ബ്രിട്ടനില്‍ ഇന്ന് ഈ വര്‍ഷത്തെ ഏറ്റവും ചൂടേറിയ ദിവസം; താപനില 38 ഡിഗ്രി സെല്‍ഷ്യസിലെത്തും; കാരണം രാജ്യത്ത് ആഞ്ഞടിക്കുന്ന സഹാറന്‍ വായുപ്രവാഹം; രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന താപനിലയായ കഴിഞ്ഞ ജൂലൈയിലെ 38.7 ഡിഗ്രിയെ വരെ മറി കടന്നേക്കാം

ബ്രിട്ടനില്‍ ഇന്ന് ഈ വര്‍ഷത്തെ ഏറ്റവും ചൂടേറിയ ദിവസം; താപനില 38 ഡിഗ്രി സെല്‍ഷ്യസിലെത്തും; കാരണം രാജ്യത്ത് ആഞ്ഞടിക്കുന്ന സഹാറന്‍ വായുപ്രവാഹം; രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന താപനിലയായ കഴിഞ്ഞ ജൂലൈയിലെ 38.7 ഡിഗ്രിയെ വരെ മറി കടന്നേക്കാം
ബ്രിട്ടനില്‍ ഈ വര്‍ഷത്തെ ഏറ്റവും ചൂടേറിയ ദിവസമായിരിക്കും ഇന്ന് രേഖപ്പെടുത്തുകയെന്നും തല്‍ഫലമായി രാജ്യത്തെ താപനില 38 ഡിഗ്രി സെല്‍ഷ്യസിലെത്തുമെന്നാണ് ഏറ്റവും പുതിയ കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ലണ്ടനില്‍ താപനില 37.8 ഡിഗ്രി രേഖപ്പെടുത്തിയിരുന്നു. രാജ്യത്ത് കൂടി ആഞ്ഞടിക്കുന്ന സഹാറന്‍ വായുപ്രവാഹത്തെ തുടര്‍ന്നാണ് താപനില ഇത്രയും ഉയരാന്‍ കാരണമാകുന്നത്. ഈ വീക്കെന്‍ഡിലെത്തുന്ന കടുത്ത ഉഷ്ണതരംഗപ്രവാഹത്തിന് മുന്നോടിയായിട്ടാണ് താപനില ഇത്രയധികം വര്‍ധിക്കുന്നതെന്നാണ് നിഗമനം.

യുകെയുടെ ചരിത്രത്തിലെ ഏററവും വര്‍ധിച്ച താപനിലയായ 38.7 ഡിഗ്രി രേഖപ്പെടുത്തിയിരുന്നത് കഴിഞ്ഞ ജൂലൈയില്‍ കേംബ്രിഡ്ജിലായിരുന്നു. ആ റെക്കോര്‍ഡിനെ വരെ ഇന്നത്തെ താപനില മറി കടന്നേക്കാമെന്ന ആശങ്കയും ശക്തമാണ്. ഇന്ന് ലണ്ടനിലും സൗത്ത് ഈസ്റ്റിലും താപനില 37 ഡിഗ്രിയെങ്കിലുമാകുമെന്നാണ് പ്രവചനം. കഴിഞ്ഞ വെള്ളിയാഴ്ച ലണ്ടന്‍ ഹീത്രോ എയര്‍പോര്‍ട്ടില്‍ രേഖപ്പെടുത്തിയ താപനിലയെ ഇത് മറി കടന്നേക്കാമെന്നും പ്രവചനമുണ്ട്.

നോര്‍ത്തിലും വെസ്റ്റിലും താപനില ഇന്ന് 28 ഡിഗ്രിയായിരിക്കുമെന്നും അടുത്ത ആഴ്ച നല്ല കാലാവസ്ഥ പ്രതീക്ഷിക്കാമെന്നും ഓഗസ്റ്റിലെ ആദ്യ പകുതിയില്‍ നല്ല കാലാവസ്ഥ തന്നെയായിരിക്കുമെന്നുമാണ് കാലാവസ്ഥാ പ്രവചനം.ഇതിനിടെ ചിലയിടങ്ങളില്‍ മഴയും ഇടിയോട് കൂടിയ കാറ്റുമുണ്ടാകുമെന്നും പ്രവചനമുണ്ട്. വരുന്ന ചൊവ്വാഴ്ച വരെ സൗത്തില്‍ താപനില 30 ഡിഗ്രിക്ക് മേല്‍ തന്നെ തുടരുമെന്നാണ് പ്രവചനം. 2019 ജൂലൈക്ക് ശേഷം രാജ്യത്തെത്തുന്ന ആദ്യത്തെ ഹീറ്റ് വേവാണ് ഈ വീക്കെന്‍ഡിലെത്താന്‍ പോകുന്നതെന്നും ഫോര്‍കാസ്റ്റര്‍മാര്‍ പറയുന്നു.

ഇത്തരത്തില്‍ ചൂട് പതിവിലുമധികം ഉയരുന്നത് പ്രായമായവര്‍ക്കും കുട്ടികള്‍ക്കും രോഗികള്‍ക്കും കടുത്ത ആരോഗ്യഭീഷണിയുയര്‍ത്തുമെന്നും അത്തരക്കാര്‍ കരുതലെടുക്കണമെന്നുമാണ് മെറ്റ് ഓഫീസ് മുന്നറിയിപ്പേകുന്നത്. ഇതിനെ തുടര്‍ന്ന് മെറ്റ് ഓഫീസ് ലെവല്‍ ത്രീ ഹീറ്റ് ഹെല്‍ത്ത് അലേര്‍ട്ട് പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. നല്ല ചൂടിനാലും തെളിമയുള്ള കാലാവസ്ഥയാലും പ്രലോഭിതരായി ആളുകള്‍ പാര്‍ക്കുകളിലേക്കും ബീച്ചുകളിലേക്കും മറ്റും സാമൂഹിക അകലം ലംഘിച്ച് ഒഴുകിയെത്തുന്നത് കൊറോണപ്പകര്‍ച്ചയേറ്റുമെന്ന ആശങ്കയും ശക്തമാണ്.


Other News in this category4malayalees Recommends