഉള്‍പ്പെടുത്തി പുതിയ നിയമം നടപ്പിലാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇത് പ്രകാരം മുഖാവരണം അണിയാതെ എത്തുന്നവര്‍ക്ക് സാധനങ്ങള്‍ നല്‍കാതിരിക്കാനുള്ള അധികാരം ഷോപ്പ് മാനേജര്‍മാര്‍ക്ക് കൈമാറുമെന്നാണ് സൂചന.

ഈ വിഷയത്തില്‍ ഒഴിച്ച് കൂടാന്‍ പറ്റാത്ത അവസരത്തില്‍ മാത്രമേ പോലീസിനെ വിളിക്കേണ്ടതുള്ളൂവെന്നാണ് ഷോപ്പുടമകള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.രാജ്യത്ത് നിലവിലും കൊറോണ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഷോപ്പിംഗ് വേളയില്‍ മാസ്‌ക് നിര്‍ബന്ധമാക്കുന്നതിലൂടെ ഷോപ്പര്‍മാരിലെ കൊറോണപ്പേടി അകറ്റാനാവുമെന്നാണ് ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹോക്ക് എടുത്ത് കാട്ടുന്നത്. ഇതിന് പുറമെ ഷോപ്പര്‍മാരില്‍ നിന്ന് ഷോപ്പിലെ ജീവനക്കാരിലേക്കും തിരിച്ചും കോവിഡ് പകരുമെന്ന ഭീഷണി ഇല്ലാതാക്കാന്‍ സാധിക്കുമെന്നും ഹാന്‍കോക്ക് അവകാശപ്പെടുന്നു.

സെയില്‍സ് ആന്‍ഡ് റീട്ടെയില്‍ അസിസ്റ്റന്റുമായി സേവനം ചെയ്യുന്നവരില്‍ കൊറോണ മരണനിരക്ക് പുരുഷന്‍മാരില്‍ 75 ശതമാനവും സ്ത്രീകളില്‍ 60 ശതമാനവും അധികമാണെന്ന കാര്യം ഹെല്‍ത്ത് സെക്രട്ടറി മുന്നറിയിപ്പായി എടുത്ത് കാട്ടുന്നു. മാസ്‌ക് ധരിച്ച് ഷോപ്പിംഗ് നിര്‍വഹിക്കുന്നതിലൂടെ ഈ ഭീഷണിയുടെ ആഴം കുറയ്ക്കാനാവുമെന്നും ഹാന്‍കോക്ക് നിര്‍ദേശിക്കുന്നു. ഇത്തരത്തില്‍ ഈ മാസം 24 ന് മാസ്‌ക് നിര്‍ബന്ധമാക്കാന്‍ പോകുന്നതോടെ രാജ്യമാകമാനം മാസ്‌കിന് വന്‍ ഡിമാന്റാണുണ്ടായിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് മാസ്‌കിന്റെ വില കുത്തനെ ഉയര്‍ന്നിട്ടുമുണ്ട്.

Other News in this category4malayalees Recommends