'കാര്യങ്ങള്‍ കൈവിട്ടു പോയപ്പോള്‍ സഹോദരിയെ വിളിച്ച് രക്ഷിക്കണമെന്ന് സുശാന്ത് ആവശ്യപ്പെട്ടിരുന്നു; വിശ്വസ്തരെ ഒഴിവാക്കി റിയ സ്വന്തം ആളുകളെ സുശാന്തിനടുത്ത് നിയമിച്ചു'; സുശാന്തിന്റെ മരണത്തില്‍ പുതിയ വെളിപ്പെടുത്തലുമായി കുടുംബം

'കാര്യങ്ങള്‍ കൈവിട്ടു പോയപ്പോള്‍ സഹോദരിയെ വിളിച്ച് രക്ഷിക്കണമെന്ന് സുശാന്ത് ആവശ്യപ്പെട്ടിരുന്നു; വിശ്വസ്തരെ ഒഴിവാക്കി റിയ സ്വന്തം ആളുകളെ സുശാന്തിനടുത്ത് നിയമിച്ചു'; സുശാന്തിന്റെ മരണത്തില്‍ പുതിയ വെളിപ്പെടുത്തലുമായി കുടുംബം

സുശാന്ത് സിങ് രജ്പുത്തിന്റെ ജീവന്‍ അപകടത്തിലാണെന്ന് കാണിച്ച് മുംബൈ പൊലീസിന് പരാതി നല്‍കിയിരുന്നതായുള്ള വിവരങ്ങള്‍ പുറത്തുവിട്ട് താരത്തിന്റെ കുടുംബം. ഫെബ്രുവരിയില്‍ കുടുംബം മുംബൈ പൊലീസിന് പരാതി നല്‍കിയിരുന്നു. ഈ പരാതി നേരത്തെ സ്വീകരിച്ച് അന്വേഷണം നടത്തിയിരുന്നെങ്കില്‍ ദുരന്തം ഒഴിവാക്കാമായിരുന്നു എന്നാണ് താരത്തിന്റെ കുടുംബം പറയുന്നത്.


ജൂണ്‍ 14നാണ് സുശാന്ത് ബാന്ദ്രയിലെ വസതിയില്‍ തൂങ്ങി മരിച്ചത്. എന്നാല്‍ ഫെബ്രുവരി 25നായിരുന്നു പരാതി നല്‍കിയത്. സുശാന്ത് മരിച്ചതിന് ശേഷമാണ് പൊലീസ് ഉണരുന്നത്. അതിനാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്നും കുടുംബം പറയുന്നു. നടിയും താരത്തിന്റെ കാമുകിയുമായ റിയക്കെതിരെയുള്ള പരാതിയുടെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്.

സുശാന്തിന്റെ സഹോദരി ഭര്‍ത്താവ് ഒ.പി സിങ്ങും ഉന്നത പൊലീസ് ഉദ്യോഗസ്ഥനും തമ്മിലുള്ള സംഭാഷണങ്ങളാണിത്. റിയയും കുടുംബവും സുശാന്തിനെ ഒരു റിസോര്‍ട്ടിലേക്ക് കൊണ്ടു പോയതായും കുടുംബാംഗങ്ങള്‍ക്ക് അദ്ദേഹവുമായി ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നും സന്ദേശങ്ങളില്‍ പറയുന്നു.സുശാന്തിന്റെ ബിസിനസ് കാര്യങ്ങള്‍ റിയയുടെ കുടുംബമാണ് നോക്കുന്നത്. കാര്യങ്ങള്‍ കൈവിട്ടു പോയപ്പോള്‍ സഹോദരിയെ വിളിച്ച് രക്ഷിക്കണമെന്ന് സുശാന്ത് ആവശ്യപ്പെട്ടിരുന്നു. 3 ദിവസത്തോളം സഹോദരിക്കൊപ്പം അദ്ദേഹം താമസിച്ചിരുന്നു. അദ്ദേഹത്തിന്റെ വിശ്വസ്തരെ ഒഴിവാക്കി റിയ സ്വന്തം ആളുകളെ സുശാന്തിനടുത്ത് നിയമിച്ചെന്നും സന്ദേശങ്ങളിലുണ്ട്.

അതേസമയം, റിയ ചക്രബര്‍ത്തിക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമന്‍സ് അയച്ചു. ഓഗസ്റ്റ് ഏഴ് വെള്ളിയാഴ്ച ഹാജരാകാനാണ് റിയയ്ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍, സുശാന്തിന്റെ പണം വ്യക്തിഗത ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചു എന്ന സംശയത്തിന്റെയും അടിസ്ഥാനത്തില്‍ നല്‍കിയ പരാതിയിലാണ് റിയയോടും നടിയുടെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടിനോടും ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Other News in this category4malayalees Recommends