യുകെയില്‍ ഇന്നലെ 98 പുതിയ കോവിഡ് മരണങ്ങളും 871 പുതിയ രോഗികളും; പ്രതിദിനം 3700 പേര്‍ രോഗികളാകുന്നുവെന്ന് ഒഎന്‍എസ്; കഴിഞ്ഞ വാരത്തില്‍ രോഗവ്യാപനിരക്കില്‍ 12 ശതമാനം ഇടിവ്;ഇന്നലെ വെയില്‍ കായാന്‍ സാമൂഹിക അകലം ലംഘിച്ചവരിലൂടെ രോഗവ്യാപനമേറുമെന്ന് ആശങ്ക

യുകെയില്‍ ഇന്നലെ 98 പുതിയ കോവിഡ് മരണങ്ങളും 871 പുതിയ രോഗികളും;  പ്രതിദിനം 3700 പേര്‍ രോഗികളാകുന്നുവെന്ന് ഒഎന്‍എസ്; കഴിഞ്ഞ വാരത്തില്‍ രോഗവ്യാപനിരക്കില്‍ 12 ശതമാനം ഇടിവ്;ഇന്നലെ വെയില്‍ കായാന്‍ സാമൂഹിക അകലം ലംഘിച്ചവരിലൂടെ രോഗവ്യാപനമേറുമെന്ന് ആശങ്ക
യുകെയില്‍ ഇന്നലെ 98 പുതിയ കോവിഡ് മരണങ്ങളും 871 പുതിയ രോഗികളുമാണെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് ജൂലൈയില്‍ കോവിഡ് വ്യാപന നിരക്ക് കുത്തനെ ഉയര്‍ന്ന് രണ്ടാം വരവിനുള്ള സാധ്യത ശക്തമായിരുന്നുവെങ്കിലും കഴിഞ്ഞ വാരത്തില്‍ ഈ തോതില്‍ 12 ശതമാനം ഇടിവുണ്ടായത് കടുത്ത ആശ്വാസമേകുന്നു. പക്ഷേ ആയിരങ്ങളുടെ സ്വാബ് ടെസ്റ്റുകളിലൂടെ വൈറസ് നിരക്ക് നിരീക്ഷിക്കുമ്പോള്‍ തെളിയുന്ന ചിത്രം ഭീകരമാണെന്നാണ് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിറ്റിക്‌സ് വെളിപ്പെടുത്തുന്നത്.

ഇത് പ്രകാരം രാജ്യത്ത് നിലവില്‍ ഓരോ ദിവസവും 3700 പേര്‍ കൊറോണ രോഗികളാകുന്നുവെന്നാണ് വ്യക്തമായിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ആഴ്ച ഇവരുടെ എണ്ണം 4200 ആയതില്‍ നിന്നുള്ള താഴ്ചയാണെന്നത് കടുത്ത ആശ്വാസമേകുന്നു.ഇന്നലെ യുകെയില്‍ കൊറോണ പിടിച്ച് മരിച്ച 98 പേരില്‍ ഭൂരിഭാഗവും ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് ആശുപത്രികളില്‍ ചികിത്സയിലുള്ളവരാണ്.വെയില്‍സിലുള്ള ഏഴ് പേരുടെ ജീവനാണ് ഇന്നലെ കോവിഡ് കവര്‍ന്നെടുത്തത്. സ്‌കോട്ട്‌ലന്‍ഡിലും നോര്‍ത്തേണ്‍ അയര്‍ലണ്ടിലും ഇന്നലെ കോവിഡ് പിടിപെട്ട് ആരും മരിച്ചിട്ടില്ല.

രാജ്യത്ത് മരണനിരക്കില്‍ ഇത്തരത്തില്‍ ഇടിവുണ്ടാകുന്നുവെങ്കിലും അത് പ്രതീക്ഷിച്ചത്ര വേഗത്തില്‍ ഇടിയുന്നില്ലെന്നതാണ് ഉത്കണ്ഠയുണ്ടാക്കുന്നത്. വൈറസിന്റെ പുനരുല്‍പാദന നിരക്കായ ആര്‍ നിരക്ക് 0.8നും 0.9നും ഇടയില്‍ നിലകൊണ്ടിരുന്നിടത്ത് നിന്നും 0.8നും ഒന്നിനും മധ്യത്തിലേക്ക് വര്‍ധിച്ചതും ഭീതിയുയര്‍ത്തുന്നുണ്ട്. ഒരു കോവിഡ് രോഗിയില്‍ നിന്നും മറ്റ് എത്ര പേരിലേക്ക് കോവിഡ് പകരുന്നുവെന്ന നിരക്കാണ് ആര്‍ നിരക്ക് എന്നറിയപ്പെടുന്നത്. ഇത് ഒന്നിന് താഴെ നിലകൊണ്ടാല്‍ അപകടമില്ലെന്നാണ് വിലയിരുത്തുന്നത്.

അതിനിടെ ഇന്നലെ 17 വര്‍ഷത്തിനിടെയുള്ള ഏറ്റവും ഊഷ്മാവുയര്‍ന്ന ഓഗസ്റ്റിലെ ദിവസമെത്തിയത് വന്‍ പ്രതിസന്ധിയാണുണ്ടാക്കിയത്. വെയിലും വെട്ടവും കണ്ട് പ്രലോഭിതരായി നിരവധി പേര്‍ ബീച്ചുകളിലേക്കും പാര്‍ക്കുകളിലേക്കും മറ്റും കൂട്ടം കൂടി കുതിച്ചെത്തിയിരുന്നു. യാതൊരു വിധത്തിലുള്ള സാമൂഹിക അകല നിയമങ്ങളും പാലിക്കാത്ത ഇവരിലൂടെ കോവിഡ് വ്യാപനം വീണ്ടും ശക്തമാകുമെന്ന ആശങ്കയും വര്‍ധിച്ചിട്ടുണ്ട്. ഇന്നലെ ഡോര്‍സെറ്റിലെയും ബ്രൈറ്റണിലെയും ബീച്ചുകളില്‍ വെയില്‍ നുകരനായി ആയിരക്കണക്കിന് പേരാണ് കൂട്ടം കൂടിയെത്തിയിരുന്നത്.

Other News in this category4malayalees Recommends