ഇംഗ്ലണ്ടില്‍ കോവിഡ് 19ന് ശേഷം ഹൃദ്രോഗികളുടെ കൂട്ടമരണമുണ്ടാകും; കാരണം കൊറോണക്കാലത്ത് നിര്‍ണായകമായ ഹൃദയപരിശോധനകള്‍ നടത്താത്തത്; ഏപ്രിലിലും മേയിലും ഹാര്‍ട്ട് ടെസ്റ്റുകളില്‍ 200 ശതമാനം ഇടിവ്; വരും നാളുകളില്‍ ഹൃദയം താറുമാറായുള്ള മരണങ്ങളേറുമെന്നുറപ്പ്

ഇംഗ്ലണ്ടില്‍ കോവിഡ് 19ന് ശേഷം ഹൃദ്രോഗികളുടെ കൂട്ടമരണമുണ്ടാകും; കാരണം കൊറോണക്കാലത്ത് നിര്‍ണായകമായ ഹൃദയപരിശോധനകള്‍ നടത്താത്തത്; ഏപ്രിലിലും മേയിലും ഹാര്‍ട്ട് ടെസ്റ്റുകളില്‍ 200 ശതമാനം ഇടിവ്; വരും നാളുകളില്‍ ഹൃദയം താറുമാറായുള്ള മരണങ്ങളേറുമെന്നുറപ്പ്
ഇംഗ്ലണ്ടില്‍ കോവിഡ് 19 പ്രതിസന്ധി കാരണം ഹൃദ്രോഗികള്‍ അത്യാവശ്യ ഹൃദയപരിശോധനകളും ട്രീറ്റ്‌മെന്റുകളും നടത്തുന്നത് ഒഴിവാക്കിയതിനെ തുടര്‍ന്ന് ഹൃദ്രോഗങ്ങള്‍ കാരണമുള്ള മരണങ്ങള്‍ പതിവിലുമധികം കുതിച്ചുയരുമെന്ന മുന്നറിയിപ്പുമായി ചാരിറ്റി ബ്രിട്ടിഷ് ഹാര്‍ട്ട് ഫൗണ്ടഷേന്‍ (ബിഎച്ച്എഫ്) രംഗത്തെത്തി.ലോക്ക്ഡൗണിനിടെ ഇംഗ്ലണ്ടില്‍ പതിവ് നടത്തുന്നതിലും രണ്ട് ലക്ഷത്തോളം കുറവ് ഹാര്‍ട്ട് അള്‍ട്രാസൗണ്ട്‌സുകളാണ് നടത്തിയിരിക്കുന്നത്.

ഇതിന്റെ പ്രത്യാഘാതം പ്രതീക്ഷിച്ചതിനേക്കാള്‍ രൂക്ഷമായിരിക്കുമെന്നും ഹൃദ്രോഗ മരണങ്ങളേറുമെന്നുമാണ് ഈ ചാരിറ്റി ആവര്‍ത്തിച്ച് മുന്നറിയിപ്പേകുന്നത്. ഏപ്രിലിലും മേയിലും പ്രതീക്ഷിച്ചതിനേക്കാള്‍ 200 ശതമാനം കുറവ് ഹൃദയപരിശോധനകളാണ് ഇംഗ്ലണ്ടില്‍ നടന്നിരിക്കുന്നത്. ഹൃദയം വേണ്ട വിധത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തുന്നതിനുളള അള്‍ട്രാസൗണ്ട് സ്‌കാനുകള്‍, എക്കോ ടെസ്റ്റുകള്‍ അല്ലെങ്കില്‍ എക്കോകാര്‍ഡിയോഗ്രാംസ് എന്നാണ് അറിയപ്പെടുന്നത്.

ലോക്ക്ഡൗണ്‍ കാരണം ഇത്തരം ടെസ്റ്റുകള്‍ കുത്തനെ ഇടിഞ്ഞിരിക്കുന്നത് ഗുരുതരാവസ്ഥയിലുള്ള ഹൃദ്രോഗികളുടെ അവസ്ഥ നിര്‍ണയിക്കുന്നതിലും ചികിത്സ വിധിക്കുന്നതിലും തടസമുണ്ടാക്കിയെന്നും അതിനെ തുടര്‍ന്ന് ഇത്തരക്കാരുടെ മരണം കുതിച്ചുയരുമെന്നുമാണ് മുന്നറിയിപ്പ്. ഇത്തരം ടെസ്റ്റുകളിലൂടെ ഹാര്‍ട്ട് ഫെയിലിയര്‍, ഹൃദ്രോഗം, ഹാര്‍ട്ട് അറ്റാക്കില്‍ നിന്നുള്ള കെടുതികള്‍ തുടങ്ങിയവയില്‍ നിന്നും ഓരോ രോഗിയും എത്രമാത്രം കരകയറിയെന്ന് ഡോക്ടര്‍മാര്‍ക്ക് എളുപ്പം തിരിച്ചറിയാനും ഉചിതമായ ചികിത്സ വിധിക്കാനും സാധിക്കും.

എന്നാല്‍ കോവിഡ് പ്രതിസന്ധിയില്‍ ഇത്തരം ടെസ്റ്റുകള്‍ നടത്താന്‍ സാധിക്കാത്തതിനാല്‍ ഇത്തരം നിരവധി രോഗികളുടെ ജീവന്‍ തന്നെ അനിശ്ചിതത്വത്തിലായിരിക്കുന്ന അവസ്ഥയാണുള്ളത്. ഏപ്രിലിലും മേയിലും ഇംഗ്ലണ്ടില്‍ വെറും 87,902 എക്കോ ടെസ്റ്റുകള്‍ മാത്രമാണ് നടത്തിയിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇതേ മാസങ്ങളില്‍ നടത്തിയരുന്ന ഇത്തരം ടെസ്റ്റുകളുടെ എണ്ണം 2,74,235 ആയിരുന്നു. കോവിഡ് കാരണം ഹൃദ്രോഗ ചികിത്സക്ക് പുറമെ കാന്‍സര്‍ പോലുളള നിരവധി രോഗങ്ങളുടെ ചികിത്സകളും താളം തെറ്റിയിട്ടുണ്ട്. ഇതിനാല്‍ കോവിഡില്‍ നിന്നും കരകയറിയാല്‍ എന്‍എച്ച്എസില്‍ മറ്റ് രോഗികളുടെ തള്ളിക്കയറ്റമുണ്ടായി കോവിഡ് കാലത്തേക്കാള്‍ സമ്മര്‍ദമായിരിക്കും എന്‍എച്ച്എസിന് മേലുണ്ടാകുകയെന്ന ആശങ്കയും ശക്തമാണ്.

Other News in this category4malayalees Recommends