*ശരീരബലം വര്‍ദ്ധിപ്പിക്കണം*

*ശരീരബലം  വര്‍ദ്ധിപ്പിക്കണം*

മ്യൂട്ടേഷന്‍ സംഭവിച്ച പുതിയ വൈറസുകള്‍ ഇനിയും അവതാരമെടുക്കാം. അപ്പോഴൊക്കെ പുതിയ വൈറസുകളുടെ ശക്തിക്കു മുമ്പില്‍ നമ്മള്‍ പകച്ചു നിന്നു പോകാനും ഇടയുണ്ട്. കുറച്ചുനാള്‍ കഴിയുമ്പോള്‍ ആ വൈറസിനെതിരെ ഒരു വാക്‌സിനും കണ്ടുപിടിച്ചേക്കാം. എന്നാല്‍ അതിനെയും വെല്ലുന്ന മറ്റൊരു വൈറസ് ആയിരിക്കാം അടുത്തതായി അവതരിക്കുന്നത്.ഇത് ഇടയ്ക്കിടെ ഇനിയും ആവര്‍ത്തിക്കാം.


വൈറസ് ഏതൊക്കെ വേഷത്തില്‍ വന്നാലും അതിനെതിരെ പോരാടാനുതകുന്ന ശരീരബലം ഉള്ളവര്‍ മാത്രമാണ് രക്ഷപ്പെടുന്നത്. കോവിഡ് 19 പിടിപെടുവാന്‍ സാധ്യതയുള്ള, രോഗപ്രതിരോധശേഷി കുറഞ്ഞവരുടെ ഒരു നീണ്ട ലിസ്റ്റ് നമ്മള്‍ കണ്ടതാണല്ലോ?

വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിച്ചാല്‍ എല്ലാവിധ പകര്‍ച്ചവ്യാധികളില്‍ നിന്നും രക്ഷ നേടാം. ഇവ രണ്ടിനേയും ആശ്രയിച്ചാണ് ശരീരബലം ഉണ്ടാകുന്നത്.ഒരാള്‍ കൃത്യനിഷ്ഠയോടെ രാവിലെ ഉണരുന്നതും പല്ലു തേയ്ക്കുന്നതും കുളിക്കുന്നതും ഭക്ഷണം കഴിക്കുന്നതും സമയത്ത് ഉറങ്ങുന്നതും രോഗമില്ലാതിരിക്കുന്നതും അയാളുടെ വ്യക്തിശുചിത്വത്തെ മെച്ചപ്പെടുത്തുന്നുവെന്ന് പറയാം.

നല്ല കാലാവസ്ഥയുള്ളിടത്ത്, ശുദ്ധവായു ലഭിക്കുന്നിടത്ത്, ശുദ്ധജലവും നല്ല ഭക്ഷണവും കഴിച്ച്, നല്ല വാസസ്ഥലത്ത്, സുഹൃത്തുക്കളോടും ബന്ധുക്കളോടും സന്തോഷപ്രദമായ ജീവിതം നയിച്ച്, നല്ല സാമൂഹ്യപശ്ചാത്തലത്തില്‍ ജീവിക്കാന്‍ സാധിക്കുന്നത് ഒരാളിന്റെ പരിസര ശുചിത്വം മെച്ചപ്പെടുത്തുന്നു. ഇവ രണ്ടും മെച്ചമായിരുന്നാല്‍ മാത്രം ആരോഗ്യമുണ്ടാകുന്നു. എന്നാല്‍ പരിസരത്തുള്ള ജീവികളില്‍ ഉണ്ടാകുന്ന അനാരോഗ്യവും പകര്‍ച്ചവ്യാധികളുമെല്ലാം വ്യക്തിശുചിത്വം മെച്ചമായിരിക്കുന്ന ഒരാളിലും അസുഖത്തെ ഉണ്ടാക്കാം. കൂട്ടായ പരിശ്രമങ്ങളിലൂടെയും സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെയും മാത്രമേ പരിസരശുചിത്വം സാധ്യമാകൂ.

കോവിഡ് 19 നാശം വിതച്ച പലരാജ്യങ്ങളിലും കാണുമ്പോഴുള്ള വൃത്തിയല്ലാതെ ആരോഗ്യമുള്ള സാഹചര്യം ഉണ്ടായിരുന്നില്ലെന്ന് വ്യക്തം. അങ്ങനെയുള്ള ഒരു രാജ്യത്ത് വ്യക്തിശുചിത്വം പരമാവധി പാലിക്കുന്ന പൗരന് പോലും അതിന്റെ ഫലം ലഭിക്കണമെന്നില്ല. അപ്പോള്‍പിന്നെ വ്യക്തിശുചിത്വവും കുറവുള്ള ഒരാളിന് ഉണ്ടാകാവുന്ന പ്രശ്‌നങ്ങള്‍ പ്രത്യേകം പറയേണ്ടതില്ലല്ലോ?

ശരീരബലം വര്‍ദ്ധിപ്പിക്കുവാന്‍ വ്യക്തിപരമായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ?

*ഭക്ഷണം*

അവനവന്റെ കാലാവസ്ഥയ്ക്ക് ഇണങ്ങുന്നതും, ദഹനശക്തിയ്ക്കനുസരിച്ചും ,ആരോഗ്യം ലഭിക്കണമെന്ന ഉദ്ദേശത്തോടെയും, ശീലിച്ചിട്ടുള്ളതുമായ ഭക്ഷണത്തിനു മാത്രമാണ് പ്രാധാന്യം നല്‍കേണ്ടത്. നല്ല നിറവും മണവും രുചിയും ആകൃതിയുമുള്ള ഭക്ഷണമാണ് നല്ലതെന്ന നമ്മുടെ കാഴ്ചപ്പാട് മാറുക തന്നെ വേണം.

തൈരിനേക്കാള്‍ മോരിനും ചിക്കനേക്കാള്‍ വെജിറ്റബില്‍സിനും തണുത്തവെള്ളത്തേക്കാള്‍ ചൂടാറ്റിയ വെള്ളത്തിനും ബിരിയാണിയേക്കാള്‍ കഞ്ഞിക്കും പ്രാധാന്യം പറയുന്നത് എന്തുകൊണ്ടാണെന്ന് ഊഹിക്കാമല്ലോ?

ഭക്ഷണം ശരിയായി കഴിച്ചാല്‍ അതുതന്നെ ഒരു പരിധിവരെ മരുന്നു പോലെ പ്രവര്‍ത്തിക്കും. ആയുര്‍വേദമരുന്നില്‍ ചേര്‍ക്കുന്ന പല വസ്തുക്കളും ഭക്ഷണത്തിന്റെ ഭാഗമാകുന്നതും വെറുതെയല്ല.സമയത്ത് കഴിക്കുക, കുളിച്ച ശേഷം കഴിക്കുക,വിശക്കുമ്പോള്‍ കഴിക്കുക, കാലാവസ്ഥയ്ക്കനുസരിച്ച് ചൂടും ഉപ്പും മുളകും തണുപ്പും ഒക്കെ വ്യത്യാസപ്പെടുത്തുക, അല്പമായും അമിതമായും കഴിക്കാതിരിക്കുക, പലവിധ ഭക്ഷണം കഴിക്കുക, എന്ത് കഴിച്ചാലും അത് രോഗത്തെ ഉണ്ടാക്കുന്നതാണോ അതോ ആരോഗ്യത്തിന് നല്ലതോ എന്ന് ചിന്തിക്കുക, അസമയത്തും ദഹനത്തെ കുറയ്ക്കുന്നതും വിരുദ്ധമായതും കഴിക്കാതിരിക്കുക, ഭക്ഷണം ശരീരത്തെ തടിപ്പിക്കുന്നതാണോ അതോ മെലിയിപ്പിക്കുന്നതാണോ എന്ന് അന്വേഷിച്ചറിയുക തുടങ്ങി നിരവധി കാര്യങ്ങള്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. കാണുന്നതെന്തും കിട്ടുന്ന അളവില്‍ ഭക്ഷിച്ച് ആരോഗ്യം സംരക്ഷിക്കാന്‍ സാധിക്കില്ല. അത്തരം ആള്‍ക്കാര്‍ വേഗത്തില്‍ രോഗിയായി തീരുകയും ചെയ്യും.

*കൃത്യനിഷ്ഠ*

നേരത്തെ എഴുന്നേല്‍ക്കുക, ഉടനെ പല്ലുതേക്കുക, കുളിച്ച ശേഷം മാത്രം ഭക്ഷണം കഴിക്കുക, ശീലിച്ച സമയത്ത് കഴിക്കുക, രാത്രി കിടക്കുന്നതിന് ഒന്നര മണിക്കൂറെങ്കിലും മുമ്പേ ഭക്ഷണം കഴിക്കുക,ഭക്ഷണം കഴിഞ്ഞു നേരത്തെ ഉറങ്ങാന്‍ കിടക്കുക, ഭക്ഷണം എളുപ്പം ദഹിക്കുന്നതായിരിക്കുക തുടങ്ങിയവ പ്രായം ചെന്നാലും പരമാവധി പാലിക്കുവാന്‍ ശ്രമിക്കുക. തീരെ ചെറിയ പ്രായത്തില്‍ തന്നെ ശീലിക്കുന്നവര്‍ക്ക് വാര്‍ദ്ധക്യത്തിലും ആരോഗ്യത്തോടെ യിരിക്കുവാനും ശരീരബലം ലഭിക്കുവാനും ഇടയുള്ള ഒരു ലഘുവായ മാര്‍ഗമാണ് കൃത്യനിഷ്ഠ.

*വ്യായാമം*

ലഘുവ്യായാമങ്ങള്‍ ഒരിക്കലും വേണ്ടെന്ന് വയ്ക്കരുത്. പ്രത്യേകിച്ചും പ്രായം വര്‍ധിച്ചു വരുമ്പോള്‍. നമ്മുടെ സമൂഹത്തില്‍ ഇപ്പോഴും 16 വയസ്സിനുമുമ്പ് പോലും ജീവിതശൈലിരോഗങ്ങള്‍ ഉണ്ടാകുന്നവരും 80 വയസ്സിലും ഇതൊന്നും ഇല്ലാത്തവരുമുണ്ട്. വ്യായാമം പ്രായത്തിനും ആരോഗ്യത്തിനും അനുസരിച്ചുള്ളതും ശരീരത്തിനും മനസ്സിനും സുഖം നല്‍കുന്നതും ആയിരിക്കണം. അപ്രകാരമല്ലാത്ത വ്യായാമം ശരീരത്തേയും മനസ്സിനേയും വേഗം ക്ഷീണിപ്പിക്കുകയും ആയുസ്സ് കുറയ്ക്കുകയും ചെയ്യും.

*ഉറക്കം*

ഗാഢനിദ്ര ലഭിക്കുന്നവര്‍ക്ക് ശരിയായ വിശ്രമം തലച്ചോറിനും മനസ്സിനും ലഭിക്കുന്നതിലൂടെ ക്ഷീണം മാറി വളരെ ശുഭകരമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കുവാന്‍ സാധിക്കും.

*ദിനചര്യ*

എപ്പോള്‍ ഉണരണം, എന്തുപയോഗിച്ച് പല്ല് തേയ്ക്കണം, എണ്ണ തേയ്ക്കുമ്പോഴും കുളിക്കുമ്പോഴും എന്തൊക്കെ ശ്രദ്ധിക്കണം, മൂക്കില്‍ മരുന്ന് ഇറ്റിക്കേണ്ട ആവശ്യമെന്ത്? എങ്ങനെയുള്ള ഭക്ഷണമാണ് നല്ലത്? വ്യായാമം, ഉറക്കം എന്നിങ്ങനെ ഒരു ദിവസം ചെയ്യേണ്ടവ എന്തൊക്കെ? എന്തൊക്കെ പാടില്ല എന്ന് 5000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആയുര്‍വേദം പറഞ്ഞുവെച്ചിട്ടുണ്ട്. അവ അനുസരിക്കുന്നവര്‍ക്ക് ഇന്നും ശാരീരികശേഷി വര്‍ധിക്കുന്നതിലൂടെ ആരോഗ്യം നിലനിര്‍ത്താനാകുന്നു.

*കാലാവസ്ഥാചര്യ*

കാലാവസ്ഥയിലുണ്ടാകുന്ന വ്യത്യാസമനുസരിച്ച് സകല ജീവജാലങ്ങള്‍ക്കും വ്യത്യാസമുണ്ടാകും. അതിനനുസരിച്ച ലക്ഷണങ്ങള്‍ പ്രപഞ്ചത്തിലെന്നപോലെ ഓരോ ജീവജാലങ്ങളിലും പ്രകടമാവുന്നു. ആയത് പരിഹരിക്കണമെങ്കില്‍ അന്തരീക്ഷത്തില്‍ ചൂട് കൂടുമ്പോള്‍ നമ്മുടെ ശരീരത്തിലെ ചൂട് കുറയ്ക്കുവാന്‍ കഴിയുന്ന ഭക്ഷണക്രമത്തിനും ശീലങ്ങള്‍ക്കും പ്രാധാന്യം നല്‍കുക.അന്തരീക്ഷത്തില്‍ തണുപ്പ് കൂടുമ്പോള്‍ ചൂടു കൂട്ടുന്ന ഭക്ഷണവും ശീലങ്ങളും ആണ് വേണ്ടത്.അങ്ങനെ നമ്മള്‍ തന്നെ കാലാവസ്ഥയ്ക്കനുസരിച്ച് ചില മാറ്റങ്ങള്‍ക്ക് വിധേയമാകുക.

അതല്ലെങ്കില്‍ കാലാവസ്ഥയ്ക്ക് അനുസരിച്ച രോഗങ്ങള്‍ ബാധിക്കാനിടയുണ്ട്. കാലാവസ്ഥയ്ക്കനുസരിച്ച് ശീലങ്ങള്‍ മാറ്റുന്നതിലൂടെ രോഗ കാരണങ്ങളില്‍ നിന്ന് രക്ഷ പ്രാപിക്കാനാകും. ചൂട് കൂടുമ്പോള്‍ വര്‍ദ്ധിക്കുന്ന വൈറസ്,തണുപ്പിലും മഴയിലും വര്‍ദ്ധിക്കുന്ന വൈറസ് ഇവയൊക്കെ നമുക്ക് ചുറ്റിലും ഉള്ളപ്പോഴും ആരോഗ്യം മെച്ചമാണെങ്കില്‍ രോഗത്തിന്റെ പിടിയില്‍ അകപ്പെടില്ല.

*മരുന്നും ചികിത്സയും*

എപ്പോഴും ആരോഗ്യത്തോടെ യിരിക്കുവാന്‍ സാധിക്കുന്നവര്‍ക്കാണ് ഏറ്റവും കൂടുതല്‍ ശരീരബലമുള്ളതെന്ന് പറയാം. ഇടയ്ക്കിടെ രോഗങ്ങള്‍ വരുന്നവര്‍ക്കും രോഗശമനത്തിനായിട്ടാണെങ്കിലും ശക്തിയേറിയ മരുന്ന് ഉപയോഗിക്കേണ്ടി വരുന്നവര്‍ക്കും ആരോഗ്യം കുറയാം.അസുഖത്തിന് മരുന്ന് ഉപയോഗിക്കാന്‍ പാടില്ല എന്നല്ല. ഓരോ ചെറിയ ബുദ്ധിമുട്ടുകള്‍ക്ക് പോലും മരുന്ന് ഉപയോഗിക്കുന്ന രീതി ഇക്കാലത്ത് ശക്തി പ്രാപിച്ചിട്ടുണ്ട്. ലോക് ഡൗണ്‍ കാലത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട വിഷയങ്ങളില്‍ ഒന്ന് മരുന്ന് ഉപയോഗിക്കാനോ ആശുപത്രിയില്‍ പോകാനോ സാധിക്കാതെ, അസുഖമില്ലാതെയും പരാതി ഇല്ലാതെയും വീട്ടിലിരുന്ന മലയാളികളെ കുറിച്ചും ആയിരുന്നല്ലോ? മൂക്കിന്‍ തുമ്പത്ത് വന്നിരിക്കുന്ന ഈച്ചയെ നമുക്ക് കൈകൊണ്ട് ആട്ടിപ്പായിക്കാം. എന്നാല്‍ വാളെടുത്ത് വെട്ടി ഓടിക്കണോ? വളരെ ചെറിയ ബുദ്ധിമുട്ടുകള്‍ക്ക് പോലും അതിശക്തമായ മരുന്നുകള്‍ കഴിക്കുന്നവരെ കാണുമ്പോള്‍ ഇങ്ങനെ ചോദിക്കുന്നവരെ കുറ്റം പറയാനാകില്ല.

ഡോക്ടര്‍ ഒരിക്കല്‍ നിര്‍ദ്ദേശിച്ചെന്നുവെച്ച് തുടര്‍ച്ചയായി വേദനസംഹാരികളും ആന്റിബയോട്ടിക്കുകളും അരിഷ്ടങ്ങളും അസിഡിറ്റിക്ക് ഉള്ളതും ഉള്‍പ്പെടെ വാങ്ങി കഴിക്കുന്നവരുടെ എണ്ണവും കുറവല്ല. എന്തിനും ഏതിനും ഭക്ഷണം കഴിക്കുന്നത് പോലെ മരുന്നു കഴിക്കുന്ന രീതി തീരെ ശരിയായ ഒന്നല്ല. വളരെ അത്യാവശ്യത്തിനും ജീവന്‍ രക്ഷിക്കുന്നതിനുവേണ്ടിയും ആകണം മരുന്ന് ഉപയോഗിക്കേണ്ടത്. സ്വയംചികിത്സിക്കുവാനും വാട്‌സ്ആപ്പ് വൈദൃത്തിന്റെ പുറകേ പോകുവാനും അര്‍ഹതയില്ലാത്തവരുടെ ചികിത്സാ നിര്‍ദ്ദേശങ്ങളും അമിത പഥ്യങ്ങളും അല്പം പോലും തെറ്റാതെ പാലിക്കുവാനും തയ്യാറുള്ളവര്‍ നിരവധിയാണ്. വിലയ്ക്കുവാങ്ങാവുന്നതല്ല ആരോഗ്യം എന്നും ദീര്‍ഘകാലത്തെ പ്രയത്‌നത്താല്‍ ലഭിക്കുന്ന ആരോഗ്യം അല്പ ലാഭത്തിനായി നശിപ്പിക്കരുതെന്നും ഓര്‍മ്മിപ്പിക്കട്ടെ.


ഡോ. ഷര്‍മദ് ഖാന്‍

സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍

ആയുര്‍വേദ ദിസ്‌പെന്‌സറി

ചേരമാന്‍ തുരുത്ത്

തിരുവനന്തപുരം .

Other News in this category4malayalees Recommends